ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണേ നീ മഹാകേമൻ !
കൊറോണേ നീ മഹാകേമൻ !
മനുഷ്യന്റെ ജീവിതയാത്ര നൂറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇത്രയും കാലം പ്രകൃതി ഭരിച്ചതിന്റെ അഹങ്കാരം അവനിൽ വളരുന്നു. പ്രകൃതിയെ നശിപ്പിക്കാനും ചൂഷണം ചെയ്യാനും ഒക്കെയായി അവൻ വളർന്നു. ഇതിനെതിരെ സകലപക്ഷിമൃഗാദികളുടെ സംഘടന ഒരു യോഗം വിളിച്ചുകൂട്ടി. മനുഷ്യൻ ചെയ്തു കൂട്ടുന്ന അന്യായങ്ങളയും അവ തങ്ങളിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പറ്റി യോഗം ചർച്ച ചെയ്തു. അവരുടെ പ്രതിഷേധത്തിന്റെ ജ്വാല അവിടെ ഉയർന്നു. ചിലർ തങ്ങൾക്ക് ഓസ്ട്രേലിയൻ കാട്ടുതീയിൽ നഷ്ടമായ ഉറ്റവരെയും ഉടയവരെയും, ആയിരക്കണക്കിന് വരുന്ന സുഹൃത്ത് ശൃംഖലയേയും ഓർത്ത് ഖേദം പങ്കിട്ടു. അവർക്ക് എല്ലാവർക്കും പറയാനുള്ളത് ഒന്നായിരുന്നു. മനുഷ്യർ പ്രകൃതിയെ നശിപ്പിച്ചു, നമ്മുടെ അന്നം മുട്ടിച്ചു. ഇപ്പോഴിതാ ശ്വസിക്കാൻ ശുദ്ധവായു പോലും ലഭിക്കുന്നില്ല. ഇങ്ങനെ പോയാൽ നമ്മൾ ഭൂമിയിൽ നിന്ന് തൂത്തെറിയപ്പെടും. മനുഷ്യരുടെ ഈ മുന്നേറ്റത്തിന് ഒരു കടിഞ്ഞാണിടണം. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. ലോകം മുഴുവൻ ആ കിരാത വർഗ്ഗത്തിൻറെ പിടിയിലാണ്. കൂട്ടത്തിൽ സൂത്രൻ ആയ കുറുക്കൻ പറഞ്ഞു "അവരുടെ കണ്ടുപിടിത്തങ്ങളിൽ ഒരു അണുബോംബ് പോരേ ലോകം കത്തി ചാമ്പലാവാൻ എങ്കിൽ പിന്നെ നമ്മുടെ ഈ ആസൂത്രണത്തിന് ഇന്ന് വല്ല പ്രസക്തിയുമുണ്ടോ?". "ഐകമത്യം മഹാബലം എന്നല്ലേ ചൊല്ല്. നമുക്ക് അസാധ്യമായി ഒന്നുമില്ല."ഗജവീരൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.എനിക്കൊരു ബുദ്ധി തോന്നുന്നു". കൂട്ടത്തിൽ സമർത്ഥനായ ലെപേഡ് പറഞ്ഞു. "അടുത്തകാലത്ത് ചില രോഗങ്ങൾ മനുഷ്യരെ കിടുകിടാ വിറപ്പിച്ചത് നിങ്ങൾക്ക് ഓർമ്മയില്ലേ?എന്തൊക്കെയാ അതിന് അവരിട്ട പേരുകൾ ! ചിക്കൻഗുനിയ , പ്ലേഗ്, വസൂരി, നിപ്പ, എബോള അങ്ങനെയങ്ങനെ... ഞങ്ങളുടെ ജന്മദേശമായ വുഹാനിൽ മരുന്ന് കണ്ടു പിടിക്കാത്ത ഒരു അസുഖമുണ്ടായിരുന്നതായി എൻറെ മുത്തച്ഛൻ ഈയിടെ പറഞ്ഞു. അനേകം ജനങ്ങൾ അന്ന് ചത്തൊടുങ്ങുകയും ഉണ്ടായി. മരുന്ന് കണ്ടുപിടിക്കാത്ത ആ രോഗത്തിൽ നമുക്കൊന്നു പരീക്ഷണം നടത്തിയാലോ?"എല്ലാവരും ആ അഭിപ്രായം കൈയടിച്ചു പാസാക്കി. ഉടൻ കൊറോണയെ കണ്ട് കാര്യം സംസാരിക്കുവാനായി ദേശാടനകിളികളെ നിയമിച്ചു. നേരേ വുഹാനിലേക്ക്. കക്ഷിയെ കണ്ടെത്തി മാനവരാശിയെ കിടു കിടെ വിറപ്പിക്കാനുള്ള ആ വൻ സന്ധി ഉറപ്പിച്ചു. കൊറോണ അവൻറെ പ്രവർത്തനം തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്കും അവൻറെ ജൈത്രയാത്ര തുടർന്നു. ഒടുവിൽ തൻറെ ദൗത്യം പൂർത്തിയാക്കി, വിജയശ്രീലാളിതനായി കൊറോണ തിരിച്ചെത്തി. "ഭേഷ് ഭേഷ് ബലേ ഭേഷ്, നിന്നെ ഏൽപ്പിച്ച ജോലി നീ ആത്മാർത്ഥമായി പൂർത്തിയാക്കിയിരിക്കുന്നു കൊറോണ, ഞങ്ങൾ ഇപ്പോൾ പൂർണ്ണസന്തുഷ്ടരാണ്. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു. നിമിഷം തോറും ഉള്ള മരണസംഖ്യ ഉയരുകയാണ്. ജനങ്ങൾ എല്ലാവരും ഭയചകിതരായി വീടുകൾക്കുള്ളിൽ അടച്ചിരിക്കുന്നു. ആരും പുറത്തിറങ്ങുന്നില്ല." "നിങ്ങളുടെ പ്രശ്നങ്ങൾക്കെല്ലാം ഞാൻ പരിഹാരമുണ്ടാക്കി.പോരേ? നിരത്തുകളിൽ വാഹനങ്ങൾ ഇല്ല. വായു മലിനീകരണം ഇല്ല. പുഴയിലും മണ്ണിലും ഇടയ്ക്കിടെയുള്ള മാലിന്യ'വിക്ഷേപണ'ങ്ങളില്ല. ഫാക്ടറികൾ ഇല്ല. വൻ മാളികകളും സൗധങ്ങളും കെട്ടി പൊക്കുന്നില്ല. മരങ്ങൾ വെട്ടി മുറിക്കുന്നില്ല. ഇതിൽപരം എന്താണ് സന്തോഷം. അല്ലേ? "തീർച്ചയായും. മനുഷ്യർ കയ്യടക്കി വച്ചിരുന്ന പ്രകൃതി, ആവാസവ്യവസ്ഥ അത് ഞങ്ങൾക്ക് തിരികെ ലഭിച്ചു. സ്വൈരവിഹാരത്തിനുള്ള സ്വാതന്ത്ര്യം വീണ്ടുകിട്ടി. പൊടിയും പുകയും ഇല്ലാത്ത ശുദ്ധവായു ശ്വസിച്ച്.. പുഴകളിലെ തെളിഞ്ഞ വെള്ളം കുടിച്ച്... ഞങ്ങൾക്ക് നീ ചെയ്ത ഈ ഉപകാരങ്ങൾക്ക് എങ്ങനെയാണ് പ്രത്യുപകാരം നൽകേണ്ടത്.കൊറോണ നീ നീണാൾ വാഴട്ടെ". പ്രിയമുള്ളവരെ, നാം ഇന്ന് ഈ അനുഭവിക്കുന്ന മഹാമാരി നമ്മുടെ പ്രവർത്തന ഫലമല്ലേ? പ്രകൃതിയും പ്രകൃതി വിഭവങ്ങളും അമിതമായി ചൂഷണം ചെയ്യുന്നതിലൂടെ നാം ഒറ്റുകൊടുക്കുന്നത് നമ്മുടെ ഭാവിയെ തന്നെയാണ്. ഓരോ മഹാമാരികൾക്ക് ശേഷവും പ്രകൃതി നമ്മെ ചില കാര്യങ്ങൾ പഠിപ്പിക്കാറുണ്ട്. ആ ദുഖങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കുമ്പോഴേക്കും നാം ആ പ്രകൃതിപാഠങ്ങൾ അതോടൊപ്പം ഒപ്പം വിസ്മരിക്കുകയാണ് പതിവ്. എന്നാൽ ഈ മഹാമാരി നമുക്കൊരു താക്കീതാണ്, പാഠമാണ്.ഇത് മാനവരാശിയുടെ നിലനിൽപ്പിൻറെ പ്രശ്നമാണ്.ഇനിയും ഇത്തരം മഹാവ്യാധികൾ നമ്മെ തേടിയെത്താതിരിക്കട്ടെ!
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |