മൗനം വാചാലം


         അന്നൊരു  മൂഡിയായ  ദിവസം ആയിരുന്നു. നീലാകാശത്തെ  തന്റെ എണ്ണക്കറുപ്പിനാൽ മൂടി കാർമേഘങ്ങൾ നിറഞ്ഞു നിന്നു. സൂര്യകിരണങ്ങളെ തന്റെ ഭൂമിക്കുമേൽ ഒളികണ്ണിടാൻ പോലും അനുവദിക്കാതെ തലയുയർത്തി അവ നിന്നു. പ്രകൃതി എന്തോ പറയുവാൻ ശ്രമിക്കുന്ന പോലെ.
             ആശുപത്രിയിലേക്ക് പോകാനുള്ള ധൃതിയിലായിരുന്നു ഡോ.ഹരിലാൽ. ഭാര്യ നിമിഷയും അതേ ഹോസ്പിറ്റലിൽ ഡോക്ടർ ആണ്. അവർക്ക് ഒരു മകൻ: സിദ്ധാർത്ഥ്. 12 ആം ക്ലാസിൽ പഠിക്കുന്നു. പ്രണയവിവാഹം ആയിരുന്നതു കൊണ്ടു തന്നെ വീട്ടുകാരോട് അത്ര സഹകരണമില്ല. ബന്ധുക്കളായി അടുത്ത ചില സുഹൃത്തുക്കൾ മാത്രം. 
            ഷർട്ട് ഇസ്തിരിയിട്ടു കൊണ്ട് നിൽക്കവെ ആണ് ആ നടുക്കുന്ന വാർത്ത അവർ മൂവരും കേട്ടത്. 'തങ്ങൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു വന്ന ഒരു രോഗിയിൽ കോവിഡ്-19 സ്ഥിതീകരിച്ചു.' അൽപ്പനേരത്തേക്ക് ആ വീടിന്റെ ചുവരുകൾ മൗനത്താൽ വീർപ്പുമുട്ടി. സിദ്ധു ഇരുവരെയും മാറി മാറി നോക്കി. ഉള്ളിലെ ഭീതി ഒരു പുഞ്ചിരിയിൽ ഒതുക്കി അവർ തങ്ങളുടെ ജോലി തുടർന്നു...
              ആഴ്ചകൾ കഴിഞ്ഞു. രോഗികളുടെ എണ്ണം വർധിച്ചു. ഒടുവിൽ ഹരിലാലിനും നിമിഷക്കും കൊറോണ വാർഡിൽ ഡ്യൂട്ടി കിട്ടി. സിദ്ധാർത്ഥിനോട് ഈ വിവരം പറയുമ്പോൾ ഇരുവരുടേയും ഉള്ളിൽ ഭീതിയും സങ്കടവും നിറഞ്ഞിരുന്നു; കണ്ണുകൾ നിറഞ്ഞിരുന്നു. ഭൂമിയിലെ മാലാഖമാർ കരയാൻ പാടില്ലല്ലോ ! രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിച്ചു മരണമടഞ്ഞ റാന്തൽ വിളക്കേന്തിയ മാലാഖമാരായ ആരോഗ്യപ്രവർത്തകരെ മനസ്സിൽ സ്മരിച്ച് അവർ കണ്ണുകൾ തുടച്ചു. സിദ്ധാർത്ഥിന് അവരുടെ സഹനത്തിന്റെ ആഴവും പരപ്പും അറിയില്ലെങ്കിലും അവരുടെ ഉള്ളിലെ തേങ്ങൽ അവൻ അറിഞ്ഞിരുന്നു. സിദ്ധുവിനെ അടുത്ത സുഹൃത്തായ ബാലുവിനെ ഏൽപ്പിച്ച് നിമിഷയും ഹരിലാലും ഹോസ്പിറ്റലിലേക്ക് പോയി. മാസ്കും സ്പെഷ്യൽ യൂണീഫോമും ധരിച്ച് ഒരു മാസം കൊറോണ വാർഡിൽ..!!!
            കുറച്ചു ദിവസങ്ങൾക്ക് ശേഷം... രോഗികളുടെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയയ്ക്കുന്ന തിരക്കിലായിരുന്നു ഹരിലാൽ. അപ്പോഴാണ് അറ്റൻണ്ടർ ദിവാകരൻ ഓടിക്കിതച്ച് അയാളുടെ കാബിനിലേക്ക് വന്നത്. ഉള്ളിൽ ഒരു ഞെട്ടലോടെ അയാൾ അത് കേട്ടു. 'ഹോസ്പ്പിറ്റലിൽ നിന്ന് കൊടുത്തയച്ച സാമ്പിളിൽ 4 എണ്ണം പോസീറ്റീവ് ആണ്. അതിൽ 2 എണ്ണം ഹരിലാലിന്റെയും നിമീഷയുടേയും ആയിരുന്നു.' ദിവാകരൻ റൂമിൽ നിന്നു പോയപ്പോൾ നിർവികാരനായി അയാൾ തളർന്നിരുന്നു പോയി. പോസിറ്റീവ് ആകാൻ കാരണമെന്തെന്ന് അയാൾ ആലോചിച്ചു. അപ്പോഴാണ് ഓർത്തത്; തനിക്കു  ഒരു മൈനർ അറ്റാക്ക് കഴിഞ്ഞതാണ്. അവൾക്കാണേൽ ഡയബറ്റിസും ഉണ്ട്. അതാവാം പെട്ടെന്ന് തങ്ങളിൽ ഇത് പിടിക്കാൻ കാരണം. എന്നാൽ വിധി ക്രൂരതയുടെ നാടകം വീണ്ടും അരങ്ങേറ്റി. ആ തോരാമാരിയിൽ ആ കുടുംബം ബലിയാടാക്കപ്പെട്ടു. മകനെ വിളിച്ചു കാര്യങ്ങൾ പറയാനോ ബന്ധുക്കളെ അറിയിക്കാനോ കഴിയുംമുമ്പേ അവർ കണ്ണുകളടച്ചു. 
              പിറ്റേന്ന് രാവിലെ ആ വാർത്ത കേട്ടാണ് സിദ്ധു ഉണർന്നത്. ഒരു നിമിഷം.. ഭൂമിയിലേക്ക് താഴ്ന്ന് പോയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു. ഒന്നലറിക്കരയാൻ അവൻ വെമ്പി. താൻ നിധി പോലെ സൂക്ഷിച്ചിരുന്ന മാതാപിതാക്കളുടെ ചിത്രം നെഞ്ചോട് ചേർത്ത് അവനുറക്കെ കരഞ്ഞു. ഇനി ഒരിക്കലും തിരികെ വരില്ലെന്ന് എന്നോട് എന്തേ പറഞ്ഞീലാ..??!!! ആ ചിത്രത്തെ നോക്കി നിറമിഴികളുമായി അവൻ നിന്നു. അവസാനമായി അവരെ ഒന്നു കാണാൻ പോലും ആ മഹാമാരി അവനെ അനുവദിച്ചില്ല. കേവലം വെള്ളത്തുണിയിൽ പൊതിഞ്ഞ തുണിക്കെട്ടുകളായി അവർ മാറി. ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ഇല്ലാതെ രണ്ടുപേർ കൂടി മണ്ണിൽ ലയിച്ചു ! മനുഷ്യൻ എത്ര നിസാരനെന്നു തെളിയിക്കാൻ ഈ സൂഷ്മജീവി തന്നെ ധാരാളം. വാർത്തകളിൽ അവർ നിറഞ്ഞപ്പോഴും അവന്റെയുള്ളിൽ അവർ തിരിച്ചു വരും എന്ന പ്രത്യാശയായിരുന്നു. 
      അതേ സമയം സിദ്ധുവിനെ എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു ബാലു. ജീവിച്ചിരിക്കുമ്പോൾ പണത്തോടും പ്രശസ്തിയോടുമുള്ള ആഗ്രഹം കൊണ്ടാണല്ലോ ഇന്നത്തെ മനുഷ്യർ ഓരോരുത്തർക്കും ഉപകാരങ്ങൾ ചെയ്യുന്നത് ! അത് നിലച്ചു. ഇനി എങ്ങനെ സിദ്ധുവിനെ ഒഴിവാക്കാം എന്നാലോചിച്ച് ഇരിക്കെയാണ് ഒരു പട്ടാള ഉദ്യോഗസ്ഥൻ അവരുടെ വീട്ടിലേക്ക് വരുന്നത്. സിദ്ധുവിനെ ഏറ്റെടുക്കാൻ വന്നതായിരുന്നു അദ്ദേഹം. എല്ലാവരുമായി സംസാരിച്ച ശേഷം അദ്ദേഹം കാര്യം അവതരിപ്പിച്ചു. അവനു തീരെ താല്പര്യം ഇല്ലായിരുന്നു. പക്ഷേ ബാലുവിന്റെ ആവേശം കണ്ടപ്പോൾ സിദ്ധുവിന് കാര്യം മനസ്സിലായി. തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന സത്യം അവൻ തിരിച്ചറിഞ്ഞു. നിസ്സഹായതയോടെ അവൻ ഉദ്യോഗസ്ഥനെ നോക്കി. അവന്റെ കണ്ണിലെ അഗ്നിജ്വാല അദ്ദേഹം കണ്ടു. അദ്ദേഹം പറഞ്ഞു:  നിന്നെ ഞാനെന്റെ മകനായി ആണ് കൊണ്ടു പോകുന്നത്. നീ എന്റെ പിൻഗാമിയാണ്. നിന്നിൽ ഞാൻ നല്ല ഭാവി കാണുന്നു. ഈ രാജ്യത്തിനു നിന്നെ ആവിശ്യമുണ്ട്. സിദ്ധാർത്ഥിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ തന്റെ സാധനങ്ങൾ എടുത്ത് പോകാനായി ഒരുങ്ങി. ശേഷം വന്ന് ബാലുവിനോടും കുടുംബത്തോടുമായി അവൻ പറഞ്ഞു
    ഞാൻ സിദ്ധാർത്ഥ്. ഡോ.ഹരിലാലിന്റെയും ഡോ.നിമിഷ.ഹരിലാലിന്റെയും മകൻ. എന്റെ മാതാപിതാക്കൾ എന്നെ വിട്ടുപോയതിൽ ഞാൻ ഏറെ ദുഃഖിതനാണ്. എന്റെ നാടിനു വേണ്ടിയാണ് അവർ  മരണപ്പെട്ടത്. അതിൽ ഞാൻ അഭിമാനിക്കുന്നു. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ മറക്കുമ്പോൾ ഓർക്കുക..ഈ രാജ്യത്ത് കുടുംബത്തെ മറന്ന്, ബന്ധുക്കളെ മറന്ന് വിളക്കേന്തിയ മാലാഖമാരും ( Doctors and Nurses ), കാവൽക്കാരും ( Army ) ഇല്ലായിരുന്നു എങ്കിൽ ഈ രാജ്യം എന്നേ നശിക്കുമാരുന്നു. രാജ്യത്തേ സേവിക്കാൻ കഴിഞ്ഞില്ലെങ്കിലും മനുഷ്യൻ മനുഷ്യനെ സഹായിക്കുന്നത് കാണാൻ കഴിഞ്ഞെങ്കിൽ...! എന്റെ മാതാപിതാക്കളെ പോലെ എനിക്കും രാജ്യത്തേ സേവിക്കണം. ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി. ഞാൻ പോകുന്നു.. എന്റെ ലക്ഷ്യത്തിലേക്ക്, ഉദ്യോഗസ്ഥന്റെ കണ്ണുകൾ നിറഞ്ഞു. ബാലുവോ കുടുംബമോ എന്തെങ്കിലും പറയും മുമ്പ് സിദ്ധു ആ വീരസൈനികന്റെ കൈയ്യും പിടിച്ച് വീടിന്റെ പടിയിറങ്ങി... അപ്പോഴേക്കും എണ്ണക്കറുപ്പിന്റെ അഴകിൽ, ആനന്ദാശ്രുക്കൾ പൊഴിയുന്നണ്ടായിരുന്നു..!
പി ഗൗരി
പ്ലസ് വൺ കൊമേഴ്‌സ് ജി എച്ച് എസ് എസ് ഓമല്ലൂർ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ