ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ജീവിതം എന്നും ലോക്ഡൗണിൽ
ജീവിതം എന്നും ലോക്ഡൗണിൽ
അന്ന് ആ നിലാവുള്ള രാത്രിയിൽ ദേവു തനിച്ചായിരുന്നു. ജനലഴിയിലൂടെ നിലാവിന്റെ അനന്തതയിലേക്ക് നോക്കി നിൽക്കെ എന്തെല്ലാമോ ചിന്തകൾ അവളുടെ മനസ്സിനെ കീറിമുറിച്ചു മനസ്സിന്റെ നീറ്റൽ അവളുടെ മുഖത്തും പ്രകടമാണ്. നഗരത്തിലെ ആശുപത്രിയിലെ നേഴ്സ് ആണ് അവളുടെ അമ്മ. ചുമരിൽ ഒരു അലങ്കാരം എന്ന പോലെ കത്തിച്ചുവച്ച വിളക്കിനു മുന്നിൽ പുഞ്ചിരിതൂകി നിൽക്കുന്ന ഒരു ചിത്രമാണ് അവൾക്ക് അച്ഛൻ. കുറച്ചുദിവസമായി അമ്മ വീട്ടിൽ വന്നിട്ട് അമ്മയുടെ അഭാവം അവളെ വല്ലാതെ തളർത്തി. അയൽവീട്ടിലെ വല്യമ്മ ഇടയ്ക്ക് അവളുടെ വീട്ടിൽ വരാറുണ്ടായിരുന്നു എന്നാൽ കുറച്ചു ദിവസമായി വല്യമ്മയും വരാറില്ല. "വല്യമ്മേ അയൽ വീട്ടിലേക്ക് ഒന്നും പോവേണ്ട അവിടുത്തെ നേഴ്സ് സീത അവൾക്ക് കൊറോണ ആയിരുന്നു "വീട്ടിൽ പാൽ തരാൻ വരുന്ന ദാമു ചേട്ടൻ പറഞ്ഞു. ദാമു ചേട്ടനോ പത്രവുമായി വരുന്ന കുഞ്ഞച്ചൻ ചേട്ടനോ ഇപ്പൊൾ വീട്ടിൽ വരാറില്ല.സമൂഹത്തിൽ നിന്നും തികച്ചും ഒറ്റപ്പെട്ടു ഇരിക്കുകയാണ് ദേവുവീന്റെ വീട്. അമ്മക്ക് രോഗം മാറിയെങ്കിലും ഇന്നും സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുക ആണെന്ന തോന്നൽ അവളിൽ ഉണ്ടായി. കോവിഡ് ബാധിതയായിരുന്നു അമ്മ അനുഭവിച്ച അസ്വസ്ഥതകൾക്ക് അപ്പുറമാണ് സമൂഹത്തിൽ ഒറ്റപ്പെടുമ്പോൾ ദേവു അനുഭവിക്കുന്ന വേദനകൾ.തന്റെ സഹപാഠികളായ കുട്ടുവിനേയും അപ്പുവിനേയും കിച്ചുവിനേയും പോലെ പുറത്തുപോയി കൂട്ടുകാരുമൊത്ത് കളിക്കാൻ അവൾക്കും ആഗ്രഹമുണ്ട്. എന്നാൽ "നീ ഒരു പെണ്ണാണ് പുറത്തുപോയി കുട്ടികളുമായി കളിക്കാൻ പാടില്ല. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടതാണ് നിന്റെ ജീവിതം കളിക്കാൻ പോകുന്ന സമയം വല്ല വീട്ടു ജോലിയും ചെയ്യു" മുത്തശ്ശിയുടെ ഇത്തരം വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു. ചിലപ്പോഴൊക്കെ അവൾ ചിന്തിക്കാറുണ്ട്,താൻ ഒരു പെണ്ണ് ആയതിനാൽ ആണോ ഇത്തരം ഒരു ജീവിതം. കളിക്കാൻ കൂട്ടുകാർ ഇല്ലാതെ, മനസ്സു തുറന്നു സംസാരിക്കാൻ അമ്മയില്ലാതെ അവളൊരു കോവിഡ് ബാധിതയെ പോലെ വീടിനുള്ളിൽ ശ്വാസം മുട്ടിഖഴിയുകയാണ്. എല്ലായിടത്തും ലോക്ഡൗൺ ആണ്. കുറച്ചു ദിവസങ്ങൾക്കകം ലോക്ഡൗൺ മാറിയേക്കാം എന്നാലും നമ്മുടെ സമൂഹത്തിൽ പലരുടെയും മനസ്സിൽ പെൺകുട്ടികളുടെ ജീവിതം എന്നും ലോക്ഡൗണിലാണ്.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |