കുറുവന്തേരി യു പി എസ്/ചരിത്രം
1924ൽ ഓലകൊണ്ട് കെട്ടിമറച്ച ഒരു ഷെഡ്‌ഡിലായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകളാണ് ആദ്യം അനുവദിച്ചത്.60ഓളം കുട്ടികൾ മാത്രം.ഒരു മേശയും നാല് ബെഞ്ചും സർക്കാർ അനുവദിച്ചു. ബാക്കി സൗകര്യങ്ങളൊക്കെ ഒരുക്കേണ്ട ബാധ്യത കേളു നമ്പ്യാർക്കായിരുന്നു.നിലം ചാണകമെഴുകിയതായിരുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന കുറുവന്തേരിയിൽ വളരെ പാവപ്പെട്ട കർഷകത്തൊഴിലാളികളായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. കുട്ടികളെ സ്കൂളിൽ അയക്കുന്ന കാര്യത്തിൽ വിമുഖരായിരുന്നു ഭൂരിഭാഗം രക്ഷിതാക്കളും. അതുപോലെതന്നെ അധ്യാപകരെ ലഭിക്കാനും ഏറെ പ്രയാസംനേരിട്ടിരുന്നു. കാരണം തുച്ഛമായ വേതനം മാത്രമാണ് അക്കാലത്തു അധ്യാപകർക്ക് ലഭിച്ചിരുന്നത്.1925ൽ അംഗീകാരം ലഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ വെള്ളൂരിലെ കൃഷ്ണക്കുറുപ്പായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ നാലോളം സഹാധ്യാപകരുണ്ടായിരുന്നു. അതിനിടയിൽ വിദ്യാലയത്തിന്റെ മാനേജരായ കേളുനമ്പ്യാർ സ്ഥാനമൊഴിയുകയും അദ്ദേഹത്തിന്റെ മരുമകനായ കരുണാകരൻ നമ്പ്യാർ മാനേജരാവുകയും ചെയ്തു. വേതനക്കുറവ് ഈ മേഖലയിൽ അധ്യാപകരെ ലഭിക്കുന്നതിൽ പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട് .
1956കാലമാവുമ്പോയേക്കും വളയം ചാത്തോത്തെ എം സി കുഞ്ഞിരാമൻ നമ്പ്യാർ വിദ്യാലയത്തിന്റെ മാനേജരായി. അക്കാലത്തുള്ള വടകര താലൂക്കിലെ തന്നെ പ്രഗത്ഭരായ അദ്ധ്യാപകരിൽ ഒരാളായിരുന്നു എം .സി കുഞ്ഞിരാമൻ നമ്പ്യാർ .1957ൽ സ്‌കൂളിന്റെ ഒരു ഷെഡ് തീപിടിച്ചുനശിച്ചു .വിദ്യാലയവുമായി ബന്ധപ്പെട്ട പല സുപ്രധാന രേഖകളും നശിച്ചുപോയത് ഈ ചരിത്ര നിർമാണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.1959ൽ അന്നത്തെ നാദാപുരം എം .ൽ .എ ശ്രീ .സി .എച്ച് കണാരന്റെ ശ്രമഫലമായി വിദ്യാലയത്തിൽ എട്ടാം ക്ലാസ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി എന്നാൽ ഒരു വർഷം കഴിയുമ്പോഴേക്കും അത് ഏഴാം ക്ലാസ്സ്‌വരെയാക്കി .1965,67,68വർഷങ്ങളിൽ നാദാപുരം സബ്ജില്ലയിലെത്തന്നെ കലാകായിക രംഗംങ്ങളിൽ മികച്ച നേട്ടങ്ങൾ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട് .
ധാരാളം മുസ്ലിം കുടുംബങ്ങൾ കുറുവന്തേരി പ്രദേശത്തുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയവർ വിരലിലെണ്ണാവുന്നവർ മാത്രമേഉണ്ടായിരുന്നുള്ളൂ.1980നു ശേഷംകുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി. ക്ലാസുകളിൽ ആൺകുട്ടികൾക്ക് സമാനമായ തോതിൽ പെൺകുട്ടികളുടെ എണ്ണവും കൂടി വന്നു. കുട്ടികളുടെ എണ്ണം കൂടിയതോട് കൂടി ഒരു ഓല ഷെഡ്‌ഡിൽ ആരംഭിച്ച വിദ്യാലയത്തിന് ആറ് ഹാളുകൾ കൂടി നിർമ്മിക്കേണ്ടി വന്നു. മൂന്നും നാലും ക്ലാസ്സ് മുറികളുള്ള ഹാളുകളായിരുന്നു ഇവ. പഠനപ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുന്ന പ്രവർത്തനം വിദ്യാലയത്തിൽ ആരംഭിച്ചത് ഇക്കാലത്താണ്.
കുറുവന്തേരി പ്രദേശത്തുള്ളവരിൽ വിജ്ഞാനം പകരുന്നതിലും കലാകായിക മേഖലകളിലുമുള്ള കഴിവ് വികസിപ്പിക്കുന്നതിനും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കാനാവശ്യമായ പ്രാപ്തി കൈവരിക്കുന്നതിലും ശ്രീ .എം സി കുഞ്ഞിരാമൻ നമ്പ്യാർ,ടി കെ കുഞ്ഞിരാമൻ അടിയോടി, ടി സി വത്സൻ, എം ചത്ത് തുടങ്ങിയ പ്രമുഖരായ അധ്യാപകർ വഹിച്ച പങ്ക് വളരെ വലുതാണ്.
പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 1985മുതൽ ഇങ്ങോട്ടുള്ളകാലയളവിൽ ശാസ്ത്ര കലാ കായിക മേഖലകളിൽ സമ്മാനങ്ങൾ നേടുന്നതിനോടൊപ്പം 2003,2004 കാലയളവിൽ കലാപ്രതിഭ സ്ഥാനവും സംസ്കൃതോത്സവത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട് 1997-98വർഷം ചെക്യാട് പഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യലയത്തിനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട് .
237ആൺകുട്ടികളും 193പെൺകുട്ടികളുമടക്കം 430കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന്റെ ഇപ്പഴത്തെ മാനേജർ ശ്രീ എം രവീന്ദ്രൻ നമ്പ്യാരും പ്രദനാദ്ധ്യാപികയായി ശ്രീമതി .സി .ആർ .ജയലക്ഷ്മിയും പി.ടി .എ പ്രസിഡണ്ട് ഇ കുഞ്ഞാലിയും എം .പി .ടി .എ പ്രസിഡന്റ് ശ്രീമതി ജിനിഷയുമാണ്
ശതനിറവിൽ പുതുമയോടെ വിദ്യാലയം വിദ്യാർത്ഥികളെ കാത്തിരിക്കുമ്പോളും വിട്ടു മാറാത്ത കൊറോണ പ്രതിസന്ധി അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നു.ഓൺലൈൻ സങ്കേതങ്ങളുടെ സഹായത്തോടെ കാണാമറയത്തിരുന്നറിവ് പകർന്ന രണ്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു കർമ്മോത്സുകത നിറഞ്ഞ ഒരു കൂട്ടം അദ്ധ്യാപകരുടെ അക്ഷീണ പ്രവർത്തനങ്ങളും നവമാധ്യമങ്ങളുടെ സഹായവും ഓൺലൈൻ ക്ലാസുകൾ ഒരു പരിധിവരെ മികവുറ്റതാക്കാൻ സഹായിച്ചു .പ്രതിസന്ധികൾ ഇപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു എങ്കിലും അടിപതറാത്ത ചുവടുകളുമായി ഈ വിദ്യാലയം മികവിൽ നിന്ന് മികവിലേക്ക് മുന്നേറിക്കൊണ്ടേയിരിക്കുന്നു ...
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.