കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/വിതച്ചത് കൊയ്യുന്നവർ

വിതച്ചത് കൊയ്യുന്നവർ     

പ്രീയമുള്ളവരെ..... വളരെ ദു:ഖത്തോടെയും ആശങ്കയോടും കൂടിയാണ് ഞാൻ ഈ വരികൾ കുറിക്കുന്നത്. കാരണമെന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും മനസിലായിക്കാണും. നമ്മുടെ ലോകത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇനിയും ഇങ്ങനെതന്നെ തുടർന്നാൽ ലോകം അവസാനിക്കുമോ? ഒരു സംശയവുമില്ല. ഉത്തരം അതെ എന്നാണ്. വർഷംതോറും നമ്മൾ ഓരോ ദുരന്തങ്ങൾ അനുഭവിക്കുന്നു. 2018 – പ്രളയം, 2019 – നിപ, ഇപ്പോൾ COVID-19 (കൊറോണയുടെ ഒഫീഷ്യൽ പേര്).</p.

ലോകത്താകെ മരണം വിതച്ചുകൊണ്ട് താണ്ടവമാടിക്കൊണ്ടിരിക്കുന്ന COVID-19 എന്ന മഹാമാരി ഒന്നരലക്ഷത്തിലധികം മനുഷ്യരെ ഇതിനോടകം കൊന്നൊടുക്കിയിരിക്കുന്നു. ഈ കഴിഞ്ഞ ഒറ്റ ദിവസം(ഏപ്രിൽ-17) മാത്രം 8672 മനുഷ്യജീവനുകളാണ് കവർന്നെടുത്തിട്ടുള്ളത്. അതായത് ഓരോ 10 സെക്കന്റിലും ഒരാൾ വീതം മരിച്ചു വീണുകൊണ്ടിരിക്കുന്നു. വൈദ്യശാസ്ത്രം ഇന്നേവരെ കൈവരിച്ചിട്ടുള്ള എല്ലാ നേട്ടങ്ങളും കൊറോണ എന്ന ആ വൈറസിന്റെ മുന്നിൽ അടിയറ പറഞ്ഞ് സ്വന്തം ജീവൻ രക്ഷിക്കാൻ വീട്ടിനുള്ളിൽ നാം ഒളിച്ച് കഴിയുകയാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ - ഭൂമി അടക്കിവാണുകൊണ്ടിരുന്ന നമ്മൾ മനുഷ്യർ കൂട്ടിനുള്ളിലകപ്പെടുകയും നമ്മുടെ ചൂഷണത്തിനും ക്രൂരതകൾക്കും പാത്രമായ പക്ഷി മൃഗാദികൾ സ്വതന്ത്രരുമായിരിക്കുന്നു.

ഈ ശത്രുവിനെതിരെ (കൊറോണ വൈറസ്) പ്രതിരോധിക്കുവാൻ ലോകം മുഴുവൻ കൈ സോപ്പിട്ടു കഴുകിയും സാനിറ്ററുപയോഗിച്ചും ശുചിത്വം ശീലമാക്കിയിരിക്കുന്നു. സത്യം പറയാല്ലോ – ശുചിത്വശീലം ഇത്രമാത്രം മഹത്തരമാണെന്ന് മാലോകരെ ഒന്നടങ്കം പഠിപ്പിച്ചതും ഈ വൈറസുതന്നെ.

മനുഷ്യ സമൂഹം കൈവരിച്ച ശാസ്ത്ര നേട്ടങ്ങളേയും വിദ്യാഭ്യാസ മൂല്യങ്ങളെയും വിലകുറച്ച് കാണിക്കുവാനല്ല മറിച്ച് – നമ്മൾ പഠിക്കാൻ വിട്ടുപോകുന്നതോ അല്ലെങ്കിൽ ബോധപൂർവ്വം അവഗണിക്കുന്നതോ ആയ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുവാനാണ് ഞാൻ ശ്രമിക്കുന്നത്. വ്യക്തിശുചിത്വത്തിന്റെ കാര്യമെടുത്താൽ നമ്മുക്കതു മനസിലാകും. തുമ്മുന്നതിനോ തുപ്പുന്നതിനോ കൈ കഴുകി വൃത്തിയായി സൂക്ഷിക്കുന്നതിനോ നമ്മൾ വേണ്ടത്ര ജാഗരൂഗരല്ല. അതുകൊണ്ടുതന്നെ സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടേയൂം സർക്കാരുകളും ബന്ധപ്പെട്ടവരും ഇതിന്റെ ആവശ്യകത പൊതുജനത്തെ മനസിലാക്കിക്കുവാൻ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടതാണ്. എന്തിനധികം – ഈ വൈറസ് രോഗം ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെപ്പറ്റി അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. എന്താണെന്നല്ലെ – പറയാം...

വുഹാനിലെ വിശാലമായ ഒരു കച്ചവട മാർക്കറ്റിൽനിന്നാണ് ഈ വൈറസ് ആദ്യമായി മനുഷ്യരിലേക്ക് പടർന്നത് എന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. ആ മാർക്കറ്റിന്റെ ഇന്റെർനെറ്റ് ദൃശ്യങ്ങൾ എനിക്ക് അധികനേരം കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. അത്രയ്ക്ക് ഭയാനകവും അധിലധികം അറുപ്പുളവാക്കുന്നതുമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. ചെറുതും വലുതുമായ പാമ്പുകൾ, വവ്വാൽ, മരപ്പട്ടി, തുടങ്ങി എനിക്ക് പേരറിയാത്ത നിരവധി വന്യജീവികളെ പച്ചക്കും,കൊന്നും, മുറിച്ചും വിൽക്കുന്ന തികച്ചും പേടിപ്പെടുത്തുന്ന ഒരു കാഴ്ച്ചതന്നെ ആയിരുന്നു. കൂടാതെ പല ജീവികളെയും വേവിക്കതെ പച്ചക്കു തിന്നുന്ന ശീലക്കാറാണെന്നും ഇന്റെർനെറ്റിലൂടെ അറിയാൻ കഴിഞ്ഞു. ജീവികളെ ശരിയായ രീതിയിൽ വേവിച്ചതിനു ശേഷം മാത്രമെ ഭക്ഷിക്കുവാൻ പാടുള്ളൂ എന്ന അഭിപ്രായക്കാരിയാണ് ഞാൻ. കാരണം – പല ജീവികളിലും നമ്മുടെ ശരീരത്തിന് അപകടകാരികളായ വൈറസുകൾ ഉണ്ടായേക്കാം. ചൈനയിൽ വന്യമൃഗങ്ങളെ വേട്ടയാടുന്നതും കച്ചവടം നടത്തുന്നതിനും അവിടുത്തെ സർക്കാർ അനുവദിക്കുന്നുണ്ട് എന്നതും വിചിത്രം തന്നെ. ഞാൻ ഒന്നു ചോദിച്ചോട്ടെ – ഭൂമിയിലെ എല്ലാ ജീവചാലങ്ങളും മനുഷ്യരുടെ ഭക്ഷണമാണൊ? ഉത്തരം അതെ എന്നാണെങ്കിൽ വന്യജീവികളുടെ ലഭ്യത കുറഞ്ഞാൽ ഇത്തരക്കാർ മനുഷ്യരെയും ഭക്ഷിച്ചാൽ അൽഭുതപ്പെടാനില്ല. നമ്മൾ മനുഷ്യകുലത്തിന് പരിസ്ഥിതിക്ക് ഇണങ്ങിയ ഒരു ഭക്ഷ്യസംസ്കാരം ഇനിയും ഉണ്ടായില്ലെങ്കിൽ മനുഷ്യന്റെ പ്രകൃതിയോടുള്ള കടന്നുകയറ്റം നിർത്തിയില്ലെങ്കിൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും മനുഷ്യകുലത്തെതന്നെ ഇല്ലാതാക്കിയേക്കാവുന്ന വൈറസുകളുടെ ആക്രമണങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും നാം സാക്ഷിയാവേണ്ടിവരുമെന്നതിൽ സംശയമില്ല. എന്തിനേറെ പറയുന്നു – ഓഖിയും പ്രളയവും ഉണ്ടാക്കിയ ആഘാതം നാം ഇനിയും മറന്നിട്ടില്ലല്ലോ. നമ്മൾ മാത്രമാണോ ഈ ഭൂമിയുടെ അവകാശികൾ? അഹങ്കാരത്തോടെ നാം ഭൂമിയേയും ജീവചാലങ്ങളെയും അതി ക്രൂരമായി ചൂഷണം ചെയ്ത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ഭൂമി അടക്കി വാണിരുന്ന ദിനോസറുകൾ ഇന്ന് ഭൂമിയിലില്ല. അതുപോലെ ഒരുനാൾ മനുഷ്യ വർഗ്ഗവും ഭൂമിയിൽനിന്നും അപ്രത്യക്ഷമായേക്കാം. ഒരു കാര്യം ഓർക്കുന്നത് അന്നാവും – ഭുമിക്ക് മനുഷ്യൻ അനിവാര്യമല്ല. പക്ഷെ മനുഷ്യന്റെ നിലനിൽപ്പിന് ഭൂമിയും പരിസ്ഥിതിയും അനിവാര്യമാണ്.

COVID-19 കാരണം ഇന്ന് ലോകത്ത് സംഭവിച്ച്കൊണ്ടിരിക്കുന്ന മരണത്തിൽ ഞാൻ അതിയായി ദു:ഖിക്കുന്നുണ്ടെങ്കിലും ചിന്തിക്കുന്ന ഏതൊരാൾക്കും ഒട്ടും ആശ്വാസം നൽകുന്നതല്ല മനുഷ്യരുടെ ചെയ്തികൾ. ഭീകരാക്രമണംമൂലം ഒരു വർഷം ഇരുപതിനായിരത്തിലധികം മനുഷ്യജീവനുകളാണ് ലോകത്ത് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്.അതിലും എത്രയോ ഇരട്ടിയാവും പരിക്കേറ്റവരും അംഗവൈകല്ല്യം സംഭവിച്ചവരും. ഇതു കൂടാതെ അനാവശ്യ യുദ്ധങ്ങളും മറ്റും കാരണം ഉണ്ടാകുന്ന മനുഷ്യക്കൊലകൾ വേറേയും. ഇതൊക്കെ മനുഷ്യർ ഉണ്ടാക്കുന്നതാണ്. COVID-19 വൈറസിനെതിരെ വാക്സിനും മരുന്നും കണ്ടുപിടിച്ചാൽ ലോകത്തുള്ള മനുഷ്യക്കുരുതികൾ ഇല്ലാതാകുമോ?

എങ്ങിനെയാണ് നാം ഇതിനെ പ്രതിരോധിക്കേണ്ടത്? ഒരുഭാഗത്ത് മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്ത് സർവ്വനാശം ക്ഷണിച്ചുവരുത്തുമ്പോൾ ലോക രാജ്യങ്ങൾ ഭൂമിയെ അപ്പാടെ നശിപ്പിക്കുവാൻ ശേഷിയുള്ള ആറ്റം ബോംബും ഹൈഡ്രജൻ ബോംബും ഉണ്ടാക്കി സൂക്ഷിച്ചിരിക്കുന്നു. ഇതൊന്നും മതിയാവില്ല എന്ന തോന്നലാവാം രാസായുധവും ജൈവായുധവും ഉണ്ടാക്കി സൂക്ഷിച്ചിരിക്കുന്നു. ഞാൻ ചെറിയൊരു സംശയം ചോദിച്ചോട്ടെ – ആരെ തോൽപ്പിക്കുവാനൊ ഇല്ലാതാക്കുവാനൊ വേണ്ടിയാണ് ബോംബുകളും രാസ-ജൈവായുദ്ധങ്ങളും ഉണ്ടാക്കി സൂക്ഷിച്ചിരിക്കുന്നത്? ഉത്തരം ലളിതം. നമ്മുടെ ശത്രുക്കളെ ഇല്ലാതാക്കുവാൻ. ഒരു ചോദ്യം കൂടി ബാക്കിയുണ്ട്. ഇപ്പോൾ ലോകത്തിലെ സകല മനുഷ്യരുടെയും പൊതു ശത്രു COVID-19 വൈറസ് ആണെന്ന് പറഞ്ഞൂടെ? ബുദ്ധിബലവും, ശാസ്ത്രബലവും, ആയുധബലവും ഒക്കെ ഉണ്ട് എന്ന അഹംങ്കാരത്താൽ മനുഷ്യൻ ഭൂമിയേയും, അതിലെ സർവ്വ ചരാചരങ്ങളേയും ചൂഷണംചെയ്യുകയും അതിന്റെ ആവാസ വ്യവസ്ഥ ആപൽക്കരമാംവണ്ണം മാറ്റിമറിക്കുകയും ചെയ്യുമ്പോൾ അതിനെതിരെയുള്ള പ്രകൃതിയുടെ പ്രതികരണമായി ഈ വൈറസ് ആക്രമണത്തെ കണ്ടാൽ പ്രകൃതിയുടെ പ്രതികരണത്തിനുമുന്നിൽ നാം നിസ്സഹായരും നിരായുധരുമാണെന്ന സത്യം ഇനിയെങ്കിലും ഉൾക്കൊണ്ട്കൊണ്ട് പ്രകൃതിയോടുള്ള ചൂഷണം അവസാനിപ്പിച്ചുകൂടെ? യഥാർത്ഥത്തിൽ മനുഷ്യരാണ് ഭൂമിയെ ബാധിച്ചിട്ടുള്ള വൈറസ് എന്ന് പറയേണ്ടിവരും. പണത്തിനും അധികാരത്തിനും വേണ്ടി ഭൂമിയേയും ജീവചാലങ്ങളെയും കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത് ലജ്ജാകരമെന്നല്ലാതെ എന്തു പറയാൻ? ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഭൂദ്ധിമാനായ വിഡ്ഡീ.

വികസനത്തിന്റെ പേരിൽ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നത് അനുവദിക്കാൻ പറ്റുന്നതല്ല. അതിനർത്ഥം ഞാൻ വികസനം വേണ്ട എന്ന അഭിപ്രായക്കാരിയല്ല. പരിസ്ഥിതി സൌഹാർദത്തിൽ ഊന്നിയുള്ള വികസന നയമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനിയും വൈകിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുകതന്നെ ചെയ്യും. പിന്നീട് പശ്ചാത്തപിച്ചിട്ടു കാര്യമില്ല. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും എന്നാണല്ലോ...

ഒരു വിദ്യാർത്ഥി എന്ന നിലയിലുള്ള എന്റെ ആശങ്കകളാണ് ഞാൻ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ലോകം മുഴുവൻ വിദ്യാഭ്യാസം നൽകിയിട്ടും വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം കൈവരിച്ചിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. മനുഷ്യർക്ക് സുഖമായി ജീവിക്കേണ്ട സമ്പത്ത് ഉണ്ടായിട്ടും ലോകത്തിൽ പട്ടിണിപ്പാവങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കാരണമെന്താണ്? പട്ടിണി മാറ്റുന്നതിനായുള്ള സമ്പത്ത് പരസ്പരം നശിപ്പിക്കുന്നതിനായുള്ള മാരകായുധങ്ങൾ വാങ്ങിക്കൂട്ടാൻ ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നു.

പരിസ്ഥിതി പരിപാലനം നമ്മുടെ കർത്തവ്യമായി കണ്ടുകൊണ്ട് പ്രവർത്തിക്കണം. പരിസ്ഥിതി പരിപാലനം ശരിയാകുമ്പോൾ പരിസര ശുചിത്വവും വ്യക്തിശുചിത്വവും അതോടൊന്നിച്ച് താനെ ശരിയായിക്കൊള്ളും. അപ്പോൾ പിന്നെ മാലിന്യ പ്രശ്നവും പരിഹരിക്കപ്പെടാതിരിക്കുമൊ? എന്റെ അഭിപ്രായത്തിൽ ഇതെല്ലാം ഒരു വിദ്യാർത്ഥിയിൽനിന്നും തുടങ്ങണം. അവരാണല്ലൊ ഭാവിയുടെ വരദാനങ്ങൾ. ഭയത്തിലൂടെയാവരുത് ശുചിത്വബോധം. അതെല്ലാം ഒരു സംസ്കാരമാവണം. അത്തരം ഒരു സംസ്കാരത്തിന്റെ തുടക്കം കുറിക്കാൻ ഈ കൊറോണാ ലോക്ക്ഡൌൺ കാരണമാവട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ടും ഈ COVID-19 മഹാമാരി ഭൂമുഖത്തുനിന്ന് എത്രയും പെട്ടെന്ന് തുടച്ചുനീക്കപ്പെടട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് നിർത്തുന്നു.

ലക്ഷ്മി പ്രദീപ്
7 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം