ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര/അക്ഷരവൃക്ഷം/സമർപ്പിത ജീവിതങ്ങൾ

സമർപ്പിത ജീവിതങ്ങൾ

ഒരു സ്വകാര്യ ആശുപത്രിയിലെ നേഴ്സാണു രാജി. പതിവുപോലെ രാജി രാവിലെ എഴുന്നേറ്റു. അടുക്കളയിൽ അവളുടെ അമ്മ തിരക്കിട്ട ജോലിയിൽ ആണ്.
അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്ന് അമ്മയോട് പറഞ്ഞു:"അമ്മേ ! ഇന്നുമുതൽ എനിക്ക് വീട്ടിലേക്ക് വരാൻ പറ്റില്ലല്ലോ. ഞങ്ങളുടെ ആശുപത്രിയിൽ കൊറോണ രോഗികൾ എത്തിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.”
അമ്മ വേഗം അവൾക്ക് കഴിയ്ക്കാനുള്ള ഭക്ഷണമൊക്കെയെടുത്ത് പാത്രത്തിലാക്കി വച്ചു. അവൾ തനിക്കുവേണ്ട വസ്ത്രങ്ങളൊക്കെ ബാഗിലാക്കി, കുളിച്ചൊരുങ്ങി വന്നു. അമ്മ അവളെ പൂജാമുറിയിൽ കൊണ്ടുപോയി നന്നായി പ്രാർത്ഥിപ്പിച്ചു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൾ കണ്ടു.
അവൾ പറഞ്ഞു. "അമ്മ വിഷമിക്കരുത് . നമ്മുടെ നാടിന് വേണ്ടി ജനങ്ങളുടെ ജീവനുവേണ്ടി നമ്മളാലാകുന്നത് ചെയ്യാൻ കഴിയുന്നതിൽ അഭിമാനിക്കുകയാണ് വേണ്ടത്.”
അവൾ വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങി. ആശുപത്രിയിലെത്തിയപ്പോൾ ആണ് അവളറിയുന്നത് കൊറോണാ വാർഡിലാണ് തനിക്ക് ഡ്യൂട്ടിയെന്ന് . ആദ്യം അവൾ വെല്ലാതെ ഭയന്നു. പിന്നെ ധൈര്യം സംഭരിച്ച് മാസ്കും മറ്റ് സുരക്ഷാമാർഗ്ഗങ്ങളും ധരിച്ച് വാർഡിലെത്തി. രാജിയടക്കം മൂന്ന് പേർക്കാണ് അവിടെ അന്ന് ഡ്യൂട്ടി. ചുമയും തുമ്മലും ശ്വാസംമുട്ടലും മൂലം രോഗികൾ വിഷമിക്കുന്നത് അവൾ കണ്ടു. ബുദ്ധിമുട്ടുന്നവരുടെ അടുത്തേക്ക് അവൾ ഓടിയെത്തി കൂട്ടത്തിൽ പ്രായമായ ഒരാളുടെ അവസ്ഥ പെട്ടെന്ന് വഷളായി. ശ്വാസം എടുക്കാൻ പറ്റാതെ അയാൾ പിടയുന്നത് കണ്ട് അവൾ ഓടിയെത്തി. മരണവെപ്രാളത്തിൽ അയാളുടെ കൈ തട്ടി രാജിയുടെ മാസ്കിൻറെ വള്ളി പൊട്ടി. പെട്ടെന്നാണ് തൊട്ടടുത്ത ബെഡ്ഡിലെ രോഗി തുമ്മിയത്. അത് രാജിയുടെ മുഖത്ത് തെറിച്ച് വീണു. ഡോക്ടറിനെ വിവരം അറിയിച്ചു. രാജിയെ ഡോക്ടർ തിരിച്ച് വിളിച്ചു. ഹോസ്റ്റൽ മുറിയിൽ ഒറ്റക്ക് കഴിയാൻ നിർദേശിച്ചു. രോഗം തന്നെ കീഴ്പെടുത്തുന്നത് അവൾ നിസ്സഹായതയോടെ അറിഞ്ഞു. ശരീരത്തിൽ ക്ഷീണം കൂടുന്നതിൻറെയും ശ്വാസം കിട്ടാതെ വരുന്നതിൻറെയും നോവവൾ അറി‍ഞ്ഞു തുടങ്ങി. തൻറെ ദിനങ്ങൾ എണ്ണപ്പെട്ടെന്ന് അവൾ തിരിച്ചറിഞ്ഞു. സഹപ്രവർത്തകർ അവളെ നന്നായി പരിചരിച്ചു. സമയത്തിന് മരുന്നും ഭക്ഷണവും കരുതലും സാന്ത്വനവും ഒപ്പം പ്രാർത്ഥനയും കൂടിയായപ്പോൾ അവൾ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അസുഖം പൂർണ്ണമായി ഭേദപ്പെട്ട അവൾ തിരികെ ജോലിക്കു പ്രവേശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. അവളുടെ നിശ്ചയദാർഢ്യം കണ്ട മെഡിക്കൽ സൂപ്രണ്ട് അതിനനുവാദവും നൽകി. നല്ലൊരു നാടിനായ് തുടർന്നും അവൾ അവളുടെ സേവനം സമർപ്പിച്ചു.

ആദിത്യൻ കെ എം
6 എ ഗവ.യൂ.പി.സ്കൂൾ, ചെമ്മനത്തുകര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ