ഗവ.എൽ.പി.എസ് ളാക്കൂർ/അക്ഷരവൃക്ഷം/പൊരുതാം നമുക്ക് കോവിഡിനെതിരേ
പൊരുതാം നമുക്ക് കോവിഡിനെതിരേ
പൊരുതാം നമുക്ക് കോവിഡിനെതിരേ കൊറോണ എന്നത് സാർസ് വൈറസ് കുടുംബത്തിൽ പുതുതായി കണ്ടെത്തിയ വൈറസ് ആണ് . വായിലൂടെയും മൂക്കിലൂടെയും കയറിക്കൂടി വളരെ വേഗം ശ്വാസകോശത്തിൽ വ്യാപിക്കുന്ന വൈറസ് ആണിത്. കൂടുതൽ ശരീരകോശങ്ങളിലേക്ക് കടക്കുന്നതോടു കൂടിയാണ് രോഗം മാരകമാകുന്നത്. ഇൻഫ്ലുവൻസ വൈറസിന് (ജലദോഷ വൈറസ് ) എതിരെ നമ്മുടെ ശരീരത്തിന് കുറെയേറെ പ്രതിരോധ ശേഷി ഉണ്ട്. എന്നാൽ പുതിയ വൈറസിനെ പ്രതിരോധിക്കാനുള്ള ശരീരത്തിൻെറ ശേഷി വളരെ കുറവാണ്. അതാണ് കോവിഡ് 19 വളരെ പേരെ ബാധിക്കാൻ കാരണം . ചൈനയിലെ വൂഹാൻ മാർക്കറ്റാണ് കൊറോണ വൈറസിൻെറ പ്രഭവ കേന്ദ്രം. കൊറോണ വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 . ( Covid 19 -> corona viral disease 2019) നമ്മുടെ മുടി നാരിനേക്കാൾ വളരെ ചെറുതാണ് കൊറോണ വൈറസ് .മനുഷ്യൻെറ മുടി നാരിൻെറ വലിപ്പം / വ്യാസം 15 മൈക്രോൺസും വൈറസിൻെറ വ്യാസം 0.12 മൈക്രോൺസും ആണ് . ഇതിനെ പ്രതിരോധിക്കാൻ n95 മാസ്ക് ആണ് ആവശ്യം. പനി , ചുമ ,തൊണ്ടവേദന , ശ്വാസം മുട്ടൽ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. ന്യൂമോണിയ ഉണ്ടാകാം . വൃക്കയെയും ബാധിക്കാം. വയോജനങ്ങളെയും മറ്റു അസുഖം ഉള്ളവരെയും കൂടുതൽ ബാധിക്കാം. രോഗിയുടെ ശരീര ശ്രവത്തിലൂടെയാണ് രോഗം പടരുന്നത്. അവർ ഇരിക്കുന്ന കസേര, മേശ, വാതിലുകളുടെ പിടി ,വസ്ത്രം തുടങ്ങിയ എല്ലാത്തിലും വൈറസ് ഉണ്ടാകാം. കൊറോണ വൈറസ് ബാധിച്ചാൽ 48 മണിക്കൂർ കഴിഞ്ഞേ രോഗലക്ഷണം കാണിച്ചു തുടങ്ങു. അഞ്ചു മുതൽ ആറ് വരെ ദിവസം കഴിയുമ്പോഴാണ് രോഗം ശരിക്കും അറിയുന്നത്. രോഗലക്ഷണം കാണിക്കുന്നതിന് മുമ്പ് തന്നെ രോഗിയിൽ നിന്ന് വൈറസ് പകരും. രോഗം പടർന്നു പിടിക്കാതിരിക്കാൻ ശുചിത്വം പാലിക്കണം. തൂവാല, തുണി, തോർത്ത് ഉപയോഗിച്ച് ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മുഖം മറയ്ക്കണം. ഇവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കണം. വെറുതേ ഇരിക്കുന്ന സമയത്ത് ചിറി, മൂക്ക്, വായ്, കണ്ണ് എന്നിവയിൽ കൈ തൊടരുത്. ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത ഈ രോഗത്തിന് ശരിയായ പരിചരണവും വ്യക്തി ശുചിത്വവും മാത്രമാണ് പ്രതിവിധി. സമൂഹവ്യാപനം തടയുന്നതിനും കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരി ലോകത്തിൽ നിന്നും ഒഴിവാക്കുന്നതിന് നമ്മുടെ ആരോഗ്യ മേഖല പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാവൂ. “ Break the chain” എന്ന മുദ്രാവാക്യമാണ് കൊറോണ വൈറസിനെതിരേ നമ്മൾ പാലിക്കേണ്ടത്. ലോകത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആക്രമണത്തിൽ മരണ നിരക്ക് ഒന്നര ലക്ഷം കവിഞ്ഞു. ഈ അപകടകരമായ സാഹചര്യത്തിൽ തങ്ങളുടെ കർത്തവ്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമ പാലകർക്കും അഭിനന്ദനം അർഹിക്കുന്നു. കൂടാതെ കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവരോടും രോഗികളോടും അകലം പാലിക്കണം. എന്നാൽ അത് മനസ്സു കൊണ്ടാവരുത്. രോഗം ആർക്കു വേണമെങ്കിലും വരാം. ആ രോഗത്തെ ചെറുത്തു നിർത്താൻ ആതുര സേവകരുടെ പരിചരണവും ഒപ്പം നാട്ടുകാരുടെ സ്നേഹം നിറഞ്ഞ വാക്കുകളും പ്രാർത്ഥനകളും ഉണ്ടാകണം. ഇവരെ ഒരിക്കലും സമൂഹത്തിൽ ഒറ്റപെടുത്തരുത്. ഈ അവസ്ഥയോട് ഭയമല്ല വേണ്ടത്, ജാഗ്രതയാണ്.
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |