ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ആരോഗ്യമാണ് സമ്പത്ത്

ആരോഗ്യമാണ് സമ്പത്ത്

ഇല്ലിക്കാട്ടിലെ വില്ലേജ് ഓഫീസിലേയ്ക് സ്ഥലം മാറിക്കിട്ടി വന്നതാണ് കിട്ടനുറുമ്പ്. വളരെ കഷ്ടപ്പെട്ടിട്ടാണ് അവിടെ ഒരു വീട് കിട്ടനുറുമ്പിനു തരപ്പെട്ടത്.വലിയ മുറ്റമൊക്കെയുള്ള ഒരു കൊച്ചുവീട്. കിട്ടന്റെ അയൽക്കാരനായിരുന്നു കിച്ചു അണ്ണാൻ. കിച്ചു ഒരു കൃഷിക്കാരനാണ്. അവന്റെ പറമ്പുനിറയെ പലതരം പച്ചക്കറികളുണ്ട്. അവർ വളരെപ്പെട്ടെന്നു തന്നെ ചങ്ങാതിമാരായി. കിച്ചു കിട്ടനോട് എന്നും പറയും, നിനക്ക് ആവശ്യമുള്ള പച്ചക്കറികൾ എന്റെ പറമ്പിൽ നിന്നും എടുത്തോളൂ എന്ന്. ദിവസവും പച്ചക്കറികൾ കഴിച്ചാലേ ആരോഗ്യമുണ്ടാകൂ എന്ന് കിച്ചു കിട്ടനെ ഉപദേശിയ്ക്കും. എന്നാൽ കിട്ടാനാകട്ടെ ഇതൊന്നും കേട്ടഭാവം കാണിയ്ക്കാറില്ല. ബേക്കറിപലഹാരങ്ങൾ ആയിരുന്നു കിട്ടനിഷ്ടം. പക്ഷെ വില്ലേജ്ഓഫീസിൽ വരുന്നവർക്കൊക്കെ കിട്ടൻ പച്ചക്കറിവിത്തുകൾ കൊടുക്കുകയും സർക്കാരിന്റെ ജീവനം പദ്ധതിയെകുറിച്ച് വലിയ വായിൽ ഉപദേശിയ്ക്കുകയും ചെയ്യും.

ഒരു ദിവസം പതിവുപോലെ കിട്ടൻ ഓഫീസിലിരുന്ന് ജോലിചെയ്യുകയായിരുന്നു. അന്ന് വളരെ തിരക്കുള്ള ദിവസമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ പ്ധും........ എന്തോ താഴെവീഴുന്നതുപോലെ ഒരു ശബ്ദം കേട്ട് അപ്പുറത്തെ സീറ്റിലിരുന്ന ചക്കി ഈച്ച നോക്കിയപ്പോൾ അതാ കിട്ടനുറുമ്പ് താഴെ ബോധംകെട്ടു കിടക്കുന്നു, വെട്ടിയിട്ട വാഴപോലെ. എല്ലാവരും പേടിച്ചുപോയി. ഈ കൊറോണകാലമല്ലേ ... ഈശ്വരാ... കിട്ടനും കൊറോണ പിടിച്ചോ?നെഞ്ചത്ത് കൈവെച്ചുകൊണ്ടു വില്ലേജ് ഓഫീസറായ മധു വണ്ട് പറഞ്ഞു. എല്ലാവരും കിട്ടനെ തൊടാതെ ദൂരേയ്ക് മാറിനിന്നു. അങ്ങനെയാണല്ലോ സർക്കാർ പറഞ്ഞിരിയ്ക്കുന്നത്. കൂട്ടത്തിൽ ഉണ്ടായിരുന്ന പിങ്കിപ്പൂമ്പാറ്റ സർക്കാരിന്റെ ദിശാ നമ്പറിലേയ്ക് വിളിച്ചു. ഉടനെ തന്നെ ആംബുലൻസ് എത്തി. കിട്ടനെ ആശുപത്രിയിലേയ്ക് കൊണ്ടുപോയി. ഐസൊലേഷൻ വാർഡിലാണ് കിടത്തിയത്. കൊറോണ സംശയിയ്ക്കുന്നവരെ അവിടെയാണ് കിടത്തേണ്ടത്. ആരെയും കാണാതെ കിട്ടൻ വളരെ വിഷമിച്ചു. ഓലേഞ്ഞാലി ഡോക്ടർ കൊറോണയ്ക്കുള്ള പരിശോധന നടത്തി.കൂടെ രക്തവും എടുത്തു. അവിടുത്തെ ചിഞ്ചുത്തുമ്പി സിസ്റ്റർ അവനോടു വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. രണ്ടു ദിവസത്തിനു ശേഷം കിട്ടണ്ടേ റിസൾട്ട് വന്നു. അവനു കൊറോണയില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് അവനു ആശ്വാസമായത്. പക്ഷെ അതിനേക്കാൾ വലിയ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം നിനക്ക് രോഗപ്രതിരോധശേഷി തീരെയില്ല. ശരീരത്തിൽ രക്തവും കുറവാണ്. ഓലേഞ്ഞാലി ഡോക്ടർ അവനോടു പറഞ്ഞു. അപ്പോഴേക്കും കിട്ടന്റെ അച്ഛനമ്മമാർ എത്തി. ഡോക്ടർ അവരോടും കൂടി പറഞ്ഞു. "പഴങ്ങളും പച്ചക്കറികളും എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. എങ്കിലേ നമുക്ക് നല്ല ആരോഗ്യം ഉണ്ടാകു. ആരോഗ്യമുണ്ടെങ്കിലേ കൊറോണ പോലുള്ള അസുഖങ്ങളെ ചെറുക്കാൻ കഴിയൂ." പോകാൻ നേരം ഓലേഞ്ഞാലി ഡോക്ടർ കിട്ടനു ഒരു ഇല മാസ്‌കും കൊടുത്തു. കോറോണക്കാലമല്ലേ ഇത് വച്ച് പുറത്തിറങ്ങിയാൽ മതി. ഇടയ്ക്കിടെ കയ്യും കഴുകണം. ഡോക്ടർ കിട്ടനോട് പറഞ്ഞു. ഡോക്ടർക്ക് നന്ദിപറഞ്ഞു കിട്ടൻ വീട്ടിലേയ്ക്കു മടങ്ങി. പോകുന്ന വഴി കിട്ടൻ ഓർത്തു.തന്റെ അലസതയും ഭക്ഷണശീലവുമെല്ലാം മാറ്റണം. ആരോഗ്യമുള്ള ശരീരമാണ് സമ്പത്ത്. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

നിവേദ്യ എ എൽ
5 B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ