ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/അമ്മയ‍ുടെ വേദന

അമ്മയ‍ുടെ വേദന      


കാക്കമ്മ മരക്കൊമ്പിൽ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇതു കണ്ട് മരംകൊത്തി അവിടേയ്ക്ക് പറന്നു വന്നു. എന്നിട്ട് കാക്കയോട് ചോദിച്ചു "എന്നാ കാക്കമ്മാ ഇങ്ങനെ സങ്കപ്പെട്ടിരിക്കുന്നത് ? എന്തു പറ്റി ?” കാക്കമ്മ പറഞ്ഞു "മരംകൊത്തി, ഞാൻ ആകെ സങ്കടത്തിലാ. ഞാൻ ആറ്റുനോറ്റു വളർത്തിയ എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു".മരംകൊത്തി ചോദിച്ചു "അതെങ്ങനെ ?” “നിനക്കറിയില്ലേ, ഞാൻ കൂടുകൂട്ടിയത് ? അതിൽ മൂന്നു കുഞ്ഞുങ്ങൾ വിരിഞ്ഞു. പക്ഷേ ഒരു കുഞ്ഞ് അന്നു തന്നെ ചത്തു പോയി. രണ്ടാമത്തെ കുഞ്ഞ് തൂവൽ കിളിർത്തുവരുന്ന സമയത്തു തന്നെ തേക്കുമരത്തിലെ കൂട്ടിൽ നിന്ന് താഴെ വീണു പോയി. അവസാനം എനിക്ക് ഒരേ ഒരു കുഞ്ഞ് മാത്രമേ അവശേഷിച്ചുള്ളൂ".കാക്കമ്മ തന്റെ സങ്കടം ഒതുക്കി നിർത്താൻ പാടുപെട്ടു. തൊണ്ടയിൽ വാക്കുകൾ കുരുങ്ങിക്കിടന്നു. അവളെ ആശ്വസിപ്പിക്കാൻ മരംകൊത്തിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല. അൽപസമയത്തിനുശേഷം കരച്ചിലൊതുക്കി കാക്കമ്മ തുടർന്നു. “എന്റെ ആ കുഞ്ഞിനെയും കൊണ്ട് തീറ്റകൊടുത്തും പറക്കാൻ പഠിപ്പിച്ചും അങ്ങനെ പോകുന്ന സമയത്ത് ഒരു ദിവസം കുഞ്ഞിനെ ഒരു കൊമ്പിലിരുത്തി തീറ്റ തേടി പോയതായിരുന്നു ഞാൻ. തിരികെ വരുമ്പോൾ കുഞ്ഞിനടുത്ത്നിന്ന് ആരോ പറന്നു നീങ്ങുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഉറക്കംതൂങ്ങിയിരുന്ന കുഞ്ഞിനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല. വിശന്നിരിക്കുന്ന അവനു തീറ്റകൊടുത്ത് എവിടേക്കും പോകരുതെന്ന് പറഞ്ഞ് വീണ്ടും പറന്നു. പിന്നെ ഞാൻ തിരികെ വന്നപ്പോൾ കുഞ്ഞിനെ കാണാനില്ല. ഞാൻ കരഞ്ഞു ബഹളം വച്ചപ്പോൾ കുറേപ്പേർ വന്നു. അന്വേഷണത്തിനൊടുവിൽ (മറ്റു കാക്കകൾ) അവർ പറഞ്ഞു ഞാൻ വീണ്ടും കബളിപ്പിക്കപ്പെട്ടിരിക്കുന്നു. അതു കുയിലിന്റെ കുഞ്ഞായിരുന്നു. അതുകൊണ്ട് അതിന്റെ അമ്മയ്ക്കൊപ്പം പോയതാണ്".കാര്യം മനസ്സിലാക്കിയ മരംകൊത്തി തന്റെ ചിറകു കൊണ്ട് കാക്കമ്മയെ തലോടിയിട്ട് പറഞ്ഞു "സാരമില്ല ഒരു അമ്മയുടെ കർത്തവ്യം നീ ഭംഗിയായി നിർവഹിച്ചല്ലോ അതുമതി".

ദേവിക കനകൻ
5 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ