ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/വീണ്ടുമൊരു അതിജീവനം

വീണ്ടുമൊരു അതിജീവനം      

ഇന്ന് ലോകജനത മുഴുവൻ നേരിടുന്നതും അനുഭവിക്കുന്നതുമായ ഒരു വലിയ തലവേദനയാണ് COVID 19 എന്ന് അറിയപ്പെടുന്ന നോവൽ കൊറോണ വൈറസ് രോഗം.കഴിഞ്ഞ കുറെ നാളുകളായി മനുഷ്യരാശിയെ ഭീതിയില്ഴ്ത്തിയ ഈ മഹാമാരി സ്ഥിതീകരിച്ചിട്ട് 100 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു.ഒന്ന് തുമ്മാനോ ചുമയ്ക്കാനോ എടുക്കുന്ന സമയം,അത്രയും മാത്രം മതി ആ വൈറസിന് ലോകത്തിന്റെ അതിർത്തികളൊക്കെ ലംഘിച്ച് അതങ്ങനെ ആളിപടരുകയാണ്.പല രാജ്യങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരിക്കലും ആളൊഴിയാത്ത തീർത്ഥാടന കേന്ദ്രങ്ങളും ജനപ്രിയ വിനോദസ‍ഞ്ചാര കേന്ദ്രങ്ങളും വരെ അടച്ചു പൂട്ടിയിരിക്കുകയാണ്.മലയാളികളായ നമുക്ക് ഹർത്താലും പണിമുടക്കുമൊന്നും ഒരു പുത്തരിയല്ല.എന്നാൽ ലോകം ഒന്നടങ്കം ഒരേ സമയം ഒരു ഹർത്താൽ ആചരിക്കുന്ന ഒരു അവസ്ഥ!എന്ന് അവസാനിക്കുമെന്ന് അറിയാതെ അനിശ്ചിതമായി തുടർന്നു പോകുന്ന ഒരു ഹർത്താൽ!

ഭൂമിയിലെ സ്വാഭാവിക ജനവാസമുളള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തി കഴി‍ഞ്ഞു.190 ലേറെ രാജ്യങ്ങൾ ,31 ലക്ഷത്തിലേറെ രോഗികൾ,മരണം രണ്ടരലക്ഷത്തിലേറെ ഈ കണക്കുകൾ നാൾക്കു നാൾ കൂടുകയാണ്.രോഗത്തെ ചെറുക്കാൻ വഴിയറിയാതെ വീടുകളിൽ അടച്ചിരിക്കുകയാണ് ലോകമെമ്പാടുമുളള ആളുകൾ.കോവിഡ് 19 എന്ന ചികിത്സയില്ലാ രോഗത്തെ പേടിച്ചാണ് ഇന്ന് കരയും കടലും ആകാശവും ഒരുമിച്ച് വാതിലടയ്ക്കുന്നത്.ഇത്തിരിയില്ലാത്ത ഈ വൈറസിനു മുന്നിൽ ലോകം നിശ്ചലം!ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19.ഇതിന് മുമ്പ് മഹാമാരിയായി പ്രഖ്യാപിച്ച ഒരേയൊരു രോഗമേ ഇന്ന് ഭൂമിയിലുളളൂ.20 ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്ഭവിച്ച എയ്ഡ്സ്.ചൈനയിലെ ഹ്യൂബയുടെ തലസ്ഥാനമായ വുഹാൻ നഗരത്തിലാണ് കോവിഡ് 19 ആദ്യമായി സ്ഥിതീകരിച്ചത്.2020 മാർച്ച് 11നാണ് കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്.അപ്പോൾ തന്നെ ഈ രോഗം 125 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരുന്നു.അതിനകം തന്നെ 180 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും 5000 ലേറെ പേർ മരിക്കുകയും ചെയ്തിരുന്നു.

കൊറോണ വൈറസ് കൊണ്ടുളള രോഗബാധ ഇതിനു മുമ്പ് രണ്ടു തവണ ഉണ്ടായിട്ടുണ്ട്.ഇതിന് ഉദാഹരണമാണ് 2003 ൽ ചൈനയിൽ തന്നെ ഉത്ഭവിച്ച സാർസും 2012 ൽ സൗദ്യഅറേബ്യയിൽ ഉത്ഭവിച്ച മെർസും.വവ്വാൽ ,വെരുക് തുടങ്ങിയവ വഴിയാണ് സാർസ് മനുഷ്യരിലേക്ക് പടർന്നുപിടിച്ചത്.മെർസ് ഒട്ടകവും വവ്വാലും വഴിയും.ഈ രണ്ടു രോഗങ്ങളും 27 രാജ്യങ്ങളിൽ പടർന്നു.ഇതിൽ സാർസിനോട് സാമ്യമുളളതാണ് ഇപ്പോഴത്തെ കോവിഡ് 19.ശ്വാസകണങ്ങളിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുക.സ്രവകണങ്ങൾ അന്തരീക്ഷത്തിൽ മൂന്ന് മണിക്കൂറോളം തങ്ങിനിൽക്കും .ചെമ്പ് പ്രതലത്തിൽ 4 മണിക്കൂറും കാർഡ് ബോർഡിൽ ഒരു ദിവസവും പ്ലാസ്റ്റിക്കിലും ഗ്ലാസിലും 3 ദിവസവും ഇവയ്ക്ക് ജീവിക്കാനാകും.മനുഷ്യനെ ബാധിക്കുന്ന കൊറോണ വൈറസുകൾ 7 തരമുണ്ട്

രോഗം പകരാതിരിക്കാൻ ആൾക്കഹോൾ അടിസ്ഥാനമാക്കിയുളള സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക.മാസ്ക്കുകളും കൈ ഉറകളും ധരിക്കുന്നത് ഉത്തമമാണ്.കൊറോണ വൈറസിന്റെ ഏറ്റവും വലിയ ആയുധം സമൂഹവ്യാപനമാണ്.കൊറോണയുടെ ആ ആയുധത്തെ തടയാനുളള കേരളത്തിന്റെ ക്യാമ്പയിനാണ് “BREAK THE CHAIN”. “BREAK THE CHAIN” ന്റെ രണ്ടാം ഘട്ടം കുറച്ചു ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.നഴ്സുമാരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പോലീസുകാരും ഓരോ മനുഷ്യരും മനസ്സറിവോടെ പ്രവർത്തിക്കുകയാണ് കോവിഡ് പ്രവർത്തനങ്ങളിൽ.ഏറ്റവും കൂടുതൽ നന്ദിപറയേണ്ടത് അവരോടാണ്.ഈ കൊറോണകാലത്തും ഭക്ഷ്യക്ഷാമം എന്തെന്നറിയാതെയും ആരോഗ്യ സുരക്ഷ നടപ്പാക്കിയും ഗവൺമെന്റ് മുന്നേറുന്നു.

കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിനു ശേഷം പ്രകൃതിയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് കുറച്ച് നാളുകൾക്ക് ശേഷം ഡൽഹിയുടെ അന്തരീക്ഷത്തിലെ പുകപടലങ്ങളും മറ്റും പാടെ മാറുകയും അന്തരീക്ഷം നീലിമ കൈവരിക്കുകയും ഗംഗാ നദി തെളിഞ്ഞൊഴുകുകയും ചെയ്തു.ഈ രണ്ടു സംഭവങ്ങളും അവിടെ വർഷങ്ങൾക്ക് ഇടയിൽ മാത്രം സംഭവിക്കുന്ന അപൂർവ്വ പ്രതിഭാസമാണ്.ലോകത്തിലെ മിക്ക നഗരങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.ഇപ്പോൾ പഞ്ചാബ്,രാജസ്ഥാൻ എന്നിവിടങ്ങളിൽ വച്ചു തന്നെ ഹിമാലയത്തിലെ ഗിരിശൃംഖങ്ങളും ദൃശ്യമാകും.ഭൗമാന്തരീക്ഷത്തിലെ ഓസോൺ പാളിയിലെ പത്ത് ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുളള ഏറ്റവും വലിയ വിളളലുകൾ അടയുകയും ചെയ്തു.പുതിയ കൊറോണ വൈറസ് മനുഷ്യന് ഒരു മുന്നറിയിപ്പ് എന്നതിനേക്കാളുപരി ഒരു ഗുണപാഠമാണെന്ന് ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്.മനുഷ്യന്റെ സ്വാർത്ഥ പ്രവർത്തികൾ കാരണം ഇല്ലാതായികൊണ്ടിരിക്കുന്ന ഭൂമിക്കും പ്രകൃതിക്കും ആശ്വാസമായികൊണ്ടാണ് കൊറോണ ഇപ്പോൾ എത്തിയിരിക്കുന്നത്.വലിയവനാണെന്ന് അഹങ്കരിക്കുന്ന മനുഷ്യനെ നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ കേവലമൊരു അണുവാണ് ഇത്രയും പെടാപാടുപ്പെടുത്തുന്നത്.ഇത് മനുഷ്യന് ഭാവിയിലേക്കുളള ഒരു മുന്നറിയിപ്പ് എന്നതിലുപരി ഒരു പാഠമാണെന്നുളളത് ഉറപ്പാണ്.മരുന്നുകൾ ഉണ്ടായിട്ടും പല രോഗങ്ങളും കുറയുന്നില്ല.അതങ്ങനെ വർദ്ധിക്കുകയാണ്.രോഗങ്ങൾ വർദ്ധിക്കുന്നതിനൊപ്പം മരുന്നുകളും വർദ്ധിക്കുന്നു.വീണ്ടും വീണ്ടും പുതിയ രോഗങ്ങൾ ഉണ്ടാകുന്നത് എന്തു കൊണ്ടാണ്?നമ്മുടെ ശുചിത്വമില്ലായ്മ കൊണ്ട്.സ്വർഗതുല്ല്യമായ ഈ ഭൂമിയെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുപ്പോഴും പാവം ഭൂമി ചോദിക്കുകയാണ്:

“മനുഷ്യാ,നിനക്ക് ഇനിയെങ്കിലും ഒന്ന് നന്നായികൂടെ”

അൽഫാരിസ്.എസ്.എസ്
7എ ഗവ.ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം