ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ജീവിതശൈലിയില‍ൂടെ

രോഗപ്രതിരോധം ജീവിതശൈലിയില‍ൂടെ

മനുഷ്യന്റെ മാറി വരുന്ന ജീവിത ശൈലികൾ മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങൾ നാം ദിനംപ്രതി അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. അതിൻറ്റെ ഒടുവിലത്തെ ഉദാഹരണമാണ് കോവിഡ്-19 എന്ന കൊറോണ വൈറസ് ഒരു മഹാമാരിയായി ലോകത്താകെ പടർന്നു പിടിക്കുന്ന കാഴ്ച.ഫാസ്റ്റ്ഫുഡ് സംസ്കാരത്തിലൂടെയും തെറ്റായ ജീവിത ശൈലിയിലൂടെയും നാം വരുത്തി വയ്ക്കുന്നവയാണ് നമുക്കുണ്ടാകുന്ന രോഗങ്ങളിൽ ഏറിയ പങ്കും. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും നമ്മുടെ ശരീരത്തിനുള്ള രോഗ പ്രതിരോധശേഷി ഇത്തരം തെറ്റായ ജീവിത ശൈലിയിലൂടെയും ആഹാരരീതിയിലൂടെയും നശിക്കുന്നു. ഇത് മൂലം വളരെ ചെറുപ്പത്തിൽ തന്നെ മനുഷ്യൻ രോഗങ്ങൾക്ക് അടിമപ്പെടുകയും ആശുപത്രികൾ കയറിയിറങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. ആഹാര രീതിയിലും ജീവിത ശൈലിയിലുമുണ്ടായ മാറ്റങ്ങളും മാനസിക സമ്മർദ്ദങ്ങളുമെല്ലാം ഇതിന് കാരണങ്ങളായി പറയാം. ഇതെല്ലാം മനസ്സിലാക്കി ശരിയായ ആഹാരരീതികളിലൂടെയും പ്രകൃതി സൗഹൃദമായ ജീവിത രീതിയിലൂടെയുമുള്ള പരിഹാരം കണ്ടെത്തി മുന്നോട്ട് പോയില്ലെങ്കിൽ ഭൂമിയിൽ നിന്ന് മനുഷ്യരാശി തന്നെ ഇല്ലാതാകുന്ന കാഴ്ച വിദൂരത്തിലല്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.ഫാസ്റ്റ്ഫുഡ് സംസ്കാരം പൂർണ്ണമായി ഒഴിവാക്കിയും വിഷമയമല്ലാത്ത പഴങ്ങളും പച്ചക്കറികളും ഇലക്കറികളും നാരുള്ള ഭക്ഷ്യവസ്തുക്കളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തിയും ശാരീരികാരോഗ്യവും രോഗപ്രതിരോധശേഷിയും നമുക്ക് നിലനിർത്താം. അതുപോലെ ശരീരത്തിനും മനസ്സിനും ഉൻമേഷം തരുന്ന വിനോദങ്ങളിൽ ഏർപ്പെടുക, വ്യായാമം, ധ്യാനം, യോഗ, സംഗീതം, നല്ല രചനകളുടെ വായന എന്നിവ ശീലമാക്കുക, കുടുംബ ബന്ധങ്ങളും നല്ല സുഹൃത് ബന്ധങ്ങളും പുഷ്ടിപ്പെടുത്തുക തുടങ്ങിയവയിലൂടെ നമ്മുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്താം.

അന‍ുഗ്രഹ എസ്.എൽ
2 സി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം