കാടായിരുന്നു ഞാൻ,
ഖനിയായി നിന്നൊരു വനമായിരുന്നു,
ആരോമൽ പൈതങ്ങൾ അരുമയായി പായുന്ന മേടായിരുന്നു ഞാൻ,
എൻ മടിതട്ടിൽ ഉണർന്നു പുലരികൾ
എൻ ഹൃത്തടത്തിൽ മയങ്ങി രാവുകൾ ,
പൂർവ്വമാം തോട്ടത്തിൽ മേയുന്ന പൈക്കളും,
പശ്ചിമചോലയിൽ പാറുന്ന ശലഭവും ,
വെൺനിലാ പൊയ്കയിൽ നീന്തുന്ന താരവും ,
ചേർന്നതാണെൻ പൂർവ്വകാലം .
എങ്കിലിന്നെൻ പുലരിക്ക് വെണ്മയില്ല ,
എന്റെ മിഴിയാം പുഴകളിൽ നീരുമില്ല ,
എന്റെ ഹൃദയമാം തരുവിൽ പൂക്കളില്ല ,
എന്റെ സ്മിതമാം ചോലക്കു ശുദ്ധിയില്ല ,
എന്റെ മനമാം പൂക്കൾക്ക് നന്മയില്ല ,
ഓർക്കുന്നു ഞാനെൻ പ്രതാപത്തിൻ നാളുകൾ
അറിയുന്നു ഞാനെൻ മൃതമാം അവസ്ഥയും
എന്റെ വിജനമാം വീഥിയിൽ സ്മൃതികളില്ലാ ,
എങ്ങും എവിടെയും ഇന്നിന്റെ കയ്പ് മാത്രം ,
നാളെയുടെ ചിന്തകളിൽ നോവ് മാത്രം .