ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/തിരിച്ചറിവ്
(ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/തിരിച്ചറിവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരിച്ചറിവ് സൃഷ്ടിക്കുന്നു
പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. മനുഷ്യ ജീവിതത്തിന് ആവശ്യമായതെന്തും പ്രകൃതി കനിഞ്ഞു നൽകുന്നു. ആ പ്രകൃതിയുടെ നിലനിൽപ്പ് മനുഷ്യരുടെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ് . ഒരു കാലത്തു പ്രകൃതിയെ അമ്മയായി കണ്ടു സംരക്ഷിച്ചവരായിരുന്നു മനുഷ്യർ. ഭക്ഷണത്തിനും, വസ്ത്രത്തിനും, പാർപ്പിടത്തിനും എന്നു വേണ്ട എല്ലാ ആവശ്യങ്ങൾക്കും പ്രകൃതിയെ മനുഷ്യൻ ആശ്രയിച്ചിരുന്നു. തീർത്തും പ്രകൃതിയോടിണങ്ങിയുള്ള ജീവിതമായിരുന്നു അവരുടേത്.. കാലം അവരെ പ്രകൃതിയിൽനിന്നും അകറ്റാൻ തുടങ്ങി ആവശ്യങ്ങൾക്ക് പ്രകൃതിയെ ആശ്രയിച്ചിരുന്നവർ അനാവശ്യ ധൂർത്തിനുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. എന്നിട്ടും എല്ലാം സഹിച്ചു അമ്മയെ പോലെ പ്രകൃതി നിലകൊണ്ടു. മനുഷ്യർ പണത്തിനു വേണ്ടി മരങ്ങൾ വെട്ടി നശിപ്പിച്ചും, പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ചും,വനങ്ങൾ കൈയേറിയും, പുഴകളും മറ്റു ജലാശയങ്ങൾ മലിനമാക്കിയും, മലകൾ ഇടിച്ചും, കൃഷിസ്ഥലങ്ങൾ നികത്തിയും പ്രകൃതിയെ നശിപ്പിച്ചു കൊണ്ടേയിരുന്നു. "ദൈവത്തിന്റെ സ്വന്തം നാട് "എന്ന് വിശേഷിപ്പിച്ചിരുന്ന കേരളത്തെ ഇന്ന് മരുപ്പറമ്പാക്കി മാറ്റികൊണ്ടിരിക്കുന്നു. മനുഷ്യരുടെ ഇത്തരം പ്രവൃത്തികൾ കാലാവ സ്ഥയെ തകിടം മറിച്ചു. പക്ഷികളുടെയും, മൃഗങ്ങളുടെയും വാസസ്ഥലം ഇന്ന് പൂർണമായും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊല്ലുന്ന മനുഷ്യർ അറിയുന്നില്ല പ്രകൃതി നശിച്ചുപോകുമെന്നകാര്യം. പ്രകൃതി നശിച്ചാൽ മനുഷ്യനും നശിക്കുമെന്ന കാര്യം നമുക്ക് ഉറപ്പിച്ചു പറയാം. മനുഷ്യരുടെ ക്രൂരതകളുടെ പ്രതീകമാണ് ഇന്നു നിലകൊള്ളുന്ന പ്രകൃതി. മനുഷ്യരുടെ വിവേകശൂന്യമായ പ്രവൃത്തികൾ വരുത്തി വയ്ക്കുന്ന ദോഷങ്ങൾ എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. എങ്കിലും അതിന്റെ ചെറിയ സൂചനകൾ പ്രകൃതി തന്നെ മനുഷ്യർക്കു കാണിച്ചു കൊടുക്കുന്നു. ഇക്കാലയളവിൽ ഉണ്ടായ പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും ഇങ്ങനെയുള്ള സൂചനകളാണ്. പക്ഷെ ഇതൊന്നും തിരിച്ചറിയാതെ ഇനിയും ഇത്തരം ക്രൂരതകൾ തുടരുന്നുവെങ്കിൽ ഓർക്കുക സർവനാശമായിരിക്കും ഫലം .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - ലേഖനം |