സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

   മാരാരിക്കുളം വില്ലേജിൽ ആദ്യമുണ്ടായ വിദ്യാലയമാണ് മാരാരിക്കുളം ഗവൺമെൻറ് എൽ.പി.സ്കൂൾ. കൊല്ലവർഷം 1085 ൽ മാരാരിക്കുളം ക്ഷേത്രത്തിന് വടക്കു വശം പോളയ്ക്കൽ കുടുംബ കാരണവരായ കുഞ്ഞൻ കുറുപ്പ് മൂന്നാഞ്ഞിലിക്കൽ പുരയിടത്തിൽ ആശാൻ പള്ളിക്കൂടമായാണ് വിദ്യാലയം ആരംഭിച്ചത്. ഫീസ് വാങ്ങിയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. 
   തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ രാജകുടുംബം അന്യം നിന്ന് പോകുമെന്നുള്ളതു കൊണ്ട് മാവേലിക്കര രാജകുടുംബത്തിൽ നിന്നും രണ്ട് രാജകുമാരിമാരെ ദത്തെടുത്തു. ഇളയ രാജകുമാരിയുടെ പുത്രനാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ. അദ്ദേഹത്തിന്റെ ജനനത്തോടു കൂടി രാജ്യത്ത് ധാരാളം പ്രൈമറി സ്കൂളുകൾ അനുവദിച്ചു. അങ്ങനെ കുടിപ്പള്ളിക്കൂടങ്ങൾ പ്രൈമറി സ്കൂളുകളായി മാറി. അതിൽ ഒന്നാണ് മാരാരിക്കുളം എലമെൻററി സ്കൂൾ എന്ന ഇപ്പോഴത്തെ മാരാരിക്കുളം ഗവ. എൽ.പി. സ്കൂൾ.
   സ്ഥലവും കെട്ടിടവും ഉണ്ടാക്കികൊടുത്താൽ അധ്യാപകർക്കുള്ള ശമ്പളവും സ്കൂൾ ഉപകരണങ്ങളും സർക്കാർ നൽകുമെന്ന വിളംബരം അനുസരിച്ച് തടയ്ക്കൽ കുടുംബം സ്ഥലവും മുഖപ്പോട് കൂടിയതും തറ ഇട്ടതും പലക തറച്ചതും ഓല കെട്ടിയതുമായ കെട്ടിടവും സർക്കാരിന് നൽകി. കാരണവരായ കുഞ്ഞൻ കുറുപ്പ് തന്നെ ആയിരുന്നു അധ്യാപകൻ. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. ഇത് ചേർത്തല താലൂക്കിലെ തന്നെ ആദ്യം നിലവിൽ വന്ന സ്കൂളുകളിൽ ഒന്നാണ്.