വിദ്യാരംഗം കലാ സാഹിത്യവേദി
 
തോന്നയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ 2018-19 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ ആദ്യത്തെ ആഴ്ച തന്നെ ആരംഭിച്ചു.യൂണിറ്റ് രൂപീകരണം ജൂൺ 8വെള്ളിയാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2018-19 പ്രവർത്തന പദ്ധതി വിഭാവനം ചെയ്യുന്ന വിധത്തിൽ എല്ലാ കുട്ടികളിലുമുള്ള സാഹിത്യ കലാഭിരുചികൾ കണ്ടെത്താനും വളർത്തിയെടുക്കാനുമുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം നടത്തുന്നത്.
യു.പി യിലും ഹൈസ്കൂളിലും കഥാരചന, കവിതരചന,ചിത്രരചന,കാവ്യാലാപനം,അഭിനയം,നാടൻപാട്ട് എന്നിവകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെ അഭിരുചി മുൻനിർത്തി കഥക്കൂട്ടം, കവിതക്കൂട്ടം,ചിത്രക്കൂട്ടം,അഭിനയക്കൂട്ടം,പാട്ടുകൂട്ടം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
പി എൻ പണിക്കർ സ്മരണദിനമായ ജൂൺ 19 ന് തുടങ്ങിയ വായനപക്ഷാചരണം സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഗംഭീരമായ നടത്തി.മലയാള കവിതയുടെ സവിശേഷ ചരിത്ര മുഹൂർത്തങ്ങളിലെ സാഹിത്യത്തിലൂടെ സഞ്ചരിക്കുന്ന ഒരു പരിപാടി "കാവ്യസുധ" എന്ന പേരിൽ പ്രത്യേക അസംബ്ലി കൂടി ജൂൺ19ന് അവതരിപ്പിച്ചു.ഭാഷയിലെ ആദ്യകൃതിയായ രാമചരിതത്തേയും രചയിതാവിനെയും കാവ്യശകലത്തെയും പരിചയപ്പെടുത്തികൊണ്ട് ആരംഭിച്ച കാവ്യസുധ പരിപാടിയിൽ 30-ൽ പരം കാവ്യശകലങ്ങൾ ,കവികൾ,എന്നിവ പരിചയപ്പെടുത്തി.അധ്യാപകരും കുട്ടികളും കവിതകൾ അവതരിപ്പിച്ചു.ഈ സ്കൂളിൽ പഠിച്ചവരും പഠിപ്പിച്ചവരുമായ കവികളുടെ കവിതകളും ആലപിക്കപ്പെട്ടു.കൂടാതെ വായനദിനപോസ്റ്ററുകൾ ,പതിപ്പുകൾ,പുസ്തകപ്രദർശനം,വായനക്കുറിപ്പുകളുടെ അവതരണം എന്നിവ നടന്നു.
ബഷീർ സ്മരണദിനമായ ജൂലൈ 5 പുതുമയുള്ള പരിപാടികളാൽ ധന്യമായിരുന്നു.തോന്നയ്ക്കൽ ആശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്റ്യൂട്ടും തോന്നയ്ക്കൽ ഹയർസെക്കന്റെറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായനാരാമം പരിപാടി ഹൃദ്യമായ അനുഭവമായി മാറി.വിദ്യാരംഗം ജില്ലാതല കമ്മിറ്റി അംഗം ശ്രീമതി സുനിത തമ്പി.എ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ക്ലബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പുതിയ തലമുറ വായനയിലേക്ക് ശക്തമായി തിരിച്ചുവരണം എന്ന സന്ദേശമാണ് വായനാരാമം പരിപാടി ലക്ഷ്യമിടുന്നത്. വായനാരാമം പരിപാടി പ്രശസ്ത കവി പ്രൊഫ.വി.മധുസൂദനൻ നായർ നിർവ്വഹിച്ചു.പ്രശസ്ത കാഥികൻ ശ്രീ അയിലം ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ശ്രീ വിനോദ് വൈശാഖി ബഷീർ അനുസ്മരണ പ്രഭാ‍ഷണം നടത്തി.ജനപ്രതിനിധികൾ, പി റ്റി എ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാരം രണ്ട് പ്രോജക്ടുകൾ വിദ്യാരംഗം കലാസാഹിത്യവേദി ഇപ്പോൾ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്.100 കവികളുടെ ലഘു ജീവിതചരിത്രക്കുറിപ്പും ഒരു കവിതയിലെ വരികളും ഉൾപ്പെടുത്തി ഒരു സമാഹാരവും100 കവികളുടെ സാഹിത്യസംഭാവനകളെയും കൃതികളെയും ഉൾപ്പെടുത്തി കവിതാസാഹിത്യചരിത്രഗ്രന്ഥവും തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.120 ഓളം കുട്ടികൾക്ക് കവികളുടെ ലിസ്റ്റ് നൽകി വിവരശേഖരണ പ്രവർത്തനങ്ങൾ നൽകിക്കഴിഞ്ഞു.നാലിലൊന്ന് കുട്ടികൾ തയ്യാറാക്കിയ രചനകൾ നൽകിക്കഴിഞ്ഞു.
സ്കൂൾ അക്ഷരശ്ലോക ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി കുട്ടികളെ സെലക്ട് ചെയ്തിട്ടുണ്ട്.അതിന്റെ പഠനക്ലാസുകൾ ഈ മാസത്തിൽ (സെപ്തംബറിൽ)ആരംഭിക്കും.മലയാള ഭാഷയുടെ വിഭാഗത്തിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ വിഭാവന ചെയ്യുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും നടപ്പിലാക്കാനും സ്കൂൾ വിദ്യാരംഗം ക്ലബ്ബ് തുടർന്ന് ശ്രമിക്കുന്നതാണ്.