കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

കൊറോണയെന്ന മഹാമാരി

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), കോവിഡ് 19 എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുളള സസ്തനികളുടെ ശ്വാസനാളിയെ ഇവ ബാധിക്കുന്നു.ജലദോഷം, ന്യുമോണിയ,സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തേയും ബാധിക്കാം.

ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും മറ്റുള്ളവരിലേക്ക് വൈറസുകൾ എത്തു കയും ചെയ്യുന്നു. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം.വൈറസ് ബാധിച്ച ഒരാൾ സ്പർശിച്ച വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാക്കാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റ് ശരീരഭാഗങ്ങളിലോ തൊട്ടാലും രോഗം പടരും.

കൊറോണാ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്ന് അറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ച് തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.തുമ്മൽ,ചുമ, മൂക്കൊലിപ്പ്,ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകാം.

കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നത് പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.

പ്രധാനമായും നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ് പാലിക്കേണ്ടത്.ദിവസേന 20 സെക്കന്റ് നാം നമ്മുടെ കൈകൾ സോപ്പ്, ഹാൻഡ് വാഷ്,സാനിറ്റൈസർ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കഴുകണം.പുറത്തിറങ്ങുമ്പോൾ നമ്മൾ വായും മൂക്കും മാസ്ക്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മറക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ഐസൊലേറ്റ് ചെയ്യുന്നത് നമുക്കും മറ്റുള്ളവർക്കും ഏറെ നല്ലതായിരിക്കും. രോഗത്തിന്റെ ഗൗരവം മനസിലാക്കി ഏവരും പ്രവർത്തിക്കുക, സുരക്ഷിതരായിരിക്കുക...

അർഷാദ്
7 A കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം