സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

പൂവച്ചൽ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് സമസ്ത വിഭാഗം വിദ്യാർഥികളും വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവർ സമൂഹത്തിൽ വിവിധ ശ്രേണികളിൽ ഉന്നത സേവനമനുഷ്ഠിച്ച വരും അനുഷ്ഠിക്കുന്നവരും ഉണ്ട്. വിജ്ഞാനകുതുകികളായ ഒരുകൂട്ടം ചെറുപ്പക്കാർ തങ്ങളുടെസമൂഹത്തെ ഉദ്ധരിക്കുന്നതിനുവേണ്ടി ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും 50 മീററർ വടക്കോട്ടുമാറി ഒരു ഗ്രാന്റ് പള്ളിക്കൂടം കച്ചേരിവീടിൻെറ സമീപത്ത് സ്ഥാപിച്ചു. 1946 ൽ ഈ പള്ളിക്കൂടം അഗ്നിക്കിരയാവുകയും ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസം വഴിമുട്ടുകയും ചെയ്തു. തുടർന്ന് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ നാക്കാര വി. കേശവൻ നായർ, ശ്രീ പടിയന്നൂർ ആർ ശങ്കരൻ നായർ, സ്കൂൾ അദ്ധ്യാപകനായ ശ്രീ പപ്പുക്കുട്ടി സാർ എന്നിവരുടെ ശ്രമത്തിൻെറ ഭാഗമായി ഒരു പള്ളിക്കൂടം ആരംഭിച്ചു. ഈ പ്രദേശത്തെ ജനപ്രതിനിധികളായ ശ്രീ പൊന്നറ ശ്രീധർ, നെടുമങ്ങാട് കേശവൻ നായർ തുടങ്ങിയവരുടെ ശ്രമഫലമായി 1948 മേയ് മാസത്തിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അനുമതി നൽകി. ഒരു മുറിയും ഒരു വരാന്തയും അടങ്ങിയ സ്ഥലം ഒന്നാം ക്ലാസ് പ്രവർത്തിപ്രിക്കുന്നതിന് പൂവച്ചൽ വടക്കേവീട്ടിൽ ശ്രീ വാസുദേവൻ അവർകൾ സൗജന്യമായി നൽകുകയുണ്ടായി. കാട്ടുകമ്പുകളും ഈറയും ഉപയോഗിച്ച് 5 മുറികളുള്ള ഒരു ഓലപ്പുര നിർമ്മിക്കുന്നതിനാവശ്യമായ 42 സെന്റ് സ്ഥലം ശ്രീ നാക്കാര വി കേശവൻ നായരാണ് സൗജന്യമായി നൽകിയത്. പിന്നീട് ശ്രീ നാക്കാര വി കേശവൻ നായരിൽ നിന്നും 20 സെന്റ് സ്ഥലവും , ഓണംകോട് ശ്രീ കച്ചേരി കുമാരപിള്ളയിൽ നിന്നും 16 സെന്റ് സ്ഥലവും സമീപത്തുള്ള ഒരു കെട്ടിടവും ഉൾപ്പെടെ 82 സെന്റ് സ്ഥലം സ്കൂളിന് ലഭിച്ചു. 1956 ൽ പുതിയ കെട്ടിടം പണിതു. തുടർന്ന് 1957 ൽ ഈ വിദ്യാലയം യു പി സ്കൂളായി ഉയർത്തി. 1961 ൽ 27 ദിവസം കൊണ്ട് പുന്നാംകരിക്കകം ശ്രീ എം ശ്രീധരപ്പണിക്കർ പ്രൈമറി ഹാൾ പണിത് സർക്കാരിനെ ഏൽപ്പിച്ചു. പിന്നീട് കീഴ്ഭീഗത്ത് സ്ഥിതിചെയ്യുന്ന 6 മുറി കെട്ടിടവും, തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1981-82 ലെ പി. ടി. എ ശ്രീ നാക്കാര കേശവൻ നായർ മെമ്മോറിയൽ ലൈബ്രറി ഹാൾ നിർമ്മിച്ചു നൽകി. തുടർന്ന് 25 വർ‍‍ഷം പി. ടി. എ പ്രസി‍‌‍‍ഡന്റായിരുന്ന ശ്രീ ആർ ശങ്കരൻനായരുടെ ശ്രമഫലമായി ഓഫീസ് ഓഡിറ്റോറിയവും കെട്ടിടങ്ങളും സ്ഥാപിച്ചു. ആദ്യപ്രധമാധ്യാപകൻ ശ്രീ. രാമകൃഷ്ണപിള്ളയായിരുന്നു. ആദ്യ വിദ്യാർത്ഥി പി. സുഭദ്രാമ്മ.