കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/ മനുഷ്യനും പരിസ്ഥിതിയും

മനുഷ്യനും പരിസ്ഥിതിയും

പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം ആദാമിന്റെ കാലം മുതൽ ഉണ്ടായതാണ് .പ്രകൃതിയുമായി ഇണങ്ങി ജീവിച്ചവരായിരുന്നു നമ്മുടെ പൂർവികർ .നമ്മുടെ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലുമെല്ലാം ഈ ജീവിതശൈലി നമുക്ക് കാണാൻ കഴിയും .പ്രാചീന കാലത്തെ ഗുരുകുല വിദ്യാഭ്യാസം തന്നെ മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിച്ചതിനു ഉദാഹരണമാണ് .ഇങ്ങനെയുള്ളവരിൽ സത്യസന്ധതയും നന്മയും മുഖമുദ്രയായിരുന്നു. ഇന്ന് സ്ഥിതിഗതികൾ ആകെ മാറി .കാലം കഴിയുംതോറും മനുഷ്യന്റെ ജീവിതശൈലി മാറിക്കൊണ്ടിരിക്കുന്നു .മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം താളം തെറ്റുന്നു. ഇന്നത്തെ മനുഷ്യന്റെ ജീവിതശൈലിയും ആഹാരരീതിയും വിദ്യാഭ്യാസവും പ്രവർത്തനശൈലികളുമെല്ലാം പണ്ടുകാലത്തേതിൽനിന്നും വിഭിന്നമാണ്‌ .ഇന്ന് മനുഷ്യൻ അവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു .മനുഷ്യൻ അവന്റെ പരിസ്ഥിതിയെ നാശത്തിന്റെ വക്കിലേക്ക് വലിച്ചിഴയ്ക്കുന്നു . വിശ്വവിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലായ 'ഭൂമിയുടെ അവകാശികൾ ' എന്ന കൃതിയിൽ മനുഷ്യനെപ്പോലെ മറ്റുജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് അടിവരയിട്ട് പരാമർശിക്കുന്നുണ്ട് .പക്ഷെ ,മനുഷ്യന്റെ പ്രവർത്തികൾ കണ്ടാൽ താൻ മാത്രമാണ് 'ഭൂമിയുടെ അവകാശികൾ ' എന്ന് തോന്നും .മനുഷ്യൻ അവന്റെ പരിസ്ഥിതിയെ പലവിധത്തിൽ ചൂഷണം ചെയ്യുന്നു . മനുഷ്യന്റെ പ്രകൃതിയോടുള്ള ക്രൂരതകൾ ധാരാളമാണ് .വയൽ മണ്ണിട്ടുനികത്തിയും മരങ്ങൾ വെട്ടിനശിപ്പിച്ചും അവിടെയൊക്കെ പടുകൂറ്റൻ കെട്ടിടങ്ങൾ കെട്ടിയുയർത്തുന്നു .പുഴയിലെ മണൽവാരിയും ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞും അവ മലിനമാക്കുന്നു. ഫാക്ടറികളിൽനിന്നും വാഹനങ്ങളിൽ നിന്നുമുള്ള പുക വായുവിൽ കലർന്ന് നമുക്ക് ശുദ്ധവായു ശ്വസിക്കാനില്ലാത്ത അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു .ഭൂമിയുടെ രക്ഷാകവചമായ ഓസോൺ പാളിക്ക് വിള്ളൽ സംഭവിച്ചുകൊണ്ടിരിക്കുന്നു .ഇതിന്റെ തിരിച്ചടി ഭയാനകമായിരിക്കും .പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണ് കൃഷിയോഗ്യമല്ലാതാക്കുന്നു .വനങ്ങൾ വെട്ടിനശിപ്പിക്കുന്നത് നമ്മുടെ ആവാസവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാകുന്നു .ഇതുമൂലം ധാരാളം ജീവികൾക്ക് തങ്ങളുടെ വാസസ്ഥലം നഷ്ടമാകുന്നു . മനുഷ്യന്റെ പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങളുടെ ഉത്തമഉദാഹരണമാണ് മാസങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയയിൽ പടർന്നുപിടിച്ച കാട്ടുതീ .ഏകദേശം പത്തുകോടിയോളം ജീവജാലങ്ങളെ കൊന്നൊടുക്കിയ ഈ കാട്ടുതീ ഇരുപത്തിയാറു മനുഷ്യരുടെ ജീവൻ അപഹരിച്ചു. ഏകദേശം പതിനെട്ട് മില്യൺ ഏക്കർ ഭൂമി ഈ കാട്ടുതീ നശിപ്പിച്ചു .ഇതിനു സമാനമായ അനുഭവമാണ് ആമസോൺ മഴക്കാടുകളിലും സംഭവിച്ചത് .ഏകദേശം 906000 ഹെക്ടർ ഭൂമി നശിച്ചു .മനുഷ്യൻ പ്രകൃതിയോട് കാട്ടുന്ന നീചപ്രവർത്തിയെ എടുത്തുകാട്ടുന്നതാണ് ഈ രണ്ടു സംഭവങ്ങൾ . മനുഷ്യൻ പ്രകൃതിയ്ക്ക് ഏൽപ്പിക്കുന്ന പ്രഹരങ്ങൾക്ക് തിരിച്ചടിയയായി പല ദുരന്തങ്ങളും നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു .ഓസ്‌ട്രേലിയയിലും ആമസോണിലും ഉണ്ടായ തീപിടിത്തവും ,നമ്മുടെ കൊച്ചുകേരളത്തിലുണ്ടായ പ്രളയങ്ങളും ,ജപ്പാനിലുണ്ടായ ഭൂകമ്പവും ,ലോകം മുഴുവൻ പടർന്നുപിടിക്കുന്ന കൊറോണ എന്ന മഹാമാരിയുമൊക്കെ മനുഷ്യൻ ചെയ്തുകൂട്ടിയ പ്രവൃത്തികളുടെ അനന്തരഫലങ്ങളാവാം .ഇനിയെങ്കിലും നാം ഒരു കാര്യം ഓർക്കണം "പ്രകൃതി നമ്മുടെ അമ്മയാണ് ." ഈ അമ്മയെ സംരക്ഷിക്കേണ്ടത് മക്കളായ നമ്മൾ ഓരോരുത്തരുടെയും കടമയാണ് . ഒരാൾക്കും പ്രകൃതിയിൽനിന്നും അകന്നു മാറി ജീവിക്കുവാൻ കഴിയുകയില്ല .പ്രകൃതി തന്നെ ജീവിതം . "പരിസ്ഥിതിയെ സംരക്ഷിക്കു ജീവൻ നിലനിർത്തു "

അഭിനവ് എം എസ്‌
8 E KNNMHSS PAVITHRESWARAM
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം