മഴ
ഞാൻ ഞെട്ടിയുണർന്നു നോക്കുമ്പോൾ
എല്ലാം ശൂന്യമായിരുന്നു . അതേ ഒരു
രാക്കിനാവ് . ഞാൻ കൈനീട്ടി
സ്വിച്ചമർത്തി. റൂമിലെ ട്യൂബുലൈറ്റ് ഒന്നു
കത്തിയണഞ്ഞ്, മിന്നിമറഞ്ഞ് ഒടുവിൽ
നന്നായി കത്തി. ഞാനെഴുന്നേറ്റ് വെള്ളം കുടിച്ചു.ഗ്ലാസ്
വെക്കുന്ന ശബ്ദം കേട്ട് നേരിയ മയക്കത്തിലായിരുന്ന അനു
ഉണർന്നു എന്താ ചേച്ചീ....?ചേച്ചിക്കൊറൊക്കോന്നില്ലേ?അവൾ
ഉറക്കച്ചടവിൽ ചോദിച്ചു.ഏയ്...ഞാനൊരു സ്വപ്നം കണ്ടുണർന്നതാ...
ഞാൻ പറഞ്ഞു . “വല്ല ദുസ്വപ്നവും ആയിരിക്കും.ആതാ ഉണർന്നത്.
എന്നും കിടന്നുറങ്ങും മുൻപ് പ്രാർഥിക്കണമെന്ന് അമ്മ പറഞ്ഞി
ട്ടില്ലേ...? അങ്ങനെ പ്രാർഥിച്ചങ്ങോട്ട് കിടക്ക്, ഒരു ദു:സ്വപ്നവും കാണില്ല.
ഇത് ദു:സ്വപ്നമൊന്നുമല്ലെടീ... നീ ഉറങ്ങിക്കോ... ഞാൻ കുറച്ചു കഴിഞ്ഞിട്ട്‍
കിടക്കുന്നൊള്ളു. ഞാൻ പറഞ്ഞതിന് ഒരു മറുപടിയായ് ഒരു മൂളൽ നൽകി അവൾ കിടന്നു.
ഞാൻ റൂമിന്റെ ബാൽകെണിയിലേക്കു പോയി. വാതിൽ തുറന്ന് മെല്ലെ ബാൽക്കെണിയിലേക്കിറങ്ങി
മെല്ലെ കൈവരിക്കടുത്തേക്കു ചെന്നു. കുറച്ചുനേരം അവിടെ നിന്നു. ഇളം കാറ്റ് മെല്ലെ മെല്ലെ വീശുന്നുണ്ടായിരുന്നു. ഞാനെന്റെ മുടിയഴിച്ചിട്ടു. കാറ്റ് എന്റെ മുടിയിഴകളിൽ നൃത്തം ചെയ്തു
ആ ഇളം കാറ്റ് കൊണ്ടു വന്ന കുളിർ എന്റെ ശരീരത്തോടൊപ്പം എന്റെ മനസ്സിനേയും
തണുപ്പിച്ചു. മുറ്റത്ത് പടർന്നു നിന്ന നന്ദ്യാർവട്ടത്തിന്റെ സുഗന്ധം കാറ്റിൽ വന്നു.ആകാശത്ത്
പാൽനിലാവൊളി തൂകി പൂർണ്ണചന്ദ്രൻ ,ഒപ്പം മിഴിവേൽക്കാൻ ചന്ദ്രന്റെ
തോഴിമാരായ നക്ഷത്രങ്ങളും . ഞാൻ, കണ്ട ആ സ്വപ്നമോർത്തു. കോരിചൊരിയുന്ന
മഴ, ആകാശം മേഘാവൃതം . ഞാനേതോ കോഫീഷോപ്പിൽ ഇരിക്കുകയാണ്.
കൂടെ അനുവുമുണ്ടായിരുന്നു. ഞങ്ങൾ ഒരു കോർണർ ടേബിളിലായിരുന്നു ഇരുന്നത്.
അകത്ത് ആർദ്രമായ സംഗീതം. വയലിൻ തന്ത്രികൾ മീട്ടുന്ന ഈണങ്ങളാൽ ആരുടേയും മനസ്സു നിറയും
എനിക്ക് വയലിൻ ഒരുപാടിഷ്ടമായിരുന്നതിനാൽ ഞാൻ ആ വയലിൻ സംഗീതം വളരെയധികം ആസ്വദിച്ചു
കോഫി കുടിച്ചുകഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി. കുടനിവർത്തി കറുപ്പും നീലയും നിറങ്ങൾ ചേർന്നതാണ്
എന്റെ കുട. അവളുടേത് കറുത്ത കുടയും. മഴത്തുള്ളികൾ കമ്പികളിൽ നിന്നും ഇറ്റിറ്റ് വീണു. ഒപ്പം എന്റെ ദേഹത്തേക്കും. മഴയിലൂടെ നടക്കുക എന്നത് എനിക്കേറെ പ്രിയപ്പെട്ടതാണ്. എന്നാൽ നനഞ്ഞുവന്നാൽ അമ്മ വഴക്കു പറയും. ഞാൻ ഒന്നും ആലോചിച്ചില്ല. കുട മാറ്റി മഴയിലേക്കിറങ്ങി.
മഴ നനഞ്ഞു ഞാൻ നടന്നു. മഴ എന്റെ മനസ്സും ദേഹവും തണുപ്പിച്ചു. മനസ്സ്
നിറഞ്ഞു. എത്ര കാലമായി മഴ നനഞ്ഞിട്ട് അനാമികേ ...എന്ന വിളി കേട്ട്
തിരിഞ്ഞുനോക്കിയപ്പോൾ അനു എന്നെ നോക്കി ചിരിച്ചു. അവൾ കുട എന്റെ
നേരെ എറിഞ്ഞു. അവൾ രണ്ടു കയ്യും നീട്ടി മഴ ആസ്വദിച്ചു. വീണ്ടും ഞാൻ ഞെട്ടിയുണർന്നു
ആകാശത്തു നിന്ന് മഴത്തുള്ളികൾ എന്റെ മേലേക്ക് വീണു. ആകാശത്തിൽ പ്രൗഡിയോടെ തിളങ്ങി നിന്ന ചന്ദ്രനേയും നക്ഷത്രങ്ങളേയും കാണുന്നില്ല. പകരം ആകാശം കാർമേഘാവൃതമായിരിക്കുന്നു
നന്ദ്യാർവട്ടത്തിന്റെ മണം ഇപ്പോഴുമുണ്ട് . അതേ ശരിക്കും മഴ പെയ്യുന്നു. ഞാൻ
ഓർത്തു പണ്ടെന്നോ അവസാനമായി മഴ നനഞ്ഞതിന് അമ്മ തന്ന അടിയും വഴക്കും.
പിന്നീട് ഞാൻ മഴ നനഞ്ഞിട്ടില്ല. അവസരം ലഭിച്ചു. ആ ആഗ്രഹം ഇന്നെന്റെ മനസ്സിലെ
ഏറ്റവും വലിയ ആഗ്രഹമാണ്. ഇല്ല എനിക്കിനിയും ആ ആഗ്രഹം സ്വപ്നമായി
കാണാൻ വയ്യ.പെയ്യിറങ്ങിയ മഴയിൽ ഞാൻ മാറിയില്ല. ഞാൻ ആ മഴ ആസ്വദിച്ചു. മനസ്സും ഒപ്പം കണ്ണും നിറച്ച ആ മഴ എന്നെ കുളിരണിയിപ്പിച്ചു.പിന്നീട് മെല്ലെ അകത്തു കയറി നനഞ്ഞവസ്ത്രങ്ങൾ മാറ്റി കിടന്നുറങ്ങി. രാവിലെ പനിയും ജലദോഷവും....ഫാനിന്റെ കാറ്റെന്നും തണുപ്പെന്നും പറഞ്ഞെല്ലാവരും വിശ്വസിച്ചപ്പോൾ, എല്ലാമറിയുന്നരണ്ട് പേർ ഒന്നും പറഞ്ഞില്ല. ഞാനും നിർത്താതെ പെയ്യുന്ന മഴയും.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ
|