കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/പഠനയാത്ര വിദൂരദേശത്തേക്ക്

പഠനയാത്ര വിദൂരദേശത്തേക്ക്
           മലയാളത്തിൻ്റെ പ്രിയ  കവി ശ്രീ കുരീപ്പുഴ ശ്രീകുമാറിൻ്റെ പഠനയാത്ര എന്ന കവിതയാണ് പരിസ്ഥിതിയെ പറ്റി ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ ഓടിയെത്തിയത് .ഒരു പക്ഷെ വരും തലമുറ  അനുഭവിക്കേണ്ട  യാഥാർത്ഥ്യമാണിത്. പഴയ തലമുറ വയലുകളും കുന്നുകളുമെല്ലാം കണ്ട് വളർന്നവരാണ്. എന്നാൽ ഇന്നത്തെ തലമുറ  വയലുകളും കുന്നുകളുമെല്ലാം  കാണാൻ ദൂര ദേശങ്ങളലേക്ക് യാത്ര പോകുന്നു. അവയെല്ലാം നശിച്ച്  ആ സ്ഥാനത്ത്  ഇന്ന് വലിയ വലിയ കെട്ടിടങ്ങളാണ്. കുന്നുകൾ കാണാനില്ല. അവയെല്ലാം ഇപ്പോൾ വയലുകളിലാണ്.    'കുന്നിറങ്ങി  വയലിലേക്ക്' .   കുന്നുകളെല്ലാം  ഇടിച്ച് നിരത്തി  ആ മണ്ണ്  വയലുകളിലും പുഴകളിലും  ഇട്ട് അവയും നികത്തുന്നു.
        ഭൂമിയുടെ അവകാശികൾ നമ്മൾ മാത്രമല്ല. ഈ ഭൂമിയിൽ നാം മാത്രമല്ല ജീവിക്കുന്നത് .വലിയ നീല തിമിംഗലം മുതൽ നഗ്നനേത്രം കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മജീവികൾ വരെ ഈ ഭൂമിയിലുണ്ട് .അവയൊന്നും ചെയ്യാത്ത ക്രൂരതകൾ നാം മനുഷ്യർ ഭൂമിയോട് ചെയ്യുന്നുണ്ട് .പുഴകൾ മലിനമാക്കുന്നു .വായു മലിനമാക്കുന്നു .അമിതമായ പലതിൻ്റെയും ഉപയോഗം കാരണം അന്തരീക്ഷത്തിലെ ഓസോൺ പാളികൾക്ക് വരെ സുഷിരങ്ങൾ വന്നു .മനുഷ്യരുടെ ക്രൂരതകൾക്ക് ഒരറുതി വേണ്ടെ? ഇനി വരുന്ന തലമുറകൾക്കും അവകാശപ്പെട്ടതല്ലെ ഈ ഭൂമി .
         വികസനങ്ങൾ ആവാം. എന്നാൽ അത് പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിൽ ആവരുത്. ഇന്നത്തെ രീതിയിലുള്ള വികസനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക് .യാത്ര ചെയ്യാൻ വാഹനങ്ങളില്ലാതെ ,എ സിയോ ,ഫ്രിഡ്ജോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഇല്ലാതിരുന്ന കാലം .കൃഷി ചെയ്യാത്ത, പച്ചക്കറികൾ ,മറ്റ് അവശ്യ സാധനങ്ങൾ കടയിൽ നിന്ന് വാങ്ങിക്കുന്ന ഒരു സമൂഹത്തെ കുറിച്ച് പണ്ടത്തെ തലമുറ സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല .എന്നാൽ ഇന്നത്തെ സമൂഹം അങ്ങനെയാണ് .
         നമ്മുടെ അടുത്ത തലമുറയ്ക്ക് വേണ്ടി നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം .പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാതെ ഭൂമിയെ രക്ഷിക്കാം .പ്ലാസ്റ്റിക്കുകൾ കത്തിക്കാതെ വായുവിനെ രക്ഷിക്കാം .മാലിന്യം നിറഞ്ഞ് നിൽക്കുന്ന പുഴകളെ നമുക്ക് വൃത്തിയാക്കാം . ശുചിത്വമുണ്ടായാൽ നല്ല പരിസ്ഥിതി ഉണ്ടാവും .ഇവ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കും.
        നാം ഭൂമിയോട് ചെയ്യുന്ന പല ക്രൂരകൃത്യങ്ങൾക്കും ഭൂമി നമുക്ക് മറുപടി നൽകും. അത് ചിലപ്പോൾ പ്രളയമായിട്ടാവാം. ചിലപ്പോൾ ഇന്ന് നാം അനുഭവിക്കുന്ന ഈ മഹാമാരിയായ കൊറോണ പ്രകൃതിയുടെ മറുപടിയാവാം. പ്രളയത്തിനെതിരെ അടുത്ത് നിന്ന് കൈകോർത്ത് നേരിട്ടത് പോലെ ,ഈ കൊറോണക്കെതിരെ അകലെ നിന്ന് കൈ കോർത്ത് നേരിടാം .
           ആധുനിക സൗകര്യങ്ങളില്ലാതെ നമുക്കിനി ജീവിക്കാൻ സാധിക്കില്ല. നമ്മുടെ അടുത്ത തലമുറയ്ക്ക് ശുദ്ധവായു ശ്വസിച്ചും, ശുദ്ധ വെള്ളം കുടിച്ചും ജീവിക്കണമെങ്കിൽ ഇന്ന് നമ്മുടെ ഭൂമിയിലുള്ള പച്ചപ്പ് നിലനിർത്തിയേ തീരൂ. വികസനങ്ങൾ കൊണ്ടു വരുമ്പോൾ പരമാവധി ഭൂമിയിലെ ജീവജാലങ്ങളെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിച്ചു കൊണ്ടാവണം. ഒരു വ്യക്തിയോ ഒരു സംഘടനയോ വിചാരിച്ചാൽ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കില്ല. ഭൂമിയിലെ ഓരോ മനുഷ്യനും അത് വിചാരിക്കണം. ഭൂമിയെ ഇന്ന് കാണുന്ന തരത്തിലെങ്കിലുമാവണം നാം അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത്.അല്ലാതെ മുഴുവൻ തകർത്തിട്ടാവരുത്.
ശ്രേയ മനോജ്
9 D കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം