സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1944 - 45 ഈ കാലഘട്ടത്തിൽ ഭീമ്പനടി ചെമ്മട്ടേൻ എന്ന പ്രദേശത്ത് പഴയങ്ങാടി സ്വദേശിയായ ശ്രീ മമ്മൂ മാസ്റ്ററുടെ നേതൃത്വത്തിൽ ഓലകൊണ്ട് മേഞ്ഞ ഒരു ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിക്കുകയും അതിൽ ഇരുത്തി കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുകയും ചെയ്തു. അങ്ങനെ ചട്ട്യോൾ എന്ന പ്രദേശത്തിന്റെ ആദ്യത്തെ വിദ്യാലയ സങ്കല്പം സഫലീകൃതമാവുകയും ചെയ്തു. എന്നാൽ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം അധിക വർഷം നീണ്ടു നിന്നില്ല. മമ്മു മാസ്റ്ററുടെ തിരിച്ചുപോക്കോട്കുടി വിദ്യാലയത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും കുട്ടികൾക്ക് അക്ഷരാഭ്യാസം ലഭിക്കാതെ വരികയും ചെയ്തു.

1950 - 51 കാലഘട്ടത്തോട് കൂടി അക്ഷര സ്നേഹികളായ നാട്ടുകാരിൽ പുതിയൊരു വിദ്യാലയം എന്ന ചിന്ത ഉണർന്നു വരികയും അങ്ങനെ 1951 ജൂൺ മാസത്തോടുകൂടി ശ്രീ കെ കുഞ്ഞിരാമൻ മാസ്റ്റർ, വണ്ണത്താൻ ചന്തുക്കുട്ടി കാരണവർ , പോത്തേര കണ്ണൻ നായർ, വേങ്ങയിൽ ചാത്തുക്കുട്ടി നമ്പ്യാർ തുടങ്ങിയ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണവിലാസം യുപി സ്കൂൾ എന്ന നാമധേയത്തിൽ ഒരു സരസ്വതീ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. ശ്രീ കെ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1956 ൽ ഈ വിദ്യാലയം എട്ടാംതരം വരെയായി ഉയർത്തി. അക്കാലത്ത് 320 കുട്ടികളും 13 അധ്യാപകരും ഉണ്ടായിരുന്നു. 1990 ൽ 17 ക്ലാസ്സുകളും 24 അധ്യാപകരും 700 വിദ്യാർഥികളും ഉണ്ടായിരുന്നുവെങ്കിലും അതിനുശേഷം പല കാരണങ്ങൾ കൊണ്ട് വിദ്യാർത്ഥികളുടെ കുറവ് അനുഭവപ്പെട്ടു. കുറച്ചു വർഷങ്ങൾക്കു ശേഷം മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു. മാനേജർ ശ്രീ സി പി രാജീവന്റെ നേതൃത്വത്തിൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ ഇരുനില കെട്ടിടം നിർമ്മിക്കുകയും അതോടൊപ്പം മറ്റ് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു. തൽഫലമായി വിദ്യാർഥികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി.നിലവിൽ 386 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാല യത്തിൽ 16 സ്ഥിര അദ്ധ്യാപകരും ഒരു ഓഫീസ് അറ്റെൻഡറും സേവനം അനുഷ്ഠിച്ചു വരുന്നു.