ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/അക്ഷരവൃക്ഷം/കരുതലിന്റെ കാത്തിരുപ്പ്.

കരുതലിന്റെ കാത്തിരുപ്പ്.


ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരിയായ കോവിഡ് 19, 2019 ഡിസംബറിൽ ചൈനയിലാണ് പൊട്ടി പുറപ്പെട്ടത്. ഓരോ നിമിഷവും ആയിരങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടു, അത് ഇന്ത്യയിലും എത്തിച്ചേർന്നു. താമസിയാതെ കേരളത്തിലും എത്തി. കേരളത്തിൽ കൊറോണ കേസ് റിപ്പോർട്ട്‌ ചെയ്തപ്പോൾ തന്നെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിച്ചു. ആ സമയമായിരുന്നു സ്കൂളിലെ വാർഷിക പരീക്ഷകൾ നടന്നിരുന്നത്. എന്നാൽ ലോക്ക് ഡൗൺ മൂലം കുറച്ചു പരീക്ഷകൾ മാറ്റി വെക്കേണ്ടതായി വന്നു. കൊറോണ വൈറസിന്റെ അതി വ്യാപനം മൂലം മാറ്റിവെച്ച പരീക്ഷകൾ പിന്നീട് റദ്ദാക്കുകയും ചെയ്തു . വിജനമായ നിരത്തുകളും കടകമ്പോളങ്ങളും - തികച്ചും ആശങ്കയുണ്ടാക്കുന്ന ഒരവസ്ഥ . നിരന്തരം അധ്യാപകരും കൂട്ടുകാരുമായി ഇടപഴകികൊണ്ടിരിക്കെ, കൊറോണ വ്യാപന സമയത്തെ ലോക് ഡൗൺ മൂലം പെട്ടന്നുണ്ടായ ഒരു വിരാമം ധാരാളം ഉത്കണ്ഠകൾ ഉളവാക്കിയെങ്കിലും ഇപ്പോൾ അതുമായി ഏറെക്കുറെ പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ മനുഷ്യസമൂഹത്തിന്റെ ഭാവിക്ക് അനിവാര്യമാണെന്ന തിരിച്ചറിവ് നമ്മൾക്ക് പകർന്നുനൽകാൻ ഈ കാലം ഉപകരിച്ചു. കാലങ്ങളായി പിന്തുടർന്ന് വന്നിരുന്ന നമ്മുടെ ശീലങ്ങളിൽ നിന്നുള്ള മാറ്റം ഒരു അനിവാര്യതയായി. ഈ പ്രതിസന്ധിയെ മറികടക്കുവാൻ ലോക്ക് ഡൗൺ അല്ലാതെ മറ്റൊരു മാർഗ്ഗവും നമുക്ക് സ്വീകരിക്കുവാൻ ഇല്ല.

ലോക്ക് ഡൗൺ കാലയളവിൽ ധാരാളം സമയം നീണ്ടു കിടക്കുകയാണ്. ഗുരുവചനങ്ങൾ കേൾക്കാത്ത, കൂട്ടുകാരുടെ കലപിലകൾ ഇല്ലാത്ത, നീണ്ട മണി മുഴക്കങ്ങൾ തങ്ങിനിൽക്കുന്ന വിദ്യാലയ മുറ്റം അനുഭവിക്കാൻ കഴിയാത്ത ഒരു നീണ്ട അടച്ചിടൽ കാലം. അപ്പോഴാണ് ഈ സമയത്തെ എങ്ങനെ സമർഥമായി ഉപയോഗപ്പെടുത്താം എന്ന ചിന്ത ഞങ്ങളുടെ മനസ്സിലേക്ക് ഇട്ടു തന്നു കൊണ്ട് ഞങ്ങളോടൊപ്പം അധ്യാപികയായി, കളിക്കൂട്ടുകാരി യായി ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ വാട്സപ്പ് ഗ്രൂപ്പിൽ ഞങ്ങൾക്ക് നിർദ്ദേശങ്ങൾ അയച്ചുതന്നു തുടങ്ങിയത്. അതുവഴി സമയത്തെ സമർഥമായി കളിയും കാര്യവുമായി ഉപയോഗപ്പെടുത്തുവാൻ സാധിച്ചു .

ഇതിനിടെ കോവിഡ് 19 ഒരു മഹാമാരിയായി ലോകം മുഴുവൻ പെയ്തിറങ്ങുകയായിരുന്നു. മനുഷ്യസമൂഹത്തിന്റെ അതിജീവനത്തിന്റെ നാളുകൾ. ഇന്ത്യയാകെ അടച്ചിരിക്കുക എന്നുള്ളത് എന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമാണ്. ലോക ചരിത്രത്തിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടെന്നു തോന്നുന്നില്ല. വരാൻപോകുന്ന വലിയൊരു മാറ്റത്തിന്റെ സൂചന ഇതിലുണ്ട്. ഒരു പരിധിവരെ രോഗ വ്യാപനം തടയുന്നതിന് ഇതുകൊണ്ട് സാധിച്ചു എന്നു പറയാം. അതുപോലെ തന്നെ മനുഷ്യൻ ബന്ധന സ്ഥനായ പ്പോൾ മറ്റുള്ള എല്ലാ ജീവജാലങ്ങളും സ്വതന്ത്രരായി പ്രകൃതിയിൽ ജീവിക്കാൻ തുടങ്ങി. പ്രകൃതി നമ്മൾക്കു മാത്രം ഉള്ളതല്ല. ജൈവവൈവിധ്യം ഒരു അനിവാര്യതയാണ്.


തെളിഞ്ഞ പ്രഭാതങ്ങളും, കുളിർ തെന്നലും, ഉന്മേഷം പൂണ്ട വൃക്ഷ ശിഖരങ്ങളും, മാധുര്യമൂറുന്ന കിളിനാദങ്ങളും, ആവോളം ശ്വസിക്കാൻ തോന്നുന്ന പ്രാണവായുവും ആസ്വദിക്കുന്നതിനിടയിൽ ഒരു വേദനയായി പത്തനംതിട്ടയിലെ ചുട്ടുപൊള്ളുന്ന പകലിലും രാത്രി വൈകിയ വേളകളിലും സേവന സന്നദ്ധനായി, രോഗവ്യാപനം തടയുന്നതിനായി എല്ലായിപ്പോഴും പതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്യുന്ന, എന്റെ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ എന്നോടൊപ്പം ഉണ്ടായിരുന്നു. പത്തനംതിട്ട ആയിരുന്നു കൊറോണ കേസ് ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ഒന്ന്. അന്നുമുതൽ ഈ ജില്ലയിൽ നിരോധനാജ്ഞയും ഉണ്ടായിരുന്നു. അതിപ്പോഴും നീണ്ടുനിൽക്കുന്നു. അതുപോലെതന്നെ പത്തനംതിട്ട ജില്ല കൊറോണ ഹോട്ട്സ്പോട്ടു മാണ്. അതിനാൽ എന്റെ അച്ഛനു വീട്ടിലേക്ക് വരുവാനോ ഞങ്ങളെ കാണുവാനോ കഴിഞ്ഞ രണ്ടുമാസമായി കഴിയുന്നില്ല. അതൊരു നൊമ്പരമായി ഇപ്പോഴും എന്നോടൊപ്പമുണ്ട്. അച്ഛൻ ഇനി എത്ര ദിവസങ്ങൾ കഴിഞ്ഞ് വീട്ടിൽ എത്തും എന്നതിന് ഒരുറപ്പുമില്ല. എങ്കിലും പ്രതിസന്ധിയുടെ കാലഘട്ടത്തിൽ രോഗവ്യാപനം തടയുന്നതിനായി സ്വന്തം ആരോഗ്യം പോലും വകവെക്കാതെ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകൾ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു വ്യക്തിയുടെ കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ ഇപ്പോൾ എനിക്ക് നന്നായി മനസ്സിലായിട്ടുണ്ട്.

ഈ സമയത്താണ് ഒരു ഇന്ത്യക്കാരിയായി, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ലോകം മുഴുവൻ പ്രശംസിക്കുന്ന കൊച്ചു കേരളത്തിലെ ഒരു അംഗം ആകാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും തോന്നുന്നത്.

നമ്മൾക്ക് കാത്തിരിക്കാം. എന്തിനെയും അതിജീവിക്കാൻ കരുത്തുള്ള ഒരു മനസ്സ് നമ്മൾക്കു ള്ളതുകൊണ്ട്, സ്വയം ബന്ധിതരായി നല്ല നാളെക്കായി കൈകോർക്കാം. ഈ കാത്തിരിപ്പ് സ്വയം കരുതലിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും കാത്തിരിപ്പാണ്. ലോകം മുഴുവൻ വൻ സുഖം പകരുന്ന ഒരു സ്നേഹ ദീപത്തിനായി പ്രാർത്ഥനയോടെ നമ്മൾക്ക് കാത്തിരിക്കാം. ലോകാ സമസ്ത സുഖിനോ ഭവന്തു....


Devi Anjana S
8 ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം