സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കഥകൾ.

വിലയില്ലാത്ത നാണയത്തുട്ടുകൾ.

 
സഫിയ മുഹിയദ്ദീൻ


മഴനാരുകൾ കെട്ടുപിണഞ്ഞു കിടന്ന മുറ്റത്തിനരികിൽ  നാരായണൻ മറവി ബാധിച്ചവനെപ്പോലെ സംശയിച്ചു നിന്നു. കൗശലക്കാരനായ രാത്രി വീശിയെറിഞ്ഞ ഇരുട്ടിന്റെ നേർത്ത വലക്കണ്ണികളെ പൊട്ടിച്ച് വെളിച്ചം ശ്രമപ്പെട്ട് അകത്തേക്ക് കയറി. ദേവകിയുടെ ചൂലിന്റ ഈർക്കിലികൾ പ്ലാവിൻ ചുവട്ടിൽ നൃത്തം ചെയ്തു തുടങ്ങിയിരുന്നു. മറന്നതെന്തോ ഓർത്തെടുത്ത പോലെ നാരായണൻ വീണ്ടും അകത്തേക്കു കയറി. വാലിൽ തൂങ്ങി കിടന്നാടുന്ന മാസ്കെടുത്ത് മുഖം പാതി മറച്ച് വീണ്ടും പുറത്തിറങ്ങി.

"ഇങ്ങളിത് പൊലർച്ചെ എങ്ങോട്ട് പോണ്" ? ചോദ്യവുമായി ദേവകി അടുത്തെത്തി. നൃത്തം മതിയാക്കിയ ചൂൽ ഇറയത്ത് ചാരിയിരുന്നു.

" പീടികേലൊന്ന് പോയി നോക്കട്ടെ". വാക്കുകൾ മാസ്കിനുള്ളിൽ ശ്വാസത്തിനായി പിടഞ്ഞു.

"ഇക്കൊല്ലവും സ്കൂളൊന്നും തൊറക്ക്ണില്ലാന്ന് പറഞ്ഞ് കേട്ട്.''

''ആകെ പൊടി കേറീട്ടുണ്ടാകും പോയി നോക്കട്ടെ.''

പുറകെ വന്ന വാക്കുകൾ ഇടവഴിയിൽ നിന്ന് മുറ്റത്തേക്ക് കയറി.മരച്ചില്ലകളിൽ തങ്ങി നിന്ന മഴത്തുള്ളികളെ നാരായണനിലേക്ക് കുടഞ്ഞിട്ട് കാറ്റിനൊപ്പം ഇലകളും ചിരിച്ചു.മൗനം പുതച്ചു കിടന്ന ടാറിട്ട റോഡിനരികിലെത്തിയതും വാസുവിന്റെ സൈക്കിൾബെൽ കാതിലെത്തി. " ഇങ്ങളിത് എങ്ങോട്ടാ നാരായണേട്ടാ ?" അത്ഭുതം കണ്ണുകളിൽ തുളുമ്പിത്തെറുപ്പിച്ച് വാസു അടുത്തെത്തി. "പീടികേൽക്ക് ..." മുഴുവനാക്കും മുമ്പ് വാസു ഇടയിൽ കയറി. "രോഗം വന്നങ്ങട്ട് പോയാലേ ദേവകിയേടത്തിക്ക് അടുത്തിരുന്നൊന്ന് നെഞ്ചത്തടിച്ച് കരയാനും കൂടെ പറ്റൂല ട്ടോ. ഞാനിട്ണ പത്രത്തില് പോട്ടം വരുത്തല്ലേ നാരായണേട്ടാ ". വാസു വളവിൽ അപ്രത്യക്ഷനായി.അച്ഛന്റെ അതേ പ്രകൃതം തന്നെ മകനും. ചോര കട്ടപിടിച്ച മുഖവുമായി ചിതറിത്തെറിച്ച പത്രത്താളുകൾക്കിടയിൽ കിടന്ന വാസുവിന്റെ അച്ഛനെയോർക്കുമ്പോഴൊക്കെ നേർത്തൊരു വിറയൽ നാരായണന്റെ ശരീരമാകെ പടർന്നു കയറും. പാതി പണിതിട്ട വീടിനുള്ളിൽ നെടുവീർപ്പു കൊണ്ട് മിണ്ടി പറഞ്ഞ നാല് ആൾ രൂപങ്ങൾ. നാലിനേയും ചുമലിലേറ്റാൻ വാസുവെന്ന പത്താം ക്ലാസുകാരന് കരുത്തുണ്ടായിരുന്നില്ല . ദിവസവും വാസു നടന്നു തീർക്കുന്ന വഴിയുടെ നീളമളക്കാൻ ആർക്കും കഴിയാറില്ല. പുറത്തിറങ്ങാനാകാതെ വീടിനുള്ളിൽ തളച്ചിടപ്പെട്ടവർക്കൊക്കെ വാസുവാണ് ആശ്വാസം . നാട്ടിലെ എന്താവശ്യങ്ങൾക്കും മുന്നിലുണ്ടാകുന്നതും വാസുവാണ്.

ദൂരെ ചിറകു വിടർത്തി നിൽക്കുന്നൊരു വലിയ പക്ഷിയെ പോലെ ആകാശം തെളിഞ്ഞു വന്നു. പുറത്തിറങ്ങിയിട്ട് ദിവസങ്ങളായതിന്റെ കിതപ്പ് നാരായണന്റെ നെഞ്ചിനുള്ളിൽ മുട്ടിത്തിരിഞ്ഞു. പൂട്ടിയിട്ട സ്കൂൾ ഗേറ്റിനപ്പുറം ഇല മൂടിക്കിടക്കുന്ന മുറ്റം .പുതിയ കുട്ടികളെത്തേണ്ട ദിവസമാണ്. ഒരാഴ്ച മുമ്പേ തുടങ്ങുന്ന ഒരുക്കങ്ങൾ. ഹെഡ്മാസ്റ്റർ ഓർമ്മിപ്പിക്കും. "നാരായണേട്ടാ കൊറച്ച് ബലൂണും മിഠായിയുമൊക്കെ കരുതിക്കോ ട്ടോ .വാങ്ങാൻ പോകാൻ നേരല്ലാഞ്ഞിട്ടാണേ" . കരുതലിന്റെ നേരമില്ലായ്മയാണത്. അതിൽ നിന്നു കിട്ടുന്ന ഇത്തിരി ലാഭം നാരായണ നുള്ളതാണ്.  പുള്ളിക്കുടകൾക്കു താഴെ പാറി വരുന്ന കുഞ്ഞു ശലഭങ്ങളെ കാണാനാകാതെ ഇക്കൊല്ലവും  കടന്നു പോകും. ജീവനില്ലാതെ പിറന്നു വീണ മൂന്നാമത്തെ കുഞ്ഞിനായി കുഴി വെട്ടുമ്പോൾ ദേവകിയുടെ അലറിക്കരച്ചിൽ ഇന്നലെ കഴിഞ്ഞ പോലെ.

"നമ്മക്കിനി മക്കള് വേണ്ടാ ..."

ദേവകിയുടെ സങ്കടം കൂറ്റൻ തിരമാലയായി മനസ്സിലേക്ക് ആഞ്ഞടിച്ചു.കടയ്ക്ക് മുന്നിൽ കലപില കൂട്ടുന്ന  കുഞ്ഞു ശബ്ദങ്ങളെ നെഞ്ചേറ്റിയാണ് വേദനകൾ മറന്നത്.മിഠായിപ്പൊതിക്കായി കാത്തിരിക്കുന്നൊരു കുഞ്ഞു മുഖത്തെ സ്വപ്നം കാണാൻ പോലും പേടിയായിരുന്നു. ഇപ്പോൾ പ്രായത്തിന്റെ ചുളിവുകൾ മനസ്സിനേയും ബാധിച്ചിരിക്കുന്നു .ഗേറ്റിൽ പിടിച്ചു നിൽക്കുമ്പോൾ കൈകൾക്കു വല്ലാത്തൊരു വിറയൽ.പാദസരക്കിലുക്കമില്ലാതെ മയങ്ങിക്കിടക്കുന്ന നീളൻ വരാന്തകൾ. പീടിക മുറിയുടെ നിരപ്പലകയോരോന്നും മാറ്റിവയ്ക്കുമ്പോൾ  നെഞ്ചിനുള്ളിൽ ശ്വാസം വിലങ്ങി നിന്നു.അപ്പുറത്ത് പാതി പണി തീർന്ന പീടിക മുറികൾ.പഴയതെല്ലാം പൊളിച്ചുമാറ്റുമ്പോൾ ഹാജിയാരെ കാണുന്നതു തന്നെ ഭയമായിരുന്നു.പീടിക മുറി ഒഴിയാൻ പറഞ്ഞാൽ പിന്നെന്ത്? ഇരമ്പിയാർത്തെത്തുന്ന കുഞ്ഞു ശബ്ദങ്ങൾക്കപ്പുറത്തേക്ക് മറ്റൊരു ലോകത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. എല്ലാം അറിയുന്ന ഹാജിയാർ ആശ്വാസമായി.

"നാരായണന്റെ മുറി അവടെ നിക്കട്ടെ. ബാക്കി ള്ളത് പൊളിച്ചോ.സ്കൂള് വല്യ സ്കൂളാകുന്നൂന്ന് കേട്ടപ്പൊ ഓന്റെ ഓരോ പിരാന്ത് ".

വാൽസല്യത്തോടെ ഹാജിയാർ മകനെ കുറ്റപ്പെടുത്തി.ഗൾഫിലുള്ള മകനരികിലേക്ക് ഹാജിയാർ പോയിട്ട് കൊല്ലമൊന്ന് കഴിഞ്ഞു. നാട്ടിലുണ്ടായിരുന്നെങ്കിൽ ബുദ്ധിമുട്ടുവരുമ്പോൾ ഒരു താങ്ങാകുമായിരുന്നു. ഒഴിഞ്ഞ ഭരണികളിൽ പറ്റിപ്പിടിച്ചു നിന്ന പൊടിപടലങ്ങൾ മുകളിലേക്കുയർന്നു.എല്ലാം നിറഞ്ഞിരിക്കുന്നൊരു ദിവസം ഇനിയുണ്ടാകുമോയെന്ന് നാരായണന് നിശ്ചയമുണ്ടായിരുന്നില്ല.

പലകകൾ എടുത്തു വെച്ച് കട പൂട്ടി തിരിഞ്ഞു നടക്കുമ്പോൾ നാരായണന്റെ കീശ പോലെ മനസ്സും ശൂന്യമായിരുന്നു.മീൻകാരൻ മതിലിനപ്പുറം നിന്ന് ഉച്ചത്തിൽ ഹോണടിക്കുന്നുണ്ട്. കേൾക്കാത്ത ഭാവത്തിൽ ദേവകി തൊടിയിലേക്ക് ഇറങ്ങിപ്പോയിട്ടുണ്ടാകും.കോലായയുടെ തണുപ്പിലേക്ക് അമർന്നിരിക്കുമ്പോൾ ദേവകി അടുത്തെത്തി.

" കുടുംബശ്രീന്ന് എട്ത്ത ലോണ് ഇനിം വീട്ടാൻ കൊറേണ്ട്.പീടിക തൊറക്കാതിരുന്നാ എന്താ ചെയ്യാ"

ഉത്തരം കിട്ടാത്ത ചോദ്യമാണതെന്ന് ദേവകിക്ക് ഉറപ്പുണ്ടായിരുന്നു.

പീടികയിൽ നിന്ന് കിട്ടുന്ന ചില്ലറകൾ സൂക്ഷിച്ചിരുന്ന കാശിത്തൊണ്ടിലെ അവസാനത്തെ നാണയവും ഇന്നലെ പെറുക്കിയെടുത്തു. ഇനി ആർക്കും വേണ്ടാത്ത വിലയില്ലാത്ത കുറച്ച് പത്തു പൈസകൾ ബാക്കിയുണ്ട്.അവയ്ക്കെല്ലാം തങ്ങളുടെ മുഖമാണെന്ന് തോന്നി നാരായണനപ്പോൾ.

വിലയില്ലാത്ത രണ്ട് പത്തു പൈസകൾ...

അത്യാഗ്രഹം നല്ലതല്ല ....(മുത്തശ്ശി കഥ).

ഒരു കാലത്തു ഈ കഥ കേട്ടിട്ടില്ലാത്ത ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല.ഇന്നത്തെ എത്ര മക്കൾക്കു അന്നത്തെ കുട്ടികളായ ഇന്നത്തെ അച്ഛനമ്മമാർ ഈ കഥ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും അറിയില്ലാ.അറിയാത്ത ഇന്നത്തെ മക്കൾക്കും,അറിയാമായിരുന്ന അന്നത്തെ മക്കൾക്കും(ഓർമ്മ പുതുക്കാൻ) വേണ്ടി ഞാൻ ഇവിടെ ആ കഥ ഒരിക്കൽ കൂടെ പറയാം.

ഒരിടത്ത് ഒരിടത്ത് ഒരു നായ വിശന്നു വലഞ്ഞു നടക്കുകയായിരുന്നു.അങ്ങനെ കറങ്ങി നടന്നപ്പോൾ ഒരു കശാപ്പുശാല കണ്ടു. മക്കളേ കശാപ്പുശാല എന്നു വച്ചാൽ മൃഗങ്ങളെ വെട്ടി ഇറച്ചിയാക്കി നമ്മൾക്കു തരുന്ന സ്ഥലം.കശാപ്പുശാലയുടെ അടുത്ത് നിറയെ എല്ലിൻ കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നതു നമ്മുടെ നായ കണ്ടു.അപ്പോൾ നായ വിചാരിച്ചു “ഹായ് ഇതു കൊള്ളാമല്ലോ. മാംസം കുറെശ്ശെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലുകൾ,ഇതിൽ ഒരെണ്ണാം എടുക്കാം, തിന്നു വിശപ്പും മാറ്റാം”.നായ കൂടുതൽ മാംസം പറ്റിയിരിക്കുന്ന വലിയ ഒരു എല്ലുകഷണം കടിച്ചെടുത്ത് വീട്ടിലേക്കു ഓടി.

വീട്ടിലെത്താറായി.ഇനി ഒരു പാലം കടക്കുകയേ വേണ്ടൂ.

നായ പാലത്തിൽ കയറി. താഴെ വെള്ളമാണ്.നായ വെള്ളത്തിലേക്കു നോക്കി.

“അമ്പടാ വെള്ളത്തിൽ വേറെ ഒരു നായ,അവ്ന്റെ വായിലുമുണ്ട് ഒരു വലിയ എല്ല്.”

നായക്കു അതു കണ്ട് സഹിക്കാൻ കഴിഞ്ഞില്ല.ആ എല്ലും കൂടെ കൈക്കലാക്കണം എന്നു അവൻ തീരുമാനിച്ചു.

“ബൌ.....ബൌ.....”  

പാലത്തിൽ നിന്നും വെള്ളത്തിലേ മറ്റേ നായയെ നോക്കി നമ്മുടെ നായ കുരച്ചു.

പ്ലൂം........!!!!!

എന്ന ശബ്ദത്തോടെ നായ കടിച്ചു പിടിച്ചിരുന്ന എല്ല് വെള്ളത്തിലേക്കു വീണു.

നായക്കു സങ്കടമായി. അവൻ വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി.എല്ലു വീണപ്പോൾ വെള്ളത്തിൽ ഉണ്ടായ കുഞ്ഞു അലകൾ പതുക്കെ മാഞ്ഞു വെള്ളത്തിന്റെ അനക്കം നിന്നു.അപ്പോൾ നായ തന്റെ മുഖം അതിൽ തെളിഞ്ഞു കണ്ടു.അന്നേരം ആണ് നായക്കു മനസ്സിലായത് തന്റെ തന്നെ പ്രതിബിംബമാണ് വെള്ളത്തിൽ കണ്ടത് എന്ന്.

വെള്ളത്തിൽ മുമ്പ് കണ്ട പ്രതിബിംബം വേറെ നായയുടെതാണന്ന് കരുതിയ അവൻ തന്റെ മണ്ടത്തരമോർത്ത് വല്ലതെ ദു:ഖിച്ചു.നഷ്ടപ്പെട്ട എല്ലിൻ കഷണത്തിനെ ഓർത്ത് സങ്കടത്തോടെ “ഇനി ദു:ഖിച്ചിട്ടെന്തു കാര്യം!”എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് വിശന്നു വലഞ്ഞു അവശനായ നായ വേച്ചു വേച്ചു വീട്ടിലേക്കു നടന്നു.


ശക്തൻ തമ്പുരാൻ (മുത്തശ്ശി കഥ).


'മക്കൾവാ. ആ ശക്തൻ തമ്പുരാന്റെ കഥ ഇന്നുതന്നെ പറഞ്ഞേക്കാം.’ ‘അതെന്താ അപ്പൂപ്പാ നാളെപ്പറയാമെന്നു പറഞ്ഞിട്ട് ഇന്ന്?’ ‘അതിന്റെ കാരണം പറ്റിയാൽ നാളെപ്പറയാം. ഇതു കേട്ടോളൂ. കൊച്ചി രാജ്യത്ത് ശക്തൻ തമ്പുരാൻ എന്നൊരു രാജാവുണ്ടായിരുന്നു. കൊച്ചി രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഈയൊരു രാജവിന്റെ കാലം മാത്രമേ ശരിക്കു കാണാൻ സാധിക്കുകയുള്ളു. ചരിത്രത്തിൽ കൊച്ചിക്ക് സ്ഥാനം ലഭിച്ചത് ഇദ്ദേഹത്തിന്റെ ഭരണം മൂലമാണെന്ന് വേണമെങ്കിൽ പറയാം. ഒരു പഞ്ചാംഗം മാത്രം മതിയെന്നു പറഞ്ഞ പരീക്ഷിത്തുതമ്പുരാനേ മറന്നുകൊണ്ടല്ല ഈ പറയുന്നത്.' 'എന്തവാ ഈ അപ്പൂപ്പൻ പറയുന്നത്, പഞ്ചാംഗമോ?'

'അതേ മോനേ. നമുക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ്, നാട്ടുരാജ്യങ്ങളേ ഇൻഡ്യൻ യൂണിയനിൽ ചേർക്കാൻ വി. പി. നായർ എന്നൊരാളെ സർക്കാർ നിയമിച്ചു. നാട്ടു രാജ്യങ്ങളിൽ ചെന്നു, രാജാക്കന്മാർക്ക് രാജ്യം യൂണിയനിൽ ചേർക്കുന്നതിനുള്ള നഷ്ട പരിഹാരത്തുക നിശ്ചയിക്കുന്നതിനും, യൂണിയനിൽ ചേരാൻ അവരേ നിർബ്ബന്ധിക്കുന്നതിനും വേണ്ടിയുള്ള യാത്രക്കിടയിൽ അദ്ദേഹം കൊച്ചിയിലെത്തി. ഏതാണ്ട് അറുനൂറ് നാട്ടുരാജ്യങ്ങളേച്ചേർത്തു. ഓരോരുത്തരും കോടികളുടെ കണക്കു പറഞ്ഞപ്പോൾ പരീക്ഷിത്തുതമ്പുരാൻ പറഞ്ഞു- എനിക്ക് ഈകൊല്ലത്തേ ഒരു പഞ്ചാംഗംതന്നാൽ മതി. ഈ രാജ്യം ജനങ്ങളുടെയാണ് ,അതിനെനിക്കെന്തു നഷ്ട പരിഹാരത്തുക ! 'എന്റെ ദൈവമേ ഇങ്ങനത്താൾക്കാരും ഉണ്ട്,അല്ലേ അപ്പൂപ്പാ?' 'അതേ മക്കളേ നൂറിലൊന്നോ രണ്ടോ കാണും. ങാ. ശക്തൻ തമ്പുരാന്റെ കഥയാണല്ലോ നമ്മൾ പറഞ്ഞത്. പരാക്രമവും വിട്ടുവീഴ്ചയില്ലാത്ത ആജ്ഞാശക്തിയും കൊണ്ട് തന്റെ പേര് അന്വർഥമാക്കിയ ആളാണദ്ദേഹം. രാജ്യത്ത്‌ അച്ചടക്കവും നിയമ വ്യവസ്ഥയും നടപ്പാക്കി, അരാജകത്വം ഇല്ലാതാക്കി. പക്ഷേ അവസാന കാലമായപ്പോൾ അദ്ദേഹത്തിൻ തന്റെ പിൻഗാമികളേക്കുറിച്ച് സംശയം. ഭരിക്കാനുള്ള കഴിവുണ്ടോ? രാജ്യം വല്ലവരും കൊണ്ടു പോകുമോ ? ഏതായാലും ഒന്നു പരീക്ഷിച്ചു കളയാം എന്നു വിചാരിച്ചു. അദ്ദേഹത്തിന്റെ പിൻ ഗാമിയായ യുവ രാജാവിനേ വിളിപ്പിച്ചു. “കുട്ടാ-എനിക്കൊരാഗ്രഹം. ഒരു പഴുത്ത ചക്ക തിന്നാൻ . ഒരെണ്ണം കൊണ്ടുവരൂ.’ കുട്ടൻ ചക്ക അന്വേഷിച്ച് നടന്നു. അപ്പോൾ ചക്കയുടെ കാലമല്ല. ഇപ്പഴാണോ ചക്ക! ആൾക്കാർ കുട്ടനേ കളിയാക്കി.വൈകുന്നേരംവരെ അന്വേഷിച്ച് വശം കെട്ട് കുട്ടൻ തിരിച്ചുവന്ന് അമ്മാവനോടു പറഞ്ഞു. ‘ചക്ക ഈ നാട്ടിലെങ്ങും കിട്ടാനില്ല, ഇപ്പോൾ ചക്കയുടെ കാലമല്ല.’ ‘ശരി പൊയ്ക്കോ അമ്മാവൻ കല്പിച്ചു.’ പിന്നീടദ്ദേഹം തന്റെ വിശ്വസ്തസചിവനായ പണിക്കരു കപ്പിത്താനേ വിളിച്ചു. “ നാളെ ഇവിടൊരു സദ്യയുണ്ട്. നൂറാളുകൾക്ക്. ചോറൊഴിച്ച് മറ്റെല്ലാം ചക്കയാണ് വിഭവം.” പണിക്കരു കപ്പിത്താൻ പോയി. പിറ്റേദിവസം വെളുപ്പാങ്കാലമായപ്പോഴേക്കും കൊച്ചി കായലിൽ വള്ളത്തേൽ ചക്കയുടെ പ്രളയം. ചക്ക സദ്യ ഗംഭീരമായിനടന്നു.. തമ്പുരാൻ കപ്പിത്താനേവിളിച്ചു പറഞ്ഞു.എന്റെകാലം കഴിഞ്ഞാൽ പിള്ളാരേ നോക്കിക്കൊള്ളണം. ‘ഇതാണു കഥ. ശരി മക്കളേ പോയി കളിച്ചോ.’

കാക്കയുടെ കൌശലം (കുട്ടിക്കഥ)

 

കൊച്ചു കൂട്ടുകാരേ, ഈ കഥ പണ്ട് കേരള പാഠാവലി എന്ന മലയാള പാഠപുസ്തകത്തിൽ ഞങ്ങളൊക്കെ പഠിച്ചതാണ്. ഒരു മരത്തിൽ രണ്ടു കാക്കകൾ കൂടുകൂട്ടി താമസിച്ചിരുന്നു. മര‍ത്തിന്റെ ചുവട്ടിലായി ഒരു മാളത്തിൽ ഒരു പാമ്പും താമസിച്ചിരുന്നു. വെറും പാമ്പല്ല, ഒരു വിഷസർപ്പം. പെൺകാക്ക മുട്ടയിടും; പക്ഷേ ഈ സർപ്പം മരത്തിൽക്കയറി മുട്ടകളെല്ലാം തിന്നുകളയും. അതുകൊണ്ട് മുട്ടകളൊന്നും വിരിഞ്ഞില്ല. പാ‍വം കാക്കകൾ, എന്തു ചെയ്യാ‍നാണ്. സർപ്പത്തെ ഓടിക്കാൻ അവർ ശ്രമിച്ചപ്പോളൊക്കെ അവൻ പത്തിവിടർത്തി അവരെ കൊത്താനോങ്ങി. പാമ്പിന്റെ ശല്യം സഹിക്കാൻ വയ്യാതെ കാക്കകൾ വളരെ സങ്കടത്തിലായി. ഇവനെ നശിപ്പിക്കാൻ എന്താണൊരു വഴി? കാക്കകൾ ആലോചിച്ചു.

ഒരു ദിവസം അടുത്തുള്ള വീട്ടിലെ കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളുടെ കഴുത്തിൽ ഒരു സ്വർണ്ണമാലയുണ്ടായിരുന്നു. പെട്ടന്ന് ആ മാല ഊരി താഴെവീണുപോയി. പെൺകാക്ക ഇതു കണ്ടു. കാക്കയ്ക്ക് ഒരു ബുദ്ധി തോന്നി. കാക്ക പറന്നു ചെന്ന് മാല കൊത്തിയെടുത്തുകൊണ്ട് ഒറ്റ പറക്കൽ!! കുട്ടി ഉറക്കെക്കരഞ്ഞു. അതുകേട്ട് പറമ്പിൽ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്ന അവളുടെ അച്ഛൻ ഓടിവന്നു. കാക്ക മാലയുമായി കൂടിരിക്കുന്ന മരത്തിലേക്ക് പോയി. ഒരു വടിയും കൈയ്യിലെടുത്തുകൊണ്ട് അയാളും പിറകേഓടി. കാക്ക പറന്നുചെന്ന് മാല പാമ്പിന്റെ മാളത്തിൽ കൊണ്ടുപോയി ഇട്ടു. എന്നിട്ട് മരത്തിൽ പോയി ഇരുന്നു.

കുട്ടിയുടെ അച്ഛൻ ഓടിയെത്തി മാളത്തിൽ കുത്തി. സർപ്പം പുറത്തുവന്നു. പത്തിവിടർത്തി ചീറ്റിക്കൊണ്ട് അത് കൊത്താനായി ഓടിവന്നു. കുട്ടിയുടെ അച്ഛൻ പാമ്പിനെ തല്ലിക്കൊന്നു, മാലയും എടുത്തുകൊണ്ട് വീട്ടിലേക്ക് പോയി. കാക്കകൾ സന്തോഷത്താൽ കാ...കാ... എന്ന് ഉറക്കെ കരഞ്ഞു. അവരോടൊപ്പം സന്തോഷിക്കാൻ മറ്റുകാക്കകളും അവിടെ വന്നു ചേർന്നു!

ഈ കഥയിൽനിന്നും മനസ്സിലാക്കാവുന്ന ഗുണപാഠമെന്താണ്? ബുദ്ധി ഉപയോഗിച്ചാൽ ഏത് ആപത്തുകളിൽനിന്നും രക്ഷപെടുവാൻ സാധിക്കും. പ്രയാസകരമായ സാഹചര്യങ്ങൾ വരുമ്പോൾ അതിനെനോക്കി ഭയപ്പെടാതെ, ബുദ്ധിഉപയോഗിച്ച് അതിനെ നേരിടുവാൻ പഠിക്കുക.

അവലംബം: പഞ്ചതന്ത്രം കഥകൾ