ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/അങ്ങനെ ഒരു അവധിക്കാലത്ത്

അങ്ങനെ ഒരു അവധിക്കാലത്ത്

സായാഹ്ന വേളയിൽ ആകാശത്ത് മേഘങ്ങളെ നോക്കി ആ കുഞ്ഞി കണ്ണുകൾ തിളങ്ങി. കൂടണയാൻ പോകുന്ന പക്ഷികൾ കൂട്ടത്തോടെ പറക്കുന്നതും നോക്കി നിൽക്കുകയാണ് ലില്ലിക്കുട്ടി എന്ന നാലുവയസ്സുകാരി. എൻജിനീയറായ രാഘവിൻറെയും ടെക്നോപാർക്കിലെ ജീവനക്കാരിയായ ലിസി യുടെയും ഏകമകളാണ് ലില്ലിക്കുട്ടി. നഗരത്തിലെ ഒരു വലിയ സ്കൂളിൽ എൽകെജി വിദ്യാർഥിനിയാണ് ലില്ലി എന്ന ലില്ലിക്കുട്ടി നഗരത്തിലെ തിരക്കേറിയ ഒരു ഫ്ലാറ്റിലാണ് ഇവരുടെ താമസം. രാത്രി ഏറെയായി തന്റെ അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുന്നതും കാത്ത് ലില്ലിക്കുട്ടി ഫ്ലാറ്റിനു താഴെയുള്ള ഗേറ്റിലേക്ക് നോക്കി നിൽക്കുകയാണ്. സ്കൂളിലെ വിശേഷങ്ങൾ അവരോട് പറയണം അച്ഛനോടും അമ്മയോടും ഒപ്പം ഭക്ഷണം കഴിക്കണം. അമ്മയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങണം അതൊക്കെ സ്വപ്നം കണ്ടു നിൽക്കുകയാണ്.
ലില്ലിക്കുട്ടി.... ലില്ലിക്കുട്ടി തന്റെ വീട്ടുജോലിക്കാരിയുടെ വിളികേട്ട് ലില്ലിക്കുട്ടി സ്വപ്നത്തിൽ നിന്നുണർന്നു. ദേഷ്യത്തോടെ മേരി എന്ന തന്റെ ആയെ നോക്കി. മേരി ചേച്ചി ഭക്ഷണം കഴിക്കാൻ വിളിക്കുകയാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് മേരി ചേച്ചി തന്നെ ഉറക്കും. അച്ഛനുമമ്മയും വരുന്നത് ഞാൻ അറിയുകയുമില്ല. ചിലപ്പോൾ അച്ഛനുമമ്മയും വന്നപാടെ കിടന്നുറങ്ങും താൻ രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴും അവർ ജോലിക്ക് പോയിട്ട് ഉണ്ടായിരിക്കും. മേരി ചേച്ചി ആണ് തന്നെ കുളിപ്പിച്ചു വൃത്തിയായി അണിയിച്ചൊരുക്കി സ്കൂളിൽ വിടുന്നത്.
സ്കൂളിലെത്തിയാൽ ഒരുപാട് കൂട്ടുകാർ ഉണ്ട്. അവർക്കെല്ലാം എന്നെ ഇഷ്ടമാണ്. അവരെല്ലാം തങ്ങളുടെ മാതാപിതാക്കളെ കുറിച്ച് പറയുന്നത് ലില്ലിക്കുട്ടി കൊതിയോടെ കേട്ടിരിക്കും. അവരെയൊക്കെ അവരുടെ അമ്മയാണ് കുളിപ്പിക്കുന്നതും ഭക്ഷണം വാരി കൊടുക്കുന്നതും പാട്ടുപാടി കുറക്കുന്നതും അച്ഛനമ്മമാർ അവരോടൊപ്പം കളിക്കും അവർക്ക് കളിപ്പാട്ടങ്ങളും മറ്റും വാങ്ങി കൊടുക്കും. ഇതെല്ലാം കേൾക്കുമ്പോൾ ലില്ലികുട്ടിക്ക് ഭയങ്കര വിഷമം തോന്നും. അവൾ ദൈവത്തോട് തന്നെ വിഷമങ്ങളെല്ലാം പറയും അങ്ങനെ അവളുടെ ഓരോ ദിനവും കടന്നു പോയി വേനൽക്കാല അവധി വരവായി ഇനിയിപ്പോൾ തന്റെ കൂട്ടുകാരെയും കാണാൻ കഴിയില്ല. രാവിലെ മുതൽ രാത്രി വരെ തങ്ങളുടെ ഫ്ലാറ്റിൽ തന്നെ ടിവി കാണാം, പടം വരയ്ക്കാം, ഗെയിം കളിക്കാം, പക്ഷേ തന്റെ കൂട്ടുകാരെ കാണാൻ കഴിയില്ല. തനിക്കുള്ള ഏക ആശ്വാസം അവരാണ്. അങ്ങനെ അവൾ ഭയന്നിരുന്ന ആ ദിനവും വന്നു. സ്കൂൾ അവധി ഇനി രണ്ടു മാസം സ്കൂൾ തുറക്കില്ല.
അവൾ അന്നും രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് വൃത്തിയായി കിച്ചണിലേക്ക് ചെന്നു. ചേച്ചി എനിക്ക് വിശക്കുന്നു. അവൾക്ക് കാഴ്ച മങ്ങിയതുപോലെ തോന്നി. ഒരിക്കൽ കൂടി കണ്ണ് തുടച്ചുകൊണ്ട് അവൾ തന്നെ മുന്നിൽ നിൽക്കുന്ന രൂപത്തെ നോക്കി നിന്നു. 'അമ്മ' അവൾക്കൊന്നും മനസ്സിലായില്ല. അപ്പോഴേക്കും അമ്മ വന്ന് അവളുടെ തലയിൽ തഴുകി കൊണ്ട് ചോദിച്ചു. എന്റെ ലില്ലി കുട്ടിക്ക് ഇന്ന് എന്താണ് കഴിക്കാൻ വേണ്ടത് " എന്തായാലും മതി പക്ഷേ മനുഷ്യന്മാർക്ക് കഴിക്കാൻ പറ്റുന്നത് ആയിരിക്കണം അല്ലേ മോളേ". ആ ശബ്ദത്തിനുടമയെ അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു തന്റെ അച്ഛൻ. നിങ്ങൾ ഇന്ന് ഓഫീസിൽ പോയില്ലേ, അച്ഛനും അമ്മയും ചിരിച്ചു. അപ്പോൾ അവളുടെ അമ്മ പറഞ്ഞു കുറച്ചു ദിവസം ഞങ്ങൾ മോളോട് ഒപ്പം ഉണ്ടാകും. ഇന്നുമുതൽ അമ്മയാണ് മോളുടെ കാര്യങ്ങൾ നോക്കുന്നത്. എന്താ സന്തോഷമായോ, അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോ? മേരി ചേച്ചി എവിടെ? ആകാംക്ഷയോടെ അവൾ അമ്മയോട് തിരക്കി. മേരി ചേച്ചി ആരുടെ വീട്ടിൽ പോയിരിക്കുകയാണ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞേ മടങ്ങി വരൂ.
അന്നത്തെ ദിവസം അവൾ അച്ഛനോട് ഒത്ത് തല്ലു കൂടിയും അമ്മയും പിറകിൽ ഒളിച്ചു കളിച്ചും അവരോടൊപ്പം ഭക്ഷണം കഴിച്ചു. ഇന്ന് അവൾക്ക് അമ്മയാണ് ഭക്ഷണം വാരി കൊടുത്തത്. അമ്മ അവളെ കുളിപ്പിച്ചു മുടി ചീകി കെട്ടി പൗഡറിട്ട് പൊട്ടുതൊട്ട് സുന്ദരിക്കുട്ടി ആക്കി. രാത്രിയിൽ അച്ഛൻ അവളെ തോളിൽ കിടത്തി ഉറക്കി. ഉറക്കത്തിൽ എപ്പോഴോ അവൾ ഉണർന്നപ്പോൾ അമ്മ അവളെ ചേർത്ത് പിടിച്ചു ഉറക്കി. എന്നും ഇതുപോലെ ആയിരുന്നുവെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. പിന്നീടുള്ള ദിവസങ്ങൾ അവളുടെ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു. തനിക്ക് ഇതുവരെ ലഭിക്കാതിരുന്ന ആ കരുതൽ, സ്നേഹം എല്ലാം അവൾക്ക് കിട്ടിക്കൊണ്ടിരുന്നു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു, ലില്ലി കുട്ടിയും അച്ഛനും ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അച്ഛന്റെ കയ്യിൽ നിന്ന് റിമോട്ട് പിടിച്ചു വാങ്ങി അമ്മ ന്യൂസ് ചാനൽ ഇട്ടു അവരോടൊപ്പം ഞാനും വാർത്ത കണ്ടു. താടി വെച്ച ഒരു അപ്പൂപ്പൻ വന്നു ' മേരാ പ്യാരേ ദേശ് വാസിയോം' പിന്നെ എന്തൊക്കെയോ പറഞ്ഞു, എനിക്കൊന്നും മനസ്സിലായില്ല. 'ശ്ശെടാ' ഇനി എന്ത് ചെയ്യും? അച്ഛനുമമ്മയും ഒരുപോലെ പറഞ്ഞു. എന്താ അമ്മേ ആ അപ്പൂപ്പൻ പറഞ്ഞത്.
ഏപ്രിൽ 14 വരെ നമ്മൾ ആരും തന്നെ വീടിനു പുറത്തിറങ്ങാൻ പാടില്ല എന്നാണ് പറഞ്ഞത്.' അപ്പോ അച്ഛനും അമ്മയ്ക്കുംജോലിക്ക് പോകണ്ടേ? - ലില്ലിക്കുട്ടി ചോദിച്ചു. പോകരുത് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ലില്ലി കുട്ടിക്ക് സന്തോഷമായി. അപ്പോൾ ഞാൻ എന്നും എന്റെ വിഷമങ്ങൾ പറയുന്ന ദൈവം ആണോ ഈ അപ്പൂപ്പൻ. അത് അപ്പൂപ്പനും ദൈവം ഒന്നുമല്ല. അതാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. അപ്പൂപ്പൻ എന്താണ് പറഞ്ഞത് എന്ന് എനിക്കു മനസ്സിലായില്ല അച്ഛാ!
ലോകത്താകെ' കൊറോണ' എന്ന വൈറസ് രോഗം പിടിപെട്ട ഇരിക്കുകയാണ് അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു പിടിക്കുന്നു. അതിൽ നിന്നും രക്ഷനേടുന്നതിനായി നമ്മൾ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം, യാത്രകൾ ഒഴിവാക്കണം അതിനായി വീട്ടിൽ തന്നെ കഴിയണം കൊറോണ നമ്മളെ പിടിക്കുമോ അച്ഛാ അവൾ പേടിയോടെ ചോദിച്ചു.
കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ പിടി കൂടാതിരിക്കാൻ നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കൈയും മുഖവും ഹാൻ വാഷ് ഉപയോഗിച്ച് കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക ഇങ്ങനെ ചെയ്താൽ കൊറോണ ഈ ഫ്ലാറ്റിൻറെ അടുത്തുപോലും വരില്ല. അത് കേട്ടപ്പോൾ ലില്ലിക്കുട്ടി സന്തോഷമായി. ഇനിയുള്ള ദിവസങ്ങളിലും അച്ഛനുമമ്മയും അവളോടൊപ്പം ഉണ്ടാകുമല്ലോ എന്നോർത്ത് അവൾ സന്തോഷത്തോടെ ഉറങ്ങി.

അപർണ. എ
9. A ജി.എച്ച്.എസ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ