ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/പരിസരശുചിത്വം രോഗപ്രതിരോധം
പരിസരശുചിത്വം രോഗപ്രതിരോധം
നമ്മളിപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഭയാനകമായ ഈ സാഹചര്യത്തിൽ പരിസര ശുചിത്വം രോഗപ്രതിരോധം എന്ന വിഷയം വളരെ പ്രാധാന്യം അർപ്പിക്കുന്നു. കൊറോണ എന്ന മഹാമാരി ലോകത്തെ മൊത്തത്തിൽ വിഴുങ്ങാൻ തയ്യാറായി നിൽക്കുമ്പോൾ അതിജീവനത്തിനായി പല വഴികളും കൈക്കൊണ്ടുവരുന്നു. മനുഷ്യനിർമ്മിതമോ അല്ലാതെയയോ വന്ന ഈ വൈറസ് ഇന്ന് മാനവരാശിക്ക് ഒരു ഭീഷണിയായി മാറി. ഒരുപക്ഷേ ചൈനയിലെ ഒരു ചെറിയ കോണിൽ തുടങ്ങിയ ഈ വൈറസ് ബാധ മെഡിക്കൽ സയൻസിനുപോലും പിടിച്ചു നിർത്താൻ പറ്റാത്ത വിധത്തിൽ മാറിയിരിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും മനുഷ്യനെ കൊന്നൊടുക്കുന്ന ഈ സൂക്ഷ്മ ജീവിക്കു മുന്നിൽ വൻ കിട ലോക രാഷ്ട്രങ്ങൾ പോലും നിസ്സഹായരായി നിൽക്കുന്ന ദയനീയ അവസ്ഥയ്ക്ക് നാം എല്ലാവരം സാക്ഷികളാണ്. ഈ അവസരത്തിൽ പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും എല്ലാം വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ടുന്ന വിഷയങ്ങളാണ്. പരിസ്ഥിതിക്കു ദോഷമായി മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഭലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഇത് പലപ്പോഴും പരിസ്ഥിതിയെ ദോഷമായി ബാധിക്കാറുണ്ട്. ഭൂമിയിലെ ചൂടിന്റെ വർധന കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശുദ്ധ ജല ക്ഷാമം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. നഗരവത്കരണം പരിസ്ഥിതിയിൽ ഉണ്ടാകുന്ന ഒരു മാറ്റമായി കാണാവുന്നതാണ്. നമ്മുടെ നാട്ടിൽ പെട്ടെന്ന് നഗരങ്ങ്ൾ വളരുന്നുണ്ട്. വീടിനു ചുറ്റും ജലസംഭരണികളിലും പാത്രങ്ങളിലുമൊക്കെ വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകൾ പെരുകുന്നതിന് കാരണമാകുന്നു. ഈ സ്ഥലങ്ങളിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നീ രോഗങ്ങൾ പടരുന്നു. തക്കാളിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, നിപ, ഇപ്പോൾ നമ്മളെല്ലാം ഭയത്തോടെ നോക്കുന്ന കൊറോണ എന്ന മഹാമാരി ഉൾപ്പെടെ ലോകമെമ്പാടും പൊടുന്നനെ ആവിർഭവിക്കുന്ന പകർച്ചപ്പനി രോഗങ്ങൾ നമുക്ക ഭീഷണി തന്നെയാണ്. എല്ലാ വൻകരകളിലും ഇടയ്കിടയ്ക് പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്ന പുതിയ രോഗങ്ങൾ അവയ്ക്ക് കാരണമാകുന്ന രോഗാണുക്കൾ, തികച്ചും പുതിയ അണുക്കൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. എല്ലാവരും മറന്നു കിടന്നവയിൽ ചിലത് ഭാഗികമായി തിരിച്ചുവരുന്നു. വന്യമായ ഒരു പരജീവി വൈറസ് മനുഷ്യനെ ബാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ സഞ്ചാര പാതയിൽ പെടുവാനുള്ള സാഹചര്യം മനുഷ്യൻ സ്വയം സൃഷ്ടിച്ചു എന്നതാണ്. പല അണുക്കളും വവ്വാലിലും എലികളിലും രോഗം ഉണ്ടാക്കാതെ ഉറങ്ങിക്കിടക്കുകയും ഇവയുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോൾ വൈറസുകൾ പുറത്തിറങ്ങുകയും ചെയ്യുന്നു. വവ്വാലുകൾ പ്രധാനപ്പെട്ട ഒരാലയമാണ്. എബോള, നിപ, സാർസ് എന്നിവ ഇതിനുദാഹരണങ്ങൾ. ഹാന്റാ വൈറസിന്റെ വാഹകർ എലികളാണ്. വൈറസുകൾ ദിവസങ്ങളുടെ പെരുകുന്നു. ഇത്ര പെട്ടെന്ന് പെരുകുന്ന ജീവികൾക്ക് മ്യൂട്ടേഷൻ അഥവാ ജനിതകവ്യതിയാനം വളരെ വേഗമാണ്. വൈറസുകൾ പൊതുവെ അടിക്കടി ജനിതകമാറ്റം വരുത്തുന്നു. ഇവ മനുഷ്യ ശരീരത്തിൽ എത്തുമ്പോൾ തീർത്തും അപരിചിതമായ പുതിയൊരു വൈറസായി തീരുവാൻ മാത്രമുള്ള വ്യതിയാനങ്ങൾ സംഭവിക്കുന്നു. മനുഷ്യന്റെ പ്രതിരോധശക്തി കീഴിപ്പെടുത്തി അവനെ രോഗിയാക്കി മാറ്റുകയും ചെയ്യുന്നു. ഇന്ന് ലോകം മൊത്തം ഒരു നഗരമാണ് അതുകൊണ്ട് മേൽപ്പറഞ്ഞ കാരണങ്ങളാൽ ഏതെങ്കിലും ഒരു രോഗമുണ്ടായാൽ ലോകം മൊത്തം പകരാനുള്ള സാഹചര്യമുണ്ട്. ഇങ്ങനെ ലോകത്തിന്റെ ഒരു കോണിൽ ചുരുക്കം ചില മനുഷ്യരിൽ മാത്രമുണ്ടായിരുന്നതോ ഏതെങ്കിലും ഒരു ജീവിയിൽ ഉറങ്ങിക്കിടന്നതോ ആയ ഒരു പുതിയ അണു ജനസമൂഹത്തിൽ വലിയ തോതിൽ രോഗാണുബാധ ഉണ്ടാക്കും. രോഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം പരിസര ശുചിത്വം എന്നിവയാണ്. ആരോഗ്യശുചിത്വ പരിപാലനത്തിന്റെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണമാകുന്നത്. മാരകമായ പകർച്ചവ്യാധികൾ തടയുന്നതിന് പരിസര ശുചിത്വം, ശുദ്ധ ജലം, ശുദ്ധ വായു, ആരോഗ്യകരമായ ഭക്ഷണ ശൈലി ഇവ എല്ലാം പ്രധാനപ്പെട്ടതാണ്. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, വീടിനുള്ളിൽ എലികൾ, വവ്വാലുകൾ തുടങ്ങിയവ വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. വെള്ളം കെട്ടി നിന്ന് കൊതുകുകൾ പെരുകുന്നതും, പ്ലാസ്റ്റിക്ക് വേസ്റ്റുകൾ വലിച്ചെറിയുന്നത് ഒഴിവാക്കുക. ഇവ ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യുക. വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ വൃത്തിയായി കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയാഗിക്കുക. കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുക. രോഗലക്ഷണം കണ്ടാൽ കൃത്യ സമയത്ത് വൈദ്യസഹായം തേടുക. രോഗം ബാധിച്ചവരിൽ നിന്ന് അകലം പാലിക്കുക. ഇതിലൂടെ സൂക്ഷ്മജീവികളുടെ വ്യാപനത്തെ ഒരു പരിധി വരെ തടയാൻ സാധിക്കും “രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്.”
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |