ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/ലോക്കഡൗണും അവധിക്കാലവും
ലോക്കഡൗണും അവധിക്കാലവും
പരീക്ഷകൾ എല്ലാം മാറ്റിവച്ചു. ലോക്ഡൗണും പ്രഖ്യാപിച്ചു പരീക്ഷ എഴുതാതെ എങ്ങനെയാവും അടുത്ത ക്ലാസ്സുകളിലേക്ക് പോകുന്നത്. ആളുകൾ എങ്ങനെയാവും പുറത്തു പോകാതെ വീടിനകത്തു തന്നെ ഇരിക്കുന്നത്. ഒരു ഹർത്താൽ വന്നാൽ തന്നെ വളരെ ബുദ്ധിമുട്ടിയാണ് വീടുകളിലിരിക്കുന്നത്. റോഡുകളിൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. സർക്കാർ എല്ലാവിധ സഹായങ്ങളും ജനങ്ങൾക്ക് ചെയ്തു കൊടുക്കുന്നുണ്ട്. റേഷൻ കടകൾ വഴി സൗജന്യ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ ധനികർ പോലും തിരക്കുകൂട്ടുന്നു. മുഖത്ത് മസ്ക് ധരിച്ചാണ് ഒട്ടുമിക്ക ആളുകളും നടക്കുന്നത്. എന്നാൽ എല്ലാവരും ധരിക്കുന്നില്ല. ഹാന്റ് വാഷും വെള്ളവും വഴിയോരങ്ങളിൽ വച്ചിട്ടുണ്ട്. എല്ലാവരും കൈ കഴുകി ഒരു മീറ്റർ അകലെ നിന്നാണ് കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത്. എത്ര അനുസരണയോടെയാണ് ആളുകൾ ഇതെല്ലാം ചെയ്യുന്നത്. പ്രളയവും നി പ യും വന്നു എന്നിട്ടും ഒന്നും പഠിച്ചില്ല. കൊറോണ വന്നപ്പോൾ ആകെ ഭയം തന്നെ. മരങ്ങൾ വെട്ടിനശിപ്പിച്ചും കുന്നുകളും മലകളും വെട്ടിനിരത്തിയും കൃഷിയിടങ്ങൾ നികത്തിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് മനുഷ്യൻ പുറത്തിറങ്ങാതെ ആയപ്പോൾ മറ്റു ജീവജാലങ്ങൾക്ക് ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുന്നു. പണ്ട് കാലങ്ങളിൽ സ്വന്തമായി കൃഷി ചെയ്ത് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയിരുന്ന കേരളീയർ ഇന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിഷം കലർന്ന ഭക്ഷണങ്ങളാണ് വാങ്ങി കഴിക്കുന്നത്. എന്നാൽ ഈ കൊറോണ സമയത്ത് ചിലരെങ്കിലും കൃഷി ചെയ്ത് തുടങ്ങിയിട്ടുണ്ട്. കുട്ടികളും ചെറിയ ചെറിയ കൃഷികളിൽ ഏർപ്പെട്ടു വരുന്നു. കഴിഞ്ഞു പോയ വെക്കേഷൻ സമയങ്ങളിൽ ആർക്കും ചക്കയൊന്നും വേണ്ടായിരുന്നു. ഓരോ പുരയിടങ്ങളിലും ചക്കകൾ വീണ് അഴുകി ഈച്ചയും പറ്റി കിടക്കുന്നതാണ് കാണുന്നത്. എന്നാൽ ഈ ലോക്ക് ഡൗൺ സമയത്ത് ഓരോരുത്തരും ചക്ക വിളയുന്നത് നോക്കി ഇരിക്കുകയാണ്. വാട്ട്സ്ആപ്പിൽ പോലും ചക്കയിൽ ഉണ്ടാക്കുന്ന വിഭവങ്ങളുടെ വീഡിയോകൾ. മീൻ ഇല്ലാതെ ഉണ്ണാത്തവർ മീൻ ഇല്ലാതെ ഉണ്ണാൻ പഠിച്ചു. ചിലർഫാസ്റ്റ്ഫുഡ് ഇല്ലാതെയും ജീവിക്കാം എന്ന് പഠിച്ചു. മദ്യം കഴിക്കാതെയും ജീവിക്കാമെന്ന് മറ്റു ചിലർ. കുട്ടികൾ അവധികാലത്ത് എങ്ങും പോകാൻ കഴിയാത്തതിന്റെ വിഷമത്തിൽ ആയിരുന്നു. എന്നാൽ ഈ ലോക്ഡൗണിൽ രസകരമായ സ്കൂൾ പ്രവർത്തനങ്ങളിൽ മുഴുകി കഴിയുകയാണ് എല്ലാവരും. ഈ ലോക് ഡൗൺ എന്നാണ് അവസാനിക്കുന്നത്. ഈ വൈറസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുമോ. ചൈനയിലുണ്ടായ ഈ വൈറസിനെ എന്ത് കൊണ്ട് അവർ മറ്റ് രാജ്യങ്ങളിലേക്ക് പകരാതെ ശ്രദ്ധിച്ചില്ല. മറ്റ് രാജ്യങ്ങളെ ഇല്ലാതാക്കാനായ് അവരായ് തന്നെ ഉണ്ടാക്കിയെടുത്തതാണോ ഈ വൈറസ്. എന്തായാലും പ്രളയത്തേയും നിപയേയും അതിജീവിച്ച നമ്മൾ ഈ മഹാമാരിയേയും അതിജീവിക്കും എന്ന് കരുതാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |