ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ അവകാശിയായ...
പ്രകൃതിയുടെ അവകാശിയായ...
ഒരിക്കൽ ഒരാൾ തന്റെ സ്വപ്നങ്ങൾ മനസ്സിൽ കണ്ട് കുന്നുകയറിയിറങ്ങി യാത്ര ചെയ്യുകയായിരുന്നു. ദിവസവും യാത്രകൾ തൻ്റെ ഡയറിക്കുറിപ്പിൽ കുറിച്ചുവയ്ക്കും. എന്നും കുറുപ്പിൽ കുന്നുകയറിയിറങ്ങി എന്നെഴുതി ചേർത്തിരുന്നു. ആ ഡയറിക്കുറിപ്പിൽ പച്ചപ്പില്ലായിരുന്നു. ഒരിക്കൽ അദ്ദേഹം തന്റെ ഡയറി ആദ്യം മുതൽ അന്ത്യം വരെ സ്വയം വായിക്കുകയായിരുന്നു. പെട്ടെന്നാണ് അതിൽ താൻ എന്തുകൊണ്ടാണ് പ്രകൃതിയെ ഉൾപ്പെടുത്താത്തതെന്ന ചിന്ത ഉയർന്നത്. അതിനർത്ഥം താൻ പ്രകൃതിയെ ആസ്വദിച്ചിരുന്നില്ല എന്നല്ലേ എന്നദ്ദേഹത്തിന് തോന്നി. അദ്ദേഹം പ്രകൃതിയുടെ മനോഹാരിത തേടി, കാണാതെ പോയ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ വീണ്ടും യാത്ര തുടങ്ങി. എന്നാൽ അതിക്രൂരമായ കാഴ്ചയാണദ്ദേഹത്തിനുണ്ടായത്. എങ്ങും ഒരിത്തിരി പച്ചപ്പുപോലും കാണാൻ കഴിഞ്ഞില്ല. നിരാശയിലായ അയാൾ ഒരു വരണ്ട പുഴയുടെ തീരത്ത് കിടന്നുറങ്ങി. രാത്രിയായിട്ടും ചൂട് സഹിക്കാൻ കഴിഞ്ഞില്ല. പിറ്റേദിവസം വീണ്ടും യാത്രതുടങ്ങി. ഉച്ചയോടെ അവിടെയുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയ കുന്നിൽ എത്തിചേർന്നു.പൊള്ളുന്ന വേനലിനെ തുരത്തുന്ന ആശ്വാസമായി ഇളം തെന്നൽ വീശി. അത് ജീവന് പുതിയൊരുന്മേഷം നൽകുകയായിരുന്നു. കുളിർ കാറ്റിനെ ആദ്യമായി ആസ്വദിച്ചനുഭവിച്ച ദിനം. കാറ്റ് തന്നെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹത്തിന് തോന്നി. മുന്നോട്ടുള്ള ഓരോ ചുവടും വയ്ക്കുമ്പോൾ പാദങ്ങൾ പുല്ലിൽ പറ്റിയിരുന്ന വെള്ളത്തുള്ളികൾ ഒപ്പിയെടുക്കുന്നതായദ്ദേഹത്തിനു തോന്നി. വസന്തത്തിന്റെ കാലമെന്നേ തോന്നൂ. വിശാലമായ പൂന്തോട്ടം, മരങ്ങൾ, പുൽച്ചെടികൾ, സസ്യങ്ങൾ എന്നിവയെല്ലാം തിങ്ങിനിറഞ്ഞ അതി മനോഹരമായ പ്രദേശം. പ്രകൃതിയെ നേരിട്ടറിയുക എന്നു തന്നെ പറയാം. പ്രകൃതി നൽകിയ വരദാനം. മുന്നോട്ടു ചുവടുവച്ചപ്പോൾ കണ്ണുകൾ ഒരു പടുവൃദ്ധനെ കണ്ടെത്തി. വൃദ്ധൻ്റെ അടുത്തേക്കയാൾ വേഗത്തിൽ ഓടി.വൃദ്ധൻ തൈകൾ വച്ചുപിടിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അയാൾക്കൊരു കാര്യം ഉറപ്പായി. താൻ കണ്ട ഈ മനോഹാരിതയുടെ ഉടമസ്ഥൻ വൃദ്ധനാണ്. തൻ്റെ നേരെ ഉയർന്ന വൃദ്ധന്റെ കണ്ണുകളിൽ അദ്ദേഹം അലിവിന്റെ നിറദീപം കണ്ടിരുന്നു. അയാൾ വൃദ്ധനോടു ചോദിച്ചു: "പക്ഷേ, എന്തിനു വേണ്ടിയാണിതെല്ലാം?" വൃദ്ധൻ അയാൾക്കു നേരെ ഒരു ചെറുപുഞ്ചിരിയുതിർത്തു. വരും തലമുറകളുടെയും ഭൂമിയുടെ ഭാവിയുടെയും രഹസ്യങ്ങൾ ആ പുഞ്ചിരിയിൽ അടങ്ങിയിരിക്കുന്നതായി അദ്ദേഹത്തിനുതോന്നി.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |