ഒരിക്കൽ കൂടി വായനദിനം വന്നു ചേർന്നിരിക്കുകയാണ്.മലയാളിയുടെ പ്രബുദ്ധതയുടെ അടയാളപ്പെടുത്തലാണ് ഈ ദിനത്തിൻ്റെ സാംസ്കാരിക പ്രാധാന്യം.ഒരു അന്ധവിശ്വാസത്തിൻ്റെയോ തെറ്റായ ഒരാചാരത്തിൻ്റെയോ പേരിലല്ല ഈ ദിനത്തെ നമ്മൾ ബഹുമാനിക്കുന്നത്. കേരളത്തിൻ്റെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ഗ്രന്ഥശാല പ്രസ്ഥാനം കെട്ടിപ്പടുത്ത മഹാനായ പി.എൻ പണിക്കരുടെ ചരമദിനമാണ് വായനദിനമായി നമ്മൾ ആചരിക്കുന്നത്. വായനയെ ഒരു രാഷ്ട്രീയ പ്രവർത്തനമായി കാണാൻ പി.എൻ പണിക്കർ സർശ്രദ്ധിച്ചിരുന്നു. കേരളത്തിൻ്റെ മുക്കിലും മൂലയിലും സഞ്ചരിച്ചെത്തുമ്പോൾ തന്നെ പുസ്തങ്ങളിലൂടെ അദ്ദേഹം ലോകസഞ്ചാരം നടത്തുകയുമായിരുന്നു. വായന, സത്യത്തിൽ ഒരു യാത്രയാണ്. അറിവില്ലായ്മയിൽ നിന്നു അറിവിലേക്കും വെളിച്ചത്തിലേക്കുമുള്ള യാത്രയാണത്. നമ്മുടെ ഒരായുസ്സുകൊണ്ട് ഒരു ജീവിതത്തെ മാത്രം കാണുമ്പോൾ വായിക്കുന്ന മനസ്സുകൾ ഒരായിരം ജീവിതങ്ങളെ കാണുകയാണ്.ലോക സീമകൾ എന്നു വ്യവഹരിക്കുന്നത് നമ്മുടെ അറിവുകൾ പ്രകാശമില്ലാതെ മങ്ങിപ്പോകുന്ന ക്യങ്ങളെയാണ്. അതിനെ മറികടക്കാൻ പുസ്തകങ്ങളുടെ പ്രകാശം കൊണ്ടേ കഴിയൂ.

വായന

അക്ഷരത്തിൻ്റെ നുറുങ്ങ് പ്രകാശങ്ങളെ കണ്ടറിഞ്ഞ മനീഷി ആയിരുന്നു പണിക്കർ സാർ.കേരളത്തിൻ്റെ ഇന്നലെകളെ സമരോത്സുകമാക്കിയതിൽ പുസ്തകങ്ങൾക്കുള്ള പങ്കു വളരെ വലുതാണ്. ഒരു തുള്ളി രക്തം പോലും ചിന്താ തെ ഭരണകൂടങ്ങളെ മാറ്റാനും മനുഷ്യ പക്ഷത്തുള്ള ഭരണാധികാരികളുടെ കയ്യിൽ ഭരണമെത്തിക്കാനും അക്ഷരങ്ങൾക്കു ,പുസ്തകങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടാണ് ലോകത്തുള്ള സ്വേഛാധികാരികളെല്ലാം പുസ്തകത്തെ ഭയപ്പെടുന്നത്. എഴുത്തുകാരേയും പുസ്തകത്തേയും റദ്ദു ചെയ്യുന്നത് ഒരു നിരന്തര പ്രക്രിയയായി സ്വീകരിച്ചവരായിരിക്കും പൊതുവെ ഫാസിസ്റ്റുകൾ. ഫാസിസത്തിനെതിരെയുള്ള നമ്മുടെ ശബ്ദങ്ങളെല്ലാം അക്ഷരതീപ്പന്തത്തിൻ്റെ പ്രകാശത്തിൽ കൂടുതൽ ഉജ്ജ്വലമായി പ്രകാശിക്കാട്ടയെന്നു ഈ വായനദിനത്തിൽ ആശംസിക്കുകയാണ്.