കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/അക്ഷരവൃക്ഷം/തിരിച്ചറിവിൻെറ അതിജീവന കാലം

അതിജീവനം

ശുചിത്വമെന്നത് നാം മനപ്പൂർവ്വം അനുഷ്ഠിക്കേണ്ട ഒന്നാവരുത്. അതൊരു സംസ്കാരമാവണം. എങ്കിൽ മാത്രമേ അത് അനായാസം നമ്മുടെ ജീവിതത്തിൽ പകർത്താനാവൂ .അഭിമാനിക്കാൻ ഏറെയുണ്ട് നമ്മൾ മലയാളികൾക്ക് ... എങ്കിലും ഇത് നാം നമ്മെക്കുറിച്ച് ഏറെ ചിന്തിക്കേണ്ട സമയമാണ്. കാരണം ശുചിത്വമെന്ന വാക്കിന് നാം കൂടുതൽ ഊന്നൽ നൽകുന്നത് ഇപ്പോഴാണ്. ഇങ്ങനെ ഒരു ബോധം മനസിലുണ്ടാവാൻ നാം എന്തിന് അതി വ്യാപന ശേഷിയുള്ള ഒരു രോഗാണുവിനെ കാത്തിരുന്നു? സംസ്കാര സമ്പന്നരെന്ന് സ്വയം വിശേഷിപ്പിക്കുന്ന , വിദ്യാസമ്പന്നരെന്ന് ഊറ്റം കൊള്ളുന്ന നമുക്ക് പല ശുചിത്വ ശീലങ്ങളും അന്യമാണെന്ന തിരിച്ചറിവ് ഇപ്പോഴെങ്കിലും ഉണ്ടാകണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശരിയായി പാലിക്കാൻ കഴിയാതെ വരുമ്പോഴാണ് അത് മലിനീകരണത്തിനും തുടർന്നുള്ള മാരകരോഗങ്ങൾക്കും വഴി വെക്കുന്നത്. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹമെന്ന താത്ക്കാലിക നിയമത്തിലേക്ക് നാം എത്തിച്ചേർന്നത് സാംസ്കാരിക അപചയത്തിൻെറ സൂചനയാണ്. ഇന്നു കൊറോണയെന്ന മഹാവ്യാധിക്കെതിരെ പോരാടുകയാണ് നാം... മറ്റുള്ളവർ നിർബന്ധിച്ചോ അടിച്ചേൽപ്പിച്ചോ പാലിക്കേണ്ടതല്ല ശുചിത്വം. ശുചിത്വമുള്ള വ്യക്തിക്കേ ആരോഗ്യമുള്ള ശരീരമുണ്ടാവൂ. അരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവു. അരോഗ്യമുള്ള മനസ്സുകൾക്ക് മാത്രമേ നാളെയുടെ വാക് ദാനങ്ങളായ ഉത്തമ പൗരൻമാർ ആവാൻ സാധിക്കൂ.മറക്കാതിരിക്കുക.... സാമൂഹിക പ്രതിബദ്ധത നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. ഓർക്കുക....രോഗം വന്ന് ചികിത്സ തേടുന്നതിലും നല്ലത് പ്രതിരോധമാണ്. അകലം പാലിച്ച് നമുക്കൊരു മനസ്സാകാം. ശുചിത്വം ശീലമാക്കാം. മഹാവ്യാധിയുടെ കണ്ണികളെ പൊട്ടിച്ചെറിയാം. നാം അതിജീവിക്കുക തന്നെ ചെയ്യും.

ഐശ്വര്യ രൂപൻ
9A കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം