ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/സാമൂഹ്യ സേവനം

സാമൂഹ്യ സേവനം      
                               മനുഷ്യ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന വിശിഷ്ടഗുണത്തിനൊരു ഉദാഹരണമാണ് 'സാമൂഹ്യസേവനം'.വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ ഒരുപോലെ സ്വാധീനിക്കുന്ന ഘടകമാണിത് ലോകത്തു എല്ലായ്പ്പോഴും എല്ലായിടത്തും അത്തരം സദ്‌വികാരം കാത്തുസൂക്ഷിക്കുന്ന അനേകം വ്യക്തിത്വങ്ങളുണ്ട് .ഇരുട്ടിലാണ്ട ജീവിതങ്ങളിൽ നന്മയുടെയും പ്രതീക്ഷയുടെയും ഇത്തിരിവെട്ടം  നിറയ്ക്കുവാൻ അസംഖ്യം പ്രവർത്തനങ്ങൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുമുണ്ട് .ജീവിതവിജയത്തിന്റെ ശരിയായ മധുരവും ആഹ്ലാദവും ആസ്വദിക്കുവാൻ പ്രവർത്തികളിൽ സേവനത്തിന്റെ അംശം കൂടിയേ തീരു . നിറഞ്ഞ മനസ്സോടെ പ്രതിഫലേച്ഛ യില്ലാതെ സമൂഹത്തിനോ സാമൂഹിക ഘടകങ്ങൾക്കോ നന്മ നിറയ്ക്കുന്ന ഏതൊരു ചെറിയ പ്രവൃ ത്തിയും സാമൂഹ്യ സേവനമാണ് .ജാതിയുടെയും, വർഗത്തിന്റെയും ,മതത്തിന്റെയും അതിർവരമ്പുകൾ സേവനത്തിൽ വിഷയമാകുന്നതേയില്ല .സേവനം പലതരത്തിലുണ്ട് .ആതുരസേവനം ,പരിസ്ഥിതിപരിപാലനം ,സാക്ഷരതാപ്രവർത്തനങ്ങൾ ,വൃക്ഷസംരക്ഷണനീതിന്യായ പ്രവർത്തനങ്ങൾ, അനാഥ സംരക്ഷണം  എന്നിങ്ങനെ അതിന്റെ പട്ടിക നീണ്ടുപോകുന്നു 
                                    പകർച്ചവ്യാധികളുടെ  നിർമാർജ്ജനം  ലക്ഷ്യമാക്കിക്കൊണ്ടുള്ള ആരോഗ്യ    പ്രവർത്തനങ്ങൾ ലക്‌ഷ്യം കാണുന്നില്ലേ .സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ ഏവർക്കും വിദ്യാഭ്യാസം എന്ന സുവർണ്ണ സ്വപ്നം നമ്മൾ സാക്ഷാത്‌കരിച്ചില്ലേ .ഇന്ന് വഴിയോരങ്ങളിൽ തണൽക്കുടയുമായ് തലയുയർത്തിനിൽക്കുന്ന വൃക്ഷരാജാക്കന്മാർ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയല്ലേ .വ്യക്തിഗതമായോ ,കൂട്ടായുള്ളതോ ആയ സഹായസഹകരണങ്ങൾ  സമൂഹത്തിൽ ഇക്കാലത്തും നല്ല രീതിയിൽ നടന്നു വരുന്നുണ്ട് .
                                   ജീവിതം  ആവേശഭരിതമായ ഒന്നാണ് .അത് ഏറ്റവും ഉദ്വേഗജനകമാകുന്നത്  മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് .എന്ന് പറഞ്ഞ ഹെലൻകെല്ലർ വൈകല്യങ്ങളുള്ളവർക്കും  പൊതുജനസേവനം നടത്താമെന്നു സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരുകയാണ് .
                                    ജീവലോകത്തിൽ  ചിന്താശേഷി ,ബുദ്ധിശക്തി എന്നിങ്ങനെ അനേകം സവിശേഷതകളാൽ ഏറ്റവും ഉയർന്ന തലത്തിൽ എത്തിച്ചേർന്നിരിക്കുന്നവനാണ് മനുഷ്യൻ .നിരവധി സദ്ഗുണങ്ങളുടെയും  ദുർഗുണങ്ങളുടെയും വിളനിലമാണ് മനുഷ്യമനസ്സ് .ഇതിൽ സദ്‌വികാരങ്ങളെ വളർത്തിയെടുക്കുകയും ദൈന്യതയുടെ  നേർരൂപങ്ങളെ  സഹായിക്കാനും ക്ഷേമത്തിനായി പ്രവർത്തിക്കാനും നമുക്കോരോരുത്തർക്കും കഴിയണം .സ്വയം ഉരുകിയാലും മറ്റുള്ളവർക്ക് പ്രകാശമായി നിറയുകയെന്ന പവിത്ര ധർമ്മപാതയാണ് നാം പിന്തുടരേണ്ടത് .
                                  
ദിവ്യ.എസ്
7 ഗവ.യു.പി.സ്കൂൾ ചിറ്റൂർ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം