ആരാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ? ഒരു വേള ഞാനും ചിന്തിച്ചിട്ടുണ്ടാവാം..
മരങ്ങളും പൂക്കളും പച്ചപ്പും നിറഞ്ഞ ; ചിത്രശലഭങ്ങളുടെ വർണ്ണ ഭംഗിയും പക്ഷികളുടെ കള കൂജനവും നിറഞ്ഞ; ആകാശനീലിമ യ്ക്ക് താഴെ സ്ഫടിക ജലവാഹിനികളായ കാട്ടാറിൻ കളകളാരവങ്ങളും,
മഹാനദികളുടെ പരിശുദ്ധതയും നിറഞ്ഞ;
മുത്തശ്ശി കഥകളിൽ കേട്ടറിഞ്ഞ എൻ്റെ മനോഹരമായ ഭൂമി.....
ആർത്തിപൂണ്ട മനുഷ്യൻറെ ഓട്ട പ്പാച്ചിലിനിടയിൽ,
ഫാക്ടറികളുടെ ഉച്ഛ്വാസ വിസർജ്യങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവൾ,
അവളുടെ ജീവനാഡിയായ ജലാശയങ്ങളിൽ വികസനത്തിൻ്റെ വിഷം കലക്കി,
യന്ത്ര കൈകളാൽ ഞെക്കി പിഴിഞ്ഞ്; അകാലമൃത്യുവിലേയ്ക്ക് ആനയിക്കപ്പെട്ടവൾ.......
മതഭ്രാന്തിൻ്റെയും, സ്വാർത്ഥ താൽപര്യത്തിൻ്റെയും പേരിൽ രക്തപ്പുഴകൾ ഒഴുകുമ്പോൾ,
അവൾ വിതുമ്പുകയായിരുന്നു;നിശബ്ദമായി .. ഒടുവിൽ നിയന്ത്രണംവിട്ടവൾ പൊട്ടിത്തെറിച്ചപ്പോൾ , പിടിച്ചുനിൽക്കാനാകാതെ വിറങ്ങലിച്ചു ; കുടിലും കൊട്ടാരവും.
ആ പ്രതിഭാസത്തിന് ശാസ്ത്രം ഒരു പേരു നൽകി "കൊറോണ".. ...
അടച്ചിരിപ്പാണ് ഇന്ന് മനുഷ്യർ മുഴുവൻ,
മരണ താണ്ഡവത്തിൽ ശൂന്യമാണിന്ന്- അവൻ്റെ ഉള്ളും പുറവും.
അവൻ അടക്കി വച്ച ഭൂമിയിലിപ്പോൾ വിഹരിക്കുന്നു യഥാർത്ഥ അവകാശികൾ;
സ്വൈര്യമായി... മുത്തശ്ശി പറഞ്ഞ പഴയ ഭൂമിയെ ഞാനിപ്പോൾ കണ്ടറിയുന്നു;
ഈരടികളിൽ കേട്ടു ശീലിച്ച മാവേലിനാടിൻ്റെ നന്മ ഞാൻ കാണുന്നു;
ലോകമെങ്ങും ....... "കൊറോണ" എന്ന ഈ മഹാമാരി പെയ്തൊഴിഞ്ഞാലും,
സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെ യും, സമർപ്പണത്തിൻ്റെയും, സഹനത്തിൻ്റെയും പെരുമഴക്കാലം പെയ്തൊഴിയാതിരുന്നെങ്കിൽ.............!!??