ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ഓർമ പുസ്തകത്തിലെ ഒരു താള്

ഓർമ പുസ്തകത്തിലെ ഒരു താള്

അവൻ ഗേറ്റുകൾ തള്ളിത്തുറന്ന് ഓടി വന്നു. മനസിന്റെ സന്തോഷം മുഖത്ത് പ്രകടമാണ്. ആകെ ഒരു ശാന്തതയുടെ തീരം. വെള്ളതറയോട് പാകിയ മുറ്റത്ത് ഭൂമിയിലെ മാലാഖമാർ ഓരോ ചെറു കൂട്ടങ്ങളായി നിൽക്കുന്നു, അവരുടെ മുഖത്തെ നിഷ്കളങ്കമായ ചിരി മതി മനസിന് ആശ്വാസം ലഭിക്കാൻ. അവൻ ഒരപൂർവ്വ നിമിഷത്തിനു സാക്ഷിയാവുകയാണ്‌……." അമ്മൂ , നീ എത്തിയോ മോളേ..? എന്താ ഇത്രയും വൈകിയത് "? "രേഷ്മയോടും അച്ഛനോടും വർത്താനം പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല “." പെട്ടെന്ന് കുളിച്ചു വരു ഭക്ഷണം കഴിക്കാം ", " വേണ്ടമ്മേ അവിടുന്നു നിറയെ കഴിച്ചു. നല്ല ക്ഷീണം ഞാനൊന്നു കിടന്നോട്ടെ"? " മോള് കിടന്നോളു. എനിക്കല്പം കൂടി ജോലിയുണ്ട്. " ഇത്രയും പറഞ്ഞ് അമ്മു നേരെ കട്ടിലിനടുത്തേക്കു പോയി. വസ്‌ത്രം മാറാൻ പോലും നിൽക്കാതെ കട്ടിലിലേക്ക് വീണു.ജോലി എല്ലാം തീർത്ത് അമ്മ വന്നപ്പോഴേക്കും അമ്മു നല്ല ഉറക്കത്തിലായിരുന്നു.അമ്മയും തൻ്റെ പായയുമെടുത്ത് ഒരു മൂലയിൽ ചുരുണ്ടുകൂടി, " ദാ.. നേരം നന്നായി പുലർന്നല്ലോ.. അമ്മു എണീറ്റില്ലേ? നല്ല ക്ഷീണമാകും കിടന്നോട്ടെ." അമ്മ ശബ്ദമുണ്ടാക്കാതെ എണീറ്റ് കുളിക്കാനായി പോയി. കുളിച്ചു വന്നു ആ മൺചുമരിന്റെ മൂലയ്ക്കായ് വച്ചിരുന്ന കൃഷണ ഭഗവാന്റെ വിഗ്രഹത്തിൻ്റെ മുന്നിൽ ദീപം തെളിയിച്ചു.. പ്രാർത്ഥിച്ചു ആ ദീപപ്രഭയിൽ അവരുടെ മുഖം പ്രകാശിച്ചു.. സമീപത്തായിരുന്ന കണ്ണാടി ചില്ലെടുത്ത് മുഖം നോക്കി, കണ്ണിൽ കൺമഷി എഴുതി. മകളെ ഒന്നുകൂടി നോക്കിയിട്ട് മുട്ടോളമെത്തുന്ന തന്റെ നനഞ്ഞ മുടി ഒരു റബ്ബർ ബാൻഡിൽ ഒതുക്കി അവൾ അടുക്കളയിലേക്ക് നടന്നു. 'ഈ കുട്ടിക്ക് എന്താ പറ്റിയത്? ഒരു യാത്ര പോയാൽ ഇത്രയും ക്ഷീണമുണ്ടാകുമോ? രാവിലെ യോഗ ചെയ്യാൻ പോലും എണീറ്റില്ല.. എന്തു വന്നാലും അതു മുടക്കാറില്ലാത്ത കുട്ടിയാ..' കൈയിലെ തവിയുമായി അമ്മുവിന്റെ അടുത്തെത്തി,, "അമ്മൂ എന്തുറക്കമാ മോളെ ഇത്?, "അവൾ അമ്മുവിനെ തട്ടി വിളിച്ചു "അയ്യോ!! ഇതെന്തു പറ്റി എന്റെ കുഞ്ഞിന്? എണീക്കാൻ കുടികഴിയുന്നില്ലല്ലോ, പൊള്ളുന്ന ചൂടുണ്ടല്ലോ ശരീരത്തിന് .. അവളുടെ നിലവിളി കേട്ട് ആരൊക്കെയോ വന്നു." എന്തിനാ ഇങ്ങനെ നിലവിളിക്കുന്നത്? അമ്മുവിന് ഒന്നുമില്ല,, “ അപ്പോഴേക്കും ആമ്പുലൻസ് നിലവിളിയുമായെത്തി, ഡ്രൈവറും സഹായിയും സ്ട്രക്ച്ചറുമായി ഓടിയെത്തി. അമ്മുവിനെ താങ്ങിയെടുത്ത് സ്ട്രക്ചറിൽ കിടത്തി, വാടിയ താമരത്തണ്ടു പോലെയുള്ള ആ കൈകൾ അയാൾ അവളുടെ ശരീരത്തോട് ചേർത്തു വച്ചു,, തന്റെ മകളുടെ അതേ പ്രായം,, അയാളുടെ മനസ് വല്ലാതെ വ്യാകുലപ്പെട്ടു, നിലവിളിയുമായി ആമ്പുലൻസ് ആശുപത്രിയിലേക്ക് കുതിച്ചു " മകൾക്ക് എന്താ പറ്റിയത്?" -പ്രാർത്ഥനയോടെ ഇരിക്കുന്ന അമ്മയോട് അയാൾ ചോദിച്ചു. "എന്റെ കുഞ്ഞിനെന്തു സംഭവിച്ചു എന്നറിയില്ല. ഒന്നു വേഗം പോകൂ." ആമ്പുലൻസ് ആശുപത്രി വാതിൽക്കൽ എത്തിയതും അവിടെ നിന്നിരുന്ന കുറച്ചു നഴ്സുമാർ ഓടിയെത്തി.അവർ കുട്ടിയെ പരിശോധിച്ചിട്ട് ഐസൊലേഷൻ വാർഡിലേക്ക് കൊണ്ടുപോകാൻ അറ്റൻഡറോട് പറഞ്ഞു."അയ്യോ! എൻ്റെ മോളെ എങ്ങോട്ടാ കൊണുപോകുന്നത്? " അമ്മ ആ കാണുന്ന മുറിയിൽ വിശ്രമിക്കൂ. ഡോക്ടർ പരിശോധിക്കട്ടെ ". നഴ്സ് ചൂണ്ടിക്കാണിച്ച മുറിയിലേക്ക് അവൾ നടന്നു.' ഭഗവാനേ.. ഈ കുഞ്ഞിനും ആ മഹാമാരിയാണോ? എത്ര ജീവനുകളെയാണ് ഈ മഹാമാരി കവർന്നത്? ഈ കുഞ്ഞിന് ഒന്നും സംഭവിക്കരുതേ,, തിരികെ വാഹനം ഓടിക്കുമ്പോഴും അയാളുടെ മനസിൽ ആ കുഞ്ഞിന്റെ മുഖമായിരുന്നു.ദിക്കറിയാതെ ഓടിക്കൊണ്ടിരുന്ന വാഹനം ബ്രേക്കിട്ട് നിന്നത് ക്ഷേത്ര നടയിൽ ആയിരുന്നു. കുഞ്ഞിനൊന്നും സംഭവിക്കരുതെ എന്ന പ്രാർത്ഥനയോടെ പച്ച ലോലമായ ഇലകൾ വാടി വീണു കിടക്കുന്ന ആൽത്തറയുടെ ഒരു ഭാഗത്തായി അയാൾ ഇരുന്നു.. 'ഈ മഹാമാരി പിടിപെട്ട് കൊണ്ടു വന്നവരെ ഒന്നും ജീവനോടെ തിരിച്ചു കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. ലോലമായ തളിരില അയാളുടെ പാദങ്ങളെ തഴുകി താഴേക്കു പതിച്ചു.' ഭഗവാനേ… ’ അയാളുടെ ഉള്ളിൽ ഒരു നിലവിളി ഉയർന്നു. " സിസ്റ്റർ .. എന്റെ മോൾക്ക് എങ്ങനെയുണ്ട്? " " നിങ്ങളെ ഡോക്ടർ വിളിക്കുന്നു.. കുട്ടിയുടെ വിവരങ്ങൾ അറിയണം. " ഡോക്ടറുടെ മുന്നിൽ അവർ തൊഴുകൈയോടെ നിന്നു. "നിങ്ങളുടെ മകൾ ദൂരയാത്ര ചെയ്തിരുന്നോ? " "ഇല്ല സർ.. അവൾ എങ്ങും പോകാറില്ല.. ങാ. പിന്നെ അടുത്തൊരു ദിവസം രേഷ്മയുടെ വീട്ടിൽ പോയിരുന്നു.. അവളുടെ അച്ഛൻ വിദേശത്തു നിന്നു വന്നു.. അല്ലാതെ ഒരിടത്തും പോയിട്ടില്ല" "ഓ .. അപ്പോൾ ആ വഴിക്കാകാം രോഗം പകർന്നത്.. പടർന്നു പിടിക്കുന്ന ഈ രോഗത്തെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലേ??" ഇല്ല സർ.. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ ഞങ്ങളെപ്പോലുള്ള പാവങ്ങൾ എന്തറിയാൻ? " കുട്ടി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി. ഭേദമാകാൻ 14 ദിവസമെങ്കിലും വേണ്ടിവരും. നിങ്ങളും ആ മുറിയിൽ തന്നെ കഴിയണം", പ്രാർത്ഥനയോടെ ആ അമ്മ മുറിക്കുള്ളിൽ കഴിഞ്ഞു. പതിനാലു ദിനരാത്രങ്ങൾ കഴിഞ്ഞു. രോഗം ഭേദമായ ഒരു കുട്ടിയെ തിരിച്ചു കൊണ്ടു പോകണം എന്ന് നഴ്സ് അറിയിച്ചപ്പോൾ അയാളുടെ മനസിൽ പെരുമ്പറ മുഴങ്ങി. അയാൾ ഗേറ്റുകൾ തളളിത്തുറന്ന് ആശുപത്രി മുറ്റത്തേക്ക് ഓടി. അവിടെ ചിറകില്ലാത്ത ഭൂമിയിലെ മാലാഖമാർക്കിടയിൽ പുഞ്ചിരി തൂകി നിൽക്കുന്നു ആ കുഞ്ഞുമാലാഖ...

ചന്ദന എൽ
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ