ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/കുട്ടിക്കുരുന്നുകളുടെ ശുചിത്വശീലം
കുട്ടിക്കുരുന്നുകളുടെ ശുചിത്വശീലം
അപ്പുവും അമ്മുവും സഹോദരങ്ങളാണ്.സമ്പന്നരായ അച്ഛനമ്മമാരുടെ മക്കൾ.മൂന്ന് ഏക്കർ സ്ഥലം അവർക്ക് സ്വന്തമായിട്ടുണ്ട്.പക്ഷേ തിരക്കുകൾ കാരണം ആ സ്ഥലം വൃത്തിയാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.വീട്ടിലെ ചപ്പ്ചവറുകളെല്ലാം ആ സ്ഥലത്തേയ്ക്കാണ് അവർ വലിച്ചെറിഞ്ഞിരുന്നത്.മിക്കപ്പോഴും അവർക്ക് അസുഖമായിരുന്നു.ഒരു ദിവസം അവരുടെ അസുഖം തിരക്കാൻ അവരുടെ മുത്തച്ഛൻ വീട്ടിലെത്തി.പറമ്പിലേയ്ക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,"ഇവിടെ കിടക്കുന്ന മാലിന്യങ്ങളാണ് നിങ്ങളുടെ അസുഖത്തിന് കാരണം".അവർക്ക് ഒന്നും മനസ്സിലായില്ല.മുത്തച്ഛൻ വിശദീകരിച്ചു,"ഈ മാലിന്യങ്ങൾ ഇവിടെ കിടന്ന് അഴുകും.അവയിൽവന്നിരിക്കുന്ന ഈച്ചയും,കൊതുകും മറ്റ് പ്രാണികളും നിങ്ങളെ കടിക്കുകയും ആഹാരത്തിൽ വന്നിരിക്കുകയും ചെയ്യും.അതിലൂടെ നിങ്ങൾക്ക് അസുഖം പിടിക്കും.” അപ്പു ചോദിച്ചു,"എന്താണ് നമ്മൾചെയ്യേണ്ടത്?” അമ്മു പറഞ്ഞു,"നമുക്ക് ഇവിടെ വൃത്തിയാക്കിയാലോ?” “നിങ്ങൾ കാണുന്നതുപോലെയല്ല,ഇത് ഒരുപാടുണ്ട്.ഒരു പണിക്കാരന്റെ സഹായമില്ലാതെ വൃത്തിയാക്കാൻ സാധിക്കില്ല.നാളെയാകട്ടെ,ഞാൻ ആരെയെങ്കിലും കൊണ്ടുവന്ന് വൃത്തിയാക്കിപ്പിക്കാം"മുത്തച്ഛൻ പറഞ്ഞു. അടുത്ത ദിവസം കുറച്ച് പണിക്കാർ വന്ന് ആ സ്ഥലം മുഴുവൻ വൃത്തിയാക്കി. മുത്തച്ഛൻ പറഞ്ഞു,"ഇനി നിങ്ങൾ ദിവസവും ഇവിടെ വൃത്തിയാക്കണം,മാലിന്യങ്ങൾ ഇവിടെ ഇടരുത്,ജൈവമാലിന്യങ്ങൾ ഒരു കമ്പോസ്റ്റ് കുഴിയുണ്ടാക്കി അതിൽ നിക്ഷേപിക്കാം,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് കോർപ്പറേഷനിൽ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാൻ വരുമ്പോൾ അവരെ ഏൽപ്പിക്കാം.” "ഇനി ഞങ്ങൾക്ക് അസുഖം വരില്ലല്ലോ?”അവർ മുത്തച്ഛനോടു ചോദിച്ചു. മുത്തച്ഛൻ പറഞ്ഞു,"അങ്ങനെ പറയാൻ വരട്ടെ,നിങ്ങൾ മുഴുവൻ സമയവും മണ്ണിലാണ് കളിക്കുന്നത്,അതിലൂടെ അസുഖങ്ങൾ വരാം.” “കൈ കഴുകിയാൽ അത് പോകുമോ?""തീർച്ചയായും"മുത്തച്ഛൻ പറഞ്ഞു. അതിന് ശേഷം അവർ കളികഴിഞ്ഞ് വീട്ടിൽ എത്തിയാൽ കൈയ്യും കാലും വൃത്തിയായി കഴുകും.അന്ന് രാത്രി അച്ഛനും അമ്മയും ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ക്ഷീണം കാരണം കിടന്നു.അതുകണ്ട് അപ്പുവും അമ്മുവും പറഞ്ഞു,"നിങ്ങൾ പുറത്ത് പോയിട്ട് വന്നതല്ലേ,കുളിക്കാതെയാണോ കിടക്കുന്നത്"കുട്ടികളുടെ വാക്കുകൾകേട്ട് അവർ എഴുന്നേറ്റ്പോയി വൃത്തിയായി.അവരുടെ വാക്കുകളെ അവർ ഉൾക്കൊണ്ടു.വൃത്തിയാക്കിയിട്ട പറമ്പിലാണ് ഇപ്പോൾ അവർ കളിക്കുന്നത്. ആരും ചവറുകൾ എറിഞ്ഞ് അവിടം വൃത്തികേടാക്കാൻ അവർ സമ്മതിക്കില്ല.ചെറുപ്രായത്തിൽ തന്നെ അവരിൽ വളർന്നുവന്ന ശുചിത്വശീലത്തിൽ എല്ലാവരും സന്തോഷിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |