ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/എരുവിന്റെ മഴ
എരുവിന്റെ മഴ
ഇടിയുടെ അലറലും മഴതുള്ളികൾ മുറ്റത്തേക്ക് വീഴുന്ന കള കള നാദവും കേട്ടാണ് അമ്മു ഉണർന്നത്. അവൾ ഉമ്മറത്തേക്കോടി അവിടെ മുഴുവൻ വെള്ളമായിരുന്നു. അവളുടെ കുഞ്ഞു കാൽ മെല്ല ആ വെള്ളത്തിലേക്ക് ചവിട്ടി അവൾ നടന്ന് ചെന്ന് വാതിൽ തുറന്നു . എന്നും ചെയ്യുന്ന പതിവായിരുന്നു അത് അവൾ എന്നും കാണുന്നത് ഉദിച്ചു നിൽക്കുന്ന സൂര്യനേയും, തീറ്റ തേടി പോകുന്ന പക്ഷികളെ യൊക്കെയാണ്. പക്ഷേ അതൊന്നും ആയിരുന്നില്ല ആ കാഴ്ച .ശക്തിയായി ചെയ്യുന്ന മഴയും കൊടുംകാറ്റുപോലെ വീശുന്ന കാറ്റും താഴെ വീണു കിടന്നു മഴ നനയുന്ന പക്ഷി കൂടും ആ കാഴ്ച അവളുടെ മനസ്സിനെ വേദനിപ്പിക്കുന്നതായിരുന്നു. അവൾ വേഗം അടുക്കളയിലേക്കോടി അവിടെ അവളുടെ അമ്മ ജോലികളിൽ മുഴുകിയിരിക്കുന്നു. അതോടൊപ്പം അവർ പിറുപിറുക്കുന്നുണ്ടായിരുന്നു. അത് എന്നാണെന്ന് അവൾ കാതോർത്തു .നശിച്ച മഴ ,ഒന്നു പുറത്തു ഇറങ്ങാൻ കൂടി പറ്റുന്നില്ല ഇതൊക്കെ പറയുമ്പോഴും പുറകിൽ ചാരി നിൽക്കുന്ന അമ്മുവിനെ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവർ അമ്മയോടു ചോദിച്ചു . "അമ്മേ ഞാൻ ഇന്ന് എങ്ങനെയാ സ്കൂളിൽ പോണത്?" "ഇന്ന് മോള് പോകണ്ട " അമ്മ പറഞ്ഞു "അയ്യോ! അമ്മേ ഇന്നെനിക്ക് സയൻസ് ക്വിസും ഉപന്യാസ രചന മത്സരവുമുണ്ട് " അവൾ പറഞ്ഞു "മോളെ ഇന്ന് നിനക്ക് അവധിയാ ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു" "ആണോ കഷ്ട്ടായി പോയി എന്താ അമ്മേ ഈ മഴ തോരാതെ നിൽക്കുന്നത്? അതുപോലെ തന്നെ എന്താ മഴ കാരണം അപകടങ്ങളെക്കെ സംഭവിക്കുന്നത്. അവൾ അമ്മയോടാരാഞ്ഞു. അതൊക്കെ നമ്മുടെ ദുഷ്പ്രവൃത്തി മൂലമാണ് മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് പകരം മരങ്ങൾ വെട്ടി നശിപ്പിക്കുന്ന. അതുമൂലം മണ്ണിന്റെ ശക്തി കുറയുകയും മണ്ണിടിച്ചിൽ സംഭവിക്കുകയും ചെയ്യുന്നു.അതു പോലെ പാറപൊട്ടിക്കുന്നു , പാറ കോറികൾ ഉണ്ടാവുന്നു അതുമൂലം ഉരുൾപൊട്ടൽ സംഭവിക്കുന്നു ." മോളെപ്പോലെ എല്ലാ ദിവസവും സ്കൂളിൽ പോകാൻ ആഗ്രഹിക്കുന്ന എത്ര പേർ കാണും ഈ കൊച്ചു കേരളത്തിൽ അവയിൽ എത്ര പേർ കാണും അടുത്ത ദിവസങ്ങളിൽ? ഈ ചോർന്നൊലിക്കുന്ന വീട്ടിൽ നിങ്ങളെയും കൊണ്ട് എങ്ങനെയാ ഞാൻ ഇവിടെ താമസിക്കുന്നത് .ഇതൊക്കെ പറയുമ്പോഴും അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അവർ കരയുകയായിരുന്നു.. ഞാൻ അമ്മയോട് ചോദിച്ചു " എന്തിനാ അമ്മേ കരയണത് ?" " നിന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഇങ്ങനെ കഴിയേണ്ടി വരില്ലായിരുന്നു അല്ലേ." കഴിഞ്ഞ മഴയത്ത് ജംഗ്ഷനിൽ പോയി വരാമെന്ന് പറഞ്ഞ ആളാ പിന്നെ കേൾക്കുന്നത് ഒരു ഉരുൾപൊട്ടലിൽ .............. സംസ്കരിക്കാൻ ഒരു പൊടിപോലും കിട്ടിയില്ല" അമ്മ കരഞ്ഞു .അവരുടെ കരച്ചിലിന്റെ ശക്തി പോലെ അടുപ്പത്തിരുന്ന ചായ തിളച്ചു പൊങ്ങി .തൊട്ടിലിൽ കിടന്നു കരയുന്ന അവളുടെ അനുജന്റെ ശബ്ദം അപ്പോഴാണ് കേട്ടത് . അമ്മു ഓടിപ്പോയി അവനെ എടുത്ത് മാറോടു ചേർത്തു. എന്നിട്ട് ഉമ്മറത്തേക്ക് പോയി അപ്പോൾ മഴയ്ക്ക് അൽപം ശമനം വന്നതായി അവൾക്ക് തോന്നി. അത് അവളുടെ അമ്മയുടെ കരച്ചിലിന്റെയും വേദനകളുടേയും ശക്തികൊണ്ടാവാം എന്നവൾക്ക് തോന്നി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |