ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ്-19
നമ്മുടെ രാജ്യം നേരിടുന്ന ഒരു വെല്ലുവിളിയാണ് കോവിഡ് -19. കോവിഡ് -19 എന്ന വൈറസിനെ ഈ ലോകത്ത് നിന്ന് എങ്ങനെ തുടച്ചുമാറ്റാൻ കഴിയുമെന്ന തീവ്രമായ പരിശ്രമത്തിലാണ് വിദഗ്ധരായ ഡോക്ടർമാർ .ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ കർഫ്യുവും, ലോക് ഡൗണും പ്രഖ്യാപിച്ചു.സംഹാരശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേയ്ക്കോ, മുറിയിലേയ്ക്കോ ഒതുങ്ങിയിരിക്കുകയാണ്.ജനങ്ങൾ നാല് ആഴ്ചയായി പുറം ലോകം കണ്ടിട്ട്. അവശ്യസാധനങ്ങൾക്ക് വേണ്ടി പുറത്തിറങ്ങുന്നവരായി ജനങ്ങൾ. കോവിഡ് വിദ്യാഭ്യാസ മേഖലയിലും, വ്യവസായ മേഖലയിലും, കായിക മേഖലയിലുമൊക്കെ അനേകം നഷ്ടം വിതച്ചു. സാധാരണ ജനങ്ങളെയും ഇത് ദുഃഖത്തിലാഴ്ത്തി. ചൈന, സ്പെയിൻ, യു.എസ്.എ, പാകിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് എന്ന വൈറസ് താണ്ഡവമാടുകയാണ്. കോവിഡ് വ്യാപനം മൂന്ന് ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു.1. ഒന്നാം ഘട്ടം.2. രണ്ടാം ഘട്ടം.3. മൂന്നാം ഘട്ടം. ഒന്നാം ഘട്ടം: രോഗമുള്ള ഒരിടത്തു നിന്ന് ഒരാൾ അതില്ലാത്ത സ്ഥലത്തേക്കു വരികയും അയാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം: ഇദ്ദേഹവുമായി നേരിട്ടു സമ്പർക്കത്തിൽ വരുന്നവരിലും അവരോട് ഇടപെടുന്നവരിലും മാത്രം രോഗം പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടം: രോഗം ശ്രദ്ധയിൽ പെടാതെ ചിലർ പുറത്താകുകയും അതിൽ ആർക്കെങ്കിലും രോഗം ഉണ്ടാവുകയും അയാളിൽ നിന്ന് മറ്റുള്ളവരിലേക്കു് രോഗാണുക്കൾ പകരുകയും ചെയ്യാം. അത് അയാൾക്ക് രോഗലക്ഷണം പ്രകടമാകുന്നതിന് മുൻപ് തന്നെ സംഭവിക്കും.ഇങ്ങനെ രോഗം വരുന്നത് ആർക്കൊക്കെ എന്നു കണ്ടെത്താനാവാതെ വരിക, അത്തരക്കാരിൽ നിന്ന് പിന്നെയും കൂടുതൽ പേരിലേക്കു രോഗം പരക്കുക - ഇത്തരമൊരു സ്ഥിതി ഉണ്ടാകുന്നതാണ് മൂന്നാം ഘട്ടം. രോഗം പകരുന്നത് വിധം: രോഗം പകരുന്നത് രോഗി തുമ്മുകയോ, ചുമയ്ക്കുകയോ, മറ്റൊരു വ്യക്തിയെ സ്പർശിക്കുകയോ ചെയ്യുമ്പോഴാണ്.ഈ വ്യക്തി രോഗി പിടിച്ച കൈ കൊണ്ട് അത്യാവശ്യ ഘട്ടത്തിൽ മൂക്ക്, വായ്, കണ്ണ് എന്നിവയിൽ സ്പർശിക്കാം. ഇതുവഴിയാണ് രോഗം മറ്റൊരു വ്യക്തിയിലേക്ക് പകരുന്നത്. രോഗ ലക്ഷണങ്ങൾ: പനി, ജലദോഷം, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന കോവിഡിനെ നേരിടാനുള്ള മുൻകരുതലുകൾ: * പുറത്തു പോയിട്ടു വരുമ്പോൾ കൈകൾ സോപ്പുപയോഗിച്ച് കഴുകുക. * 20 സെക്കന്റ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ, സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്താൽ വൈറസ് ശരീരത്തിനുള്ളിൽ എത്തില്ല. * തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടോ കൈ കൊണ്ടോ മറച്ചു പിടിക്കുക. * കൂട്ടായി നിൽക്കുവാൻ പാടില്ല. * വിശിഷ്ട ആഘോഷങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഉണ്ടാകരുത്. * ശുചിത്വ കാര്യത്തിൽ വിട്ടുവീഴ്ച്ച പാടില്ല. * കഴിവതും മാസ്ക് ധരിക്കുക. * സംസ്ഥാനത്തിനു പുറത്തുള്ളവർ അവിടങ്ങളിൽ തന്നെ കഴിയണം. * വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയവരെ പ്രത്യേക കേന്ദ്രങ്ങളിൽ 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കുക. * അത്യാവശ്യ സർവീസ് നടത്തുന്നവർ പാസ് കൈവശം വയ്കകണം. * വ്യക്തികളുമായി 1 മീറ്റർ അകലം പാലിക്കുക. സംസ്ഥാനത്ത് രോഗം ഗുരുതരമാകുന്തോറും കേന്ദ്ര-സംസ്ഥാന സർക്കാരും പോലീസുകാരും ജനങ്ങൾക്ക് അതീവ സംരക്ഷണം ഏർപ്പെടുത്തുകയാണ്. ലോക് ഡൗണിൽ കൂടുതൽ പ്രയത്നിക്കുന്ന പോലീസുകാർ രാപ്പകൽ എന്നില്ലാതെയാണ് അവരുടെ കർത്തവ്യം നിർവഹിക്കുന്നത്. ജില്ലയിൽ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കാൻ പോലീസ് തുനിഞ്ഞിറങ്ങിയതോടെ അനാവശ്യമായി വാഹനമെടുത്ത് റോഡിൽ കറങ്ങുന്നവരുടെ എണ്ണം കുറയുകയും ചെയ്തു.പോലീസുകാരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി റോഡിലിറങ്ങുന്നവർക്കെതിരെയും, അനാവശ്യമായി റോഡിലിറങ്ങുന്നവർക്കെതിരെയും പോലീസ് കടുത്ത നടപടി എടുത്തു. ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനങ്ങളുമായി ഇറങ്ങിയവർക്കു മുന്നിൽ പല പോലീസുകാരും കൂപ്പു കൈകളോടെ നിന്നിട്ടുണ്ട്. കോവിഡ് വ്യാപന കാലത്ത് തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന പോലീസുകാർ അവരുടെ ആരോഗ്യം ശ്രദ്ധിക്കാതെയാണ് ജനങ്ങൾക്കായി പ്രയത്നിക്കുന്നത് പ്രതിസന്ധി ഘട്ടത്തിൽ അഭിനന്ദനാർഹമായ സേവനമാണ് പോലീസിന്റേത്. 24 മണിക്കൂറും ജീവൻ പണയം വെച്ചു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ത്യാഗം നാം ഓർക്കണം. അവനവനെയും സമൂഹത്തെയും രക്ഷിക്കാൻ വേണ്ടി കുറച്ചു ദിവസം വീട്ടിലിരിക്കാൻ ഓരോരുത്തരും തയ്യാറാകണം. നമ്മുടെ ഒരു പാളിച്ചയിൽ നിന്നാവും ആ വൈറസിന് ഒരു വാതിൽ തുറന്നു കിട്ടുക എന്ന സത്യം ഒരു സാഹചര്യത്തിലും മറക്കാനും പാടില്ല. കോവിഡിന്റെ മുന്നിൽ പകച്ചു നിൽക്കുകയാണ് വിദ്യാഭ്യാസ വകുപ്പും, അധ്യാപകരും, വിദ്യാർത്ഥികളും എസ്.എസ്.എൽ.സികാർക്ക് ഇനി മൂന്നും പ്ലസ് ടു വിദ്യാർത്ഥികൾക്ക് നാലു പരീക്ഷയുമാണ് ശേഷിക്കുന്നത്.കോവിഡ് ഭീതി മാറി ഇനിയെന്ന് പരീക്ഷ തുടങ്ങുമെന്ന് ആർക്കും പറയാൻ കഴിയില്ല. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓണം, ക്രിസ്മസ് പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് നിശ്ചയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. രണ്ടു വർഷം നീണ്ട എൻട്രൻസ് പരിശീലനങ്ങളാണ് അവസാന നിമിഷം കോവിഡ് തട്ടിത്തെറിപ്പിച്ചത്. പരീക്ഷകൾ നീളുന്നതിനനുസരിച്ചും, വരാനിരിക്കുന്ന അധ്യായനവർഷം വെട്ടിക്കുറയ്ക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് വിദ്യാഭ്യാസ വകുപ്പും, അധ്യാപകരും, വിദ്യാർത്ഥികളും. വിദേശ രാജ്യങ്ങളായ സ്പെയിൻ,അമേരിക്ക, സൗദി അറേബ്യ, ചൈന എന്നിവിടങ്ങളിൽ കോവിഡ് എന്ന രോഗം അതിഗുരുതരമായിക്കൊണ്ടിരിക്കുകയാണ്.വിദേശ രാജ്യങ്ങളിൽ നിയമം ലംഘിച്ചാൽ കടുത്ത നടപടിയായിരിക്കും ഉണ്ടാവുക. ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഏകദേശം 41 ലക്ഷം മുതൽ 2 കോടി രൂപ പിഴയും തടവുശിക്ഷയും. ആയുർവേദം, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ എന്നിവ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആശുപത്രികളിലും വിവിധ വൃദ്ധമന്ദിരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുകയാണ്. ആരോഗ്യ പ്രവർത്തകർ പോലും കോവിഡ് പിടിപെട്ടു മരിക്കുന്നു. സാധാരണക്കാർ ഭീതിയിൽ വീടുകളിൽ കഴിയുന്നു. വിറങ്ങലിച്ച് നിൽക്കുകയാണ് സ്പെയിൻ പോലുള്ള രാജ്യങ്ങൾ. സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചും ജനം വീട്ടിലിരുന്നതുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും രോഗത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്താനായത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ഓട്ടത്തിനിടയിൽ നാം മുതിർന്ന പൗരൻമാരുടെ പ്രശ്നങ്ങളും കൂടി ഓർക്കണം.കോവിഡ്-19 നിലനിൽക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാരെ കൂടുതൽ ശ്രദ്ധയോടെ പരിചരിക്കേണ്ടതുണ്ട്. മുതിർന്ന പൗരന്മാരെ ഐസൊലേഷൻ എന്ന രീതിയിൽ തന്നെ പരിചരിക്കണം. അവർക്കായി പ്രത്യേക മുറി വിട്ടു കൊടുത്തു സംരക്ഷിക്കുക. അവരുടെ മുറിയിൽ തന്നെ ഭക്ഷണം എത്തിച്ചു കൊടുക്കുക. കുട്ടികളെ ഇവരുടെ മുറിയിൽ കയറാൻ അനുവദിക്കരുത്. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കാൻ ശ്രദ്ധിക്കണം. സന്ദർശകരെ പൂർണ്ണമായും ഒഴിവാക്കണം. പനിയോ ജലദോഷമോ ഉള്ള കുടുംബാംഗങ്ങൾ മുതിർന്ന പൗരന്മാരുടെ അടുത്ത് പോകരുത്. പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധശേഷി കുറയും. ആഹാരം പോഷകസമ്പുഷ്ടവും, സമീകൃതവുമാകണം. പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉണ്ട്. ഇവ ശരീരത്തിന് പ്രതിരോധശേഷി നൽകും. ദിവസം എട്ടു മുതൽ പത്തു ഗ്ലാസ്സ് വരെ വെള്ളം കുടിക്കണം. ഗ്രീൻ ടീയും ഉപയോഗിക്കാം. ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കണം. പുകവലിക്കാർക്ക് ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകും. കോവിഡ്-19 ഗുരുതരമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പിരിമുറുക്കം ഒഴിവാക്കാനായി പുസ്തകങ്ങൾ വായിക്കാം, പത്രം വായിക്കാം, വീട്ടുമുറ്റത്ത് പച്ചക്കറി നടാം, പൂന്തോട്ടങ്ങൾ നിർമ്മിക്കാം, പുതിയ പുതിയ പാചക പരീക്ഷണങ്ങളിൽ ഏർപ്പെടാം. ഈ അവസരത്തിൽ നമ്മൾ കുട്ടികളുടെ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് കുടുംബത്തിലെ എല്ലാവരും സദാസമയവും വീട്ടിലുണ്ടായിരിക്കും.കഴിഞ്ഞ നാളുകളിൽ കുടുംബത്തിലുള്ള ഓരോ അംഗങ്ങളും അവരവരുടെ തിരക്കുകളിൽ ഏർപ്പെടുമായിരുന്നു. ഈ സന്ദർഭങ്ങളിലാണ് പ്രമുഖരായ വ്യക്തികൾ പറഞ്ഞ വാക്കുകൾ നമ്മുടെ മനസുകളിലൂടെ കടന്നുപോകുന്നത്. അതിനുദാഹരണമാണ് എം.ടി വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ. "ഓരോ കാലത്തും ഓരോ മഹാമാരി വരുന്നു. ഒന്നിന്റെ വഴികൾ നമ്മൾ തിരിച്ചറിയുകയും അതിനു പ്രതിവിധി കണ്ടെത്തുകയും ചെയ്യുമ്പോൾ മറ്റൊന്ന് വരുന്നു. ശാസ്ത്രം ജയിച്ചു എന്നു നമ്മൾ പറയുന്നതിന്റെ അർത്ഥത്തിനു അവിടെ പൂർത്തീകരണമില്ലാതെയാകുന്നു. ഓരോന്നിൽ ജയിക്കുമ്പോൾ പുതിയ വെല്ലുവിളികൾ ശാസ്ത്രത്തിന്റെ മുന്നിൽ വരുന്നു." "പ്രകൃതി ഇതിലൂടെയൊക്കെ ചിലതു പറയുന്നു മനുഷ്യനോട് -എല്ലാം കീഴടക്കി എന്ന നിന്റെ ഭാവം നന്നല്ല. എല്ലാം അറിഞ്ഞു എന്ന നിന്റെ വിചാരവും ശരിയല്ല. ഉവ്വ് , മനുഷ്യന്റെ അറിവിന് പരിമിതിയുണ്ട്. എപ്പോഴും നമുക്ക് അറിഞ്ഞുകൊണ്ടേയിരിക്കാം: അന്വേഷിച്ചുകൊണ്ടേയിരിക്കാം. പ്രതീക്ഷയോടെ."
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |