തവള. നമ്മുടെ നാട്ടിൽ സാധരണയായികാണപ്പെടുന്ന ഒരു അസാധാരണ ജീവി. തവള എങ്ങനെയാണ് അസാധാരണ ജീവിയാകുന്നത്.മറ്റു ജീവികളെ അപേക്ഷിച്ച് കരയിലും ജലത്തിലും ജീവിക്കാനുള്ള കഴിവ് അഥവാ ഉഭയജീവി എന്ന സ്ഥാനമാണ്തവളയ്ക്ക് ഇത്തരമൊരു വിശേഷണം നൽകുന്നത്.
പരിസ്ഥിതിക്ക് ഏറെ ഉപകാരം ചെയ്യുന്ന, ഭക്ഷ്യശൃംഗലയിലെ ഒരു സുപ്രധാന കണ്ണിയാണ് തവളകൾ. വാലില്ലാത്ത മാംസഭുക്കുകളാണിവ. ഇന്ന് കാണുന്ന സസ്തനികളും പക്ഷികളും ഉത്ഭവിക്കുന്നതിനും മുൻപ്, അതായത് 40 കോടി വർഷങ്ങൾക്ക് മുൻപാണ്തവളകൾ ജലത്തിൻ നിന്നും കരയിലേയ്ക്ക് കയറിയത്.തവളകൾവെള്ളത്തിൽ ഇടുന്ന മുട്ടകൾ ഏകദേശം 4 മാസം കൊണ്ടാണ് വാൽമാക്രിയായും തുടർന്ന് തവളയായും മാറുന്നത്.15 മുതൽ 40 വർഷം വരെ ഇവയ്ക്ക് ആയുസ്സ് ഉണ്ടാകും.
തവളകൾ പ്രധാനമായും രണ്ട് തരമുണ്ട്. മിനുസമുള്ള ശരീരമുള്ളവയെഫ്രോഗുകളെന്നും പരുപരുത്ത ശരീരമുള്ളവയെ ടോഡുകളെന്നും വിളിക്കുന്നു. ഗോലിയാത്ത്, കൊമ്പൻ തവള ,ചിനോകേറ ,വിരൽ തവള, സ്ഫടികതവള, പാൽ തവള, പറക്കും തവള, ജലത്തവള........... ഇങ്ങനെ ധാരളം വിഭാഗങ്ങൾ തവള വർഗ്ഗത്തിലുണ്ട്.പോയിസൺ ഡാർട്ട് ഫ്രോഗ് എന്ന തവളയുടെ വിഷത്തിന് ഒരേ സമയം 10 മനുഷ്യരേയും 10,000 എലികളേയും വരെ കൊല്ലാനുള്ള കഴിവുണ്ട്. ഈ വിഷത്തവളയുടെ പുറത്ത് ഉരസുന്ന അമ്പുകൾ ചില ഗോത്രവർഗ്ഗക്കാരുടെ പ്രധാന ആയുധമാണ്.
കേരളവും വിവിധ തരം തവളകളുടെ ആവാസസ്ഥലമാണ്. പാടത്തും പറമ്പിലുമുള്ള സാധാരണ തവളമുതൽ അത്യപൂർവ്വമായ മാവേലി തവള വരെ കേരളത്തിലുണ്ട്.കേരളത്തിൽ കാണപ്പെടുന്ന മറ്റൊരു വ്യത്യസ്ത യിനം തവളയാണ് ജയറാമി തവള .സുപ്രസിദ്ധ വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ K. ജയറാമാണ് ഇതിനെ കണ്ടെത്തിയത്.
ജൈവ വൈവിധ്യത്തിലെ ഒട്ടുമിക്ക ജീവജാലങ്ങളുടേയും വിധി തന്നെയാണ് ഇന്ന് തവളകൾക്കും. വംശനാശ ഭീഷണി എന്ന ഓമനപ്പേര് ഇന്ന് ഈ ഉഭയജീവിയുടെ മേലും വീണിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകളും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഇതിന് കാരണമാണ്. തോട്ടുവരമ്പിൽ കളിക്കുന്ന കുട്ടികളെ എന്നും അതിശയിപ്പിച്ചിട്ടുള്ള ഒന്നാന്ന് 'മാക്രി മുട്ടകൾ '. നൂലുപോലെ പിണഞ്ഞ് കിടന്ന് മുന്നൂറോളം വാൽ മാക്രികൾക്ക് ജന്മം നൽകുന്ന ആ അപൂർവ്വ മുട്ടകൾ ഇന്നത്തെ കുട്ടികൾക്കൾക്ക് യൂടൂബിലെ ദൃശ്യവിസ്മയം മാത്രമായി ഒതുങ്ങുന്നതിന് നമ്മൾ തന്നെയല്ലേ കാരണക്കാർ. തവള വിളിച്ചാൽ മഴ പെയ്യുമെന്നും തവള വന്നാൽ പുറകെ പാമ്പ് ഉണ്ടാകുമെന്നുമൊക്കെ വിശ്വാസങ്ങൾ വെറും അന്ധവിശ്വാസങ്ങൾ മാത്രമായിരുന്നില്ല, മുന്നറിയിപ്പുകൾ കൂടി ആയിരുന്നു.
സംരക്ഷിക്കണം എന്ന മാനുഷിക ധർമ്മം മറന്നാലും ഉള്ളതിനെ നശിപ്പിക്കാതിരിക്കാം. അവരും ഈ ഭൂമിയിൽ ജീവിച്ചോട്ടെ" ഭൂമിയുടെ അവകാശികളായി തന്നെ."