പരിസ്ഥിതി
 നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും ഒഴിവാക്കാൻ പറ്റാത്തതുമായ ഒരു ഘടകമാണ് പരിസ്ഥിതി. ആ പരിസ്ഥിതിയിലാണ് നാം ജീവിക്കുന്നതു തന്നെ. മണ്ണ്, ജലം, വായു, ജീവജാലങ്ങൾ ഇവയെല്ലാം പരിസ്ഥിതിയിലടങ്ങിയിരിക്കുന്നവയാണല്ലോ. ഇവയൊന്നുമില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. ഇവയെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അന്തരീക്ഷം ഒരു പുതപ്പുപോലെ ഭൂമിയെ സംരക്ഷിക്കുന്നു. എന്നാൽ ഇപ്പോൾ മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികൾ പരിസ്ഥിതിക്ക് പരിക്കേൽപിക്കുന്നു. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന പ്രവർത്തനങ്ങൾ മനുഷ്യരുടെ ഭാഗത്തുനിന്നും ഏറിവരികയാണ്. മരങ്ങൾ മുറിച്ചും പ്ലാസ്റ്റിക് വലിച്ചെറിഞ്ഞും പ്രകൃതിക്ക് ദോഷമുണ്ടാക്കുന്നു. വായു മലിനീകരണം, ജലമലിനീകരണം, ശബ്ദമലിനീകരണം, പരിസരമലിനീകരണം, ഇവയെല്ലാം പ്രകൃതിയുടെ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുന്നു. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറത്തേയ്ക്ക് വരുന്ന പുക വായു മലിനീകരണത്തിനു കാരണമാണ്. ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള ജൈവ മാലിന്യങ്ങൾ ജലസ്രോതസുകളിലേയ്ക്ക് വലിച്ചെറിയുന്നതുകാരണം ജലം മലിനമാകുന്നു. മലിനീകരണം തടയാൻ സാധിച്ചാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ അതുപോലെ നിലനിറുത്താൻ കഴിയും. മാലിന്യങ്ങളും പ്ലാസ്റ്റിക്കും മണ്ണിലേക്ക് വലിച്ചെറിയാതിരുന്നാൽ പ്രകൃതി മലിനമാകുന്നത് തടയാൻ നമുക്ക് സാധിക്കും. പ്ലാസ്റ്റിക് , മാലിന്യങ്ങൾ ഇവ കത്തിക്കാതിരിക്കുക, വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക ഇവയിലൂടെ വായു മലിനീകരണം കുറയ്ക്കാൻ സാധിക്കും. മാലിന്യങ്ങൾ ജലസ്രോതസുകളിലേക്ക് വലിച്ചെറിയാതിരിക്കുക, കൃഷി സ്ഥലങ്ങളിൽ രാസവളപ്രയോഗം, കീടനാശിനികളുടെ പ്രയോഗം ഇവ നിയന്ത്രിക്കുക ഇവയിലൂടെ ജലമലിനീകരണം തടയാം. 
 കോടാനുകോടി വർഷം പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി. 
 പ്രപഞ്ച പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യകണം ഭൂമിയിൽ നാമ്പെടുത്തു. വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. ജീവജാലങ്ങളും അജീവ ഘടകങ്ങളും സമരസപ്പെട്ടുകഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതിയെന്നുവിളിക്കാം. 
 ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകളുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. വായു, ജലം, മണ്ണ്, കാലാവസ്ഥ തുടങ്ങിയവ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും നിലനിൽക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. ഒരു ജീവിയുടെ ജീവിത ചക്രവും അതിന്റെ സ്വഭാവ സവിശേഷതകളും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതി വലിയ പങ്കുവഹിക്കുന്നു.
അക്ഷയ അജി
7 D ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം