ഉത്സവാരവങ്ങൾ മുഴക്കിടും തെരുവീഥിയിൽ
വിജനതയുടെ മൂകമാം കാൽപെരുമാറ്റം
വിജയാരവം മുഴക്കി നിൽക്കും നഗരവീഥിലെയിങ്ങും
മരണത്തിൻ മണികൾ മുഴങ്ങുന്നു
മതങ്ങൾ ചിരിക്കുന്നു ദൈവങ്ങൾ മിഴി പൂട്ടുന്നു
ആശ്രയം മനുഷ്യന് മനുഷ്യൻ മാത്രം
ആൾക്കൂട്ടങ്ങൾ , ആഘോഷതിമിർപ്പിലാണ്ട വൻനഗരങ്ങൾ
മാളുകൾ ഉദ്യാനങ്ങളും മാഞ്ഞുപോയി
പരിമള പൊതികൾ കൊണ്ട് വരും പ്രിയമാം പ്രവാസിയെ
ആട്ടി അകറ്റുന്നു നാടൊക്കെയും
എങ്ങുപോയി ആൾദൈവങ്ങൾ, പൂജാപുഷ്പങ്ങൾ
ആശ്രയം ആതുരാലയങ്ങളും ഭിഷഗ്വരൻമാരും
ശുഭ്ര വസ്ത്രധാരികളാം മാലാഖമാരും
ഒപ്പം കരുത്തേകാൻ, നാടുകാക്കാൻ തെരുവീഥിയിൽ
നിൽക്കുന്നു കാക്കി അണിഞ്ഞ് പടയാളികളും
ലോക രക്ഷാധികാരി ചമയും മുതലാളിമാരൊക്കെയും
ജീവനുവേണ്ടി കരയുന്നു , ഹാ കഷ്ടം
വാനം മുട്ടി നിൽക്കും പ്രൗഢമാം അംബരചുംബികൾ
ആതുരാലയങ്ങളായി പരിണമിച്ചു
എങ്ങുപോയി ലോകം നിയന്ത്രിക്കും യന്ത്രങ്ങൾ
എങ്ങുപോയി ചൊവ്വ വരെ നീണ്ട സാങ്കേതികത
ചൊവ്വയെ തൊട്ടമനുഷ്യാ നിൻ കരത്തിനാകില്ലേ
കൊറോണയെ പിടിച്ചുകെട്ടാൻ
ലോകം മുഴുവനും പരക്കട്ടെ പ്രത്യാശ തൻ വെള്ളിവെളിച്ചം
ഒന്നിച്ചു കൈകോർക്കാം നമുക്കീ
കൊറോണയെ തുരത്തിയോടിക്കാൻ
ലോകമേ തറവാട് ആയി കണ്ടു നമുക്കിനി വീട്ടിൽ ഇരിക്കാം
കൊറോണയെ ചെറുക്കുവാൻ കരങ്ങൾ കഴുകൂ
ഒലിച്ചു പോകട്ടെ കൊറോണ നമ്മുടെ
മെയ്യിൽ നിന്നും , ലോകത്ത് നിന്നും