*വിദ്യാരംഗം കലാസാഹിത്യവേദി*

വിദ്യാർത്ഥികളുടെ കലാസാഹിത്യപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള കൂട്ടായ്മയാണ് വിദ്യാരംഗം..മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.

ജി.എച്ച്.എസ്.എസ്.കുട്ടമശ്ശേരിയിലെ യു. പി. തലം, ഹൈസ്കൂൾ തലം വിദ്യാരംഗം കോഡിനേറ്ററുമാരുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗാത്മകശേഷികൾ വളർത്തുന്നതിനുതകുന്ന നിരവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.

*വായനാപക്ഷാചരണം*

പുസ്തകങ്ങളുടെയും അറിവിന്റെയും വിശാലമായ ലോകം മലയാളികൾക്ക് പരിചയപ്പെടുത്തിയ പി.എൻ.പണിക്കരുടെ ചരമദിനമാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്.ഇതിനോടനുബന്ധിച്ച് സ്കൂളിൽ സാഹിത്യരംഗത്ത് പ്രതിഭ തെളിയിച്ച വ്യക്തികളെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും  വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞയെടുക്കുകയും ചെയ്തു.

*വാർത്താവായന മത്സരം*

   വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി വാർത്താവായന മത്സരം സംഘടിപ്പിച്ചു.

*ജി.ശങ്കരപ്പിള്ള ജന്മദിനം*(22-06-2021)

നാടകാചാര്യനായ ജി. ശങ്കരപ്പിള്ളയുടെ ജന്മദിനത്തോടനുബന്ധിച്ച് ജി.ശങ്കരപ്പിള്ള അനുസ്മരണം നടത്തി.ഗൂഗിൾ മീറ്റിലൂടെയാണ് നടത്തിയത്.പ്രശസ്ത നാടകകൃത്ത് എ. കെ. പുതുശ്ശേരി ആയിരുന്നു മുഖ്യപ്രഭാഷകൻ. നാടകരംഗത്തെ തന്റെ അനുഭവപരിചയവും അദ്ദേഹം കുട്ടികളോട് പങ്കുവച്ചു. ജി.ശങ്കരപ്പിള്ള എന്ന നാടകാചാര്യന്റെ കൃതികളിലൂടെയും ജീവിതത്തിലൂടെയുമുള്ള ഒരു പ്രയാണമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

*പൊൻകുന്നം വർക്കി ജന്മദിനം* (30-06-2021)

സമുദായത്തിലെ അനാചാരങ്ങളോട് നിരന്തരം കലഹിച്ചു കൊണ്ടിരുന്ന വിപ്ലവകാരിയായ കഥാകൃത്താണ് ശ്രീ.പൊൻകുന്നം വർക്കി.അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രശസ്ത കഥാകൃത്തായ യു.കെ.കുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അദ്ദേഹത്തിന്റെ ' ഓരോ വിളിയും കാത്ത് ' എന്ന ചെറുകഥ ഉൾപ്പെട്ടിരുന്നു. അതിനാൽ അദ്ദേഹത്തെ പരിചയപ്പെടാനും ആശയവിനിമയം നടത്താനും സാധിച്ചു.

*വി.സാംബശിവൻ ജന്മദിനം*(4/07/2021)

കഥാപ്രസംഗം കലയുടെ കുലപതിയായ സാംബശിവൻ അനുസ്മരണം ഗൂഗിൾ മീറ്റിലൂടെ നടത്തി.കഥാപ്രസംഗ കലയിൽ ശ്രദ്ധേയനായ ഇടക്കൊച്ചി പ്രഭാകരന്റെ മകനായ ശ്രീ.ഇടക്കൊച്ചി സലിംകുമാർ ആണ് അനുസ്മരണ പ്രഭാഷണം നടത്തി.

*വൈക്കം മുഹമ്മദ് ബഷീർ ചരമദിനം* (05/07/2021)

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ആചരിച്ചു.കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.വിവിധ കലാപരിപാടികൾ അരങ്ങേറി.പ്രശസ്ത അഭിഭാഷകനും കേരളത്തിലെ ആദ്യ വനിതാ ജഡ്ജിയുമായ ശ്രീമതി കെ. കെ. ഉഷയുടെ ഭർത്താവും സാഹിത്യകുതുകിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. കെ. സുകുമാരനാണ് അനുസ്മരണപ്രഭാഷണം നടത്തിയത്.

*ഐ.വി.ദാസ് ജന്മദിനം*(7/07/2021)

പ്രശസ്ത പത്രപ്രവർത്തകനായ ഐ. വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തിയത് കോഴിക്കോട് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിൽ വിദ്യാഭ്യാസ ഡോക്യൂമെന്ററികൾ സംവിധാനം ചെയ്യുകയും സ്ക്രിപ്റ്റുകൾ തയ്യാറാക്കുകയും ചെയ്യുന്ന സജീദ് നടുത്തൊടിയാണ്. ജനാധിപത്യത്തിന്റെ  നാല് നെടുംതൂണുകളിൽ ഒന്നായ മാധ്യമപ്രവർത്തനത്തിൽ പാലിക്കേണ്ട ധാർമ്മികതയെക്കുറിച്ച് അദ്ദേഹം സുദീർഘമായ പ്രസംഗം നടത്തി.

*വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ തല ഉദ്ഘാടനം*(12-07-21)

ആലുവ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം ജൂലൈ 12 ന് നടത്തി. കോവിഡ് 19 ന്റെ സാഹചര്യം ആയതിനാൽ ഗൂഗിൾ മീറ്റിലൂടെയാ ണ് പരിപാടി നടത്തിയത്.പ്രശസ്ത സീരിയൽ താരം നിയാസ് ബക്കറാണ് ഉദ്ഘാടനം നിർവഹിച്ചത്.'മറിമായം 'എന്ന സീരിയലിലെ അഭിനേതാവ് കൂടിയായ അദ്ദേഹം കലയെ പ്രകാരം സാമൂഹിക വിമർശനത്തിന് ഉപയോഗിക്കാമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ ധാരാളം കലാപരിപാടികൾ അരങ്ങേറി.

*ഫോട്ടോഗ്രാഫി മത്സരം*(19-08-21)

ലോകഫോട്ടോഗ്രാഫി ദിനമായ ആഗസ്റ്റ് 19ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി മത്സരം നടത്തി.'മനുഷ്യനും പ്രകൃതിയും' എന്ന വിഷയത്തിന് ആധാരമാക്കിയുള്ള മത്സരത്തിൽ 7 ബി -യിലെ ദിയ ഫാത്തിമ യു. പി.തലത്തിൽ നിന്നും ശ്രീപാർവ്വതി അനിൽ ഹൈസ്കൂൾ തലത്തിൽ നിന്നും വിദ്യാലയത്തെ പ്രതിനിധീകരിച്ച് മത്സരിച്ചു.

*ഓണാഘോഷം* (19-08-2021)

ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട്  വിദ്യാലയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഓൺലൈനായി സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ നാടൻപാട്ട്,നൃത്തം,കവിതാപാരായണം എന്നിവ ഉൾപ്പെട്ടിരുന്നു. ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ വിവിധതരം ഓണപ്പൂക്കളെ പരിചയപ്പെടുത്തി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ ഓണക്കളികൾ പരിചയപ്പെടുത്തിക്കൊണ്ട് ഒരു പവർ പോയിൻറ് പ്രെസന്റെഷൻ തയ്യാറാക്കി.ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി  മലയാളി മങ്ക മത്സരവും കേരള ശ്രീമാൻ മത്സരവും നടത്തുകയുണ്ടായി. തുടർന്ന് ഓണപ്പാചകം മത്സരവും ഓണപ്പൂവ് ഫോട്ടോഗ്രാഫി മത്സരവും നടത്തി കുട്ടികൾ സമ്മാനം നേടുകയും ചെയ്തു.

*വയലാർ അനുസ്മരണം*(27-10-21)

വിദ്യാരംഗത്തിന്റെയും എസ്. പി. സി.യുടെയും നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തി.കുട്ടികൾ വയലാറിന്റെ ലഘുജീവചരിത്രം ഡോക്യുമെന്ററി രൂപത്തിൽ അവതരിപ്പിച്ചു. പി ടി. എ.പ്രസിഡൻറ് അധ്യക്ഷനായ പരിപാടിയിൽ എസ്.പി. സി.അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ശ്രീ. ഷാബു,സിവിൽ പോലീസ് ഓഫീസറായ ശ്രീ.പ്രദീപ്,ഗായകരായ ശ്രീമതി ഗീതുബിനു (എസ്. എൻ. ഡി. പി. നീലീശ്വരം ), സുനിൽ ഉളിയന്നൂർ,ശ്രീമതി നിജിത(ആർ. എൽ. വി.)എന്നിവരും പങ്കെടുത്തു.വിദ്യാർത്ഥികളുടെ രക്ഷിതാക്കളും വയലാർ രചിച്ച ഗാനങ്ങൾ ആലപിച്ച് സംഗീതാർച്ചന നടത്തി.