ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ലയായ തിരുവനന്തപുരത്തെ വളരെ അറിയപ്പെടുന്നതും തിരക്കുള്ളതുമായ കുമാരപുരം എന്ന പ്രദേശത്തിന്റെ ചരിത്രവസ്തുതയിലേക്ക് എത്തിനോക്കുമ്പോൾ പഴയ തിരുവിതാംകൂർ ,രാജഭരണകാലം ,വിദേശശക്തികളുടെ അവശേഷിപ്പുകൾ ,ചരിത്രസ്മാരകങ്ങൾ ഇവയിലൂടെയെല്ലാം സഞ്ചരിക്കേണ്ടതായി വരും .കാരണം ആ അവശേഷിപ്പുകൾ ഇന്നും നമ്മുടെ സംസ്കാരത്തിൽ നിലനിൽക്കുന്നുണ്ടെന്നത് ചരിത്രപരമായ വസ്തുതയാണ് .ഒരോ കാലത്തേയും ജനങ്ങളുടെ ,അവരുടെ മുന്നേറ്റങ്ങളുടെ കഥയാണല്ലോ പിൽക്കാലചരിത്രം .

കുമാരപുരം പ്രാദേശികചരിത്രം

തിരുവനന്തപുരം ജില്ലയിൽ ഒന്നാമത്തെ നഗരസഭയായ തിരുവനന്തപുരം നഗരസഭയിലെ ഏറ്റവും തിരക്കേറിയതും ജനനിബിഢവും ഭൂപ്രകൃതിയാൽ അത്യാകർഷകവും എന്നാൽ ശാന്ത പ്രകൃതവുമായ ഒരു സ്ഥലമാണ് കുമാരപുരം .മെഡിക്കൽകോളേജ് ,മുറിഞ്ഞപാലം ,കിംസ്‌റോഡ് ,കണ്ണമ്മൂല എന്നീ റോഡുകളുടെ സംഗമസ്ഥാനമാണ് കുമാരപുരം ജംഗ്ഷൻ .ഈ കുമാരപുരം ജംഗ്ഷനും മുറിഞ്ഞപാലത്തിനും മദ്ധ്യേ റോഡരുകിലായി കുമാരപുരം യു .പി .എസ്സ് സ്ഥിതി ചെയ്യുന്നു .കുമാരപുരം ജംഗ്ഷനും ഗണപതി ക്ഷേത്രവും നാലുറോഡുകളുടെയും സംഗമസ്ഥാനത്തു അതിപുരാതന കാലം മുതലേ ജനങ്ങൾ ആരാധിച്ചു പോന്നിരുന്ന ഒരു ക്ഷേത്രമുണ്ട് കുമാരപുരം ഗണപതി ക്ഷേത്രം.ഗണപതി ഭഗവാനെക്കൂടാതെ നാഗരാജന്റെ ഉപപ്രതിഷ്‌ഠയുള്ള ക്ഷേത്രത്തെ ഹിന്ദു-മുസ്ലിം-ക്രൈസ്തവ ഭേദമെന്യേ എല്ലാ മതസ്ഥരും പ്രദിക്ഷിണം വയ്ക്കുകയും വൈകുന്നേരത്തെ പായസവഴിപാടിൽ പങ്കെടുക്കുകയും ചെയ്യുന്നു .ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ചു അഭ്യൂഹങ്ങൾ പലതുണ്ട് .ക്ഷേത്രമിരിക്കുന്ന ഭാഗത്തു യാത്രക്കാർക്ക് ദാഹം തീർക്കാനായി ഒരു കിണർ ഉണ്ടായിരുന്നെന്നും അന്ന് നാടുഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് യാത്രക്കാർക്ക് വിശ്രമിക്കാനായി സ്ഥാപിച്ചിരുന്ന സത്രത്തിലെത്തുമ്പോൾ അവിടെയുണ്ടായിരുന്ന ചുമടുതാങ്ങിയിൽ സാധനങ്ങൾ ഇറക്കി വച്ച ശേഷം ഈ കിണറ്റിൽ നിന്നും വെള്ളം കുടിച്ചു സത്രത്തിൽ വിശ്രമിക്കുമായിരുന്നെന്നും കിണറ്റിൽ നിന്നും വളർന്നു വന്ന ആൽമരച്ചോട്ടിൽ ആരോ നിത്യവും വിളക്ക് കത്തിക്കാൻ തുടങ്ങിയെന്നും കാലക്രമേണ ഭക്‌തഭക്തജനങ്ങളുടെ എണ്ണം കൂടിക്കൂടി വരുകയും ക്ഷേത്രട്രസ്സ്റ് രൂപീകരിച്ചു ഗണപതി വിഗ്രഹപ്രതിഷ്ഠ നടത്തി ആരാധിച്ചു പോരുകയും ചെയ്യുന്നുവെന്നാണ് കഥകൾ .