കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./അധ്യാപക സൃഷ്ടികൾ/കഥകൾ
അയാളുടെ നോട്ടം കസേരയിലേക്കായിരുന്നു.അയാളുടേത് മാത്രമല്ല, അധികാര മോഹികളായ പലരുടെയും കണ്ണുകൾ ആ കസേരയിലേക്കായിരുന്നു.പരസ്പരം പഴിചാരി അധികാരത്തിന്റെ മൂർദ്ധന്യത്തിലെത്തുവാൻ അവർ മത്സരിച്ചുകൊണ്ടേയിരിക്കുകയാണ്.
മരത്തിന്റെ കസേരയാണെങ്കിലും മരണം വരെ നിശ്ചയിക്കാൻ ആ ജീവനില്ലാത്ത വസ്തുവിന് കഴിയും. അവിടെ എത്തിച്ചേരാൻ സദാചാരത്തിന്റെ വഴികളെക്കുറിച്ച് ചിന്തിച്ചത് കൊണ്ട് കാര്യമില്ലെന്ന് അനുഭവങ്ങൾ അയാളെ പഠിപ്പിച്ചിരുന്നു.
പകൽ വെളിച്ചം കടന്നുവരാത്ത മുറിയിലെ ചുമരിൽ തൂക്കിയിട്ട മഹാത്മാവിന്റെ ഫോട്ടോയിൽ അയാളുടെ നോട്ടം പതിഞ്ഞു.അപ്പോൾ അയാളുടെ മനസ്സിന്റെ പേശികൾക്ക് ബലം വർദ്ധിച്ചു.അയാളിലെ വർഗബോധത്തിനും സമരവീര്യത്തിനും വിജ്യംഭനമുണ്ടായി. അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ കണ്ടാണ് അയാൾ കണ്ണടച്ചത്. ഉറക്കത്തിൽ പലതവണ അയാൾ ഞെട്ടിയുണർന്നു.സത്യത്തെ മറക്കണം. കളവിനെ, കാപട്യം, ചതിയെ, വഞ്ചനയെ ആലിംഗനം ചെയ്യണം. എങ്കിൽ മാത്രമാണ് ആ കസേരയിൽ ഇരിക്കാനാവുക. അയാൾ സത്യത്തെ കാറ്റിൽ പറത്തി .ജനങ്ങൾക്കിടയിൽ വിഭാഗീയതയുടെ വിത്ത് പാകി.
സൂര്യവെളിച്ചത്തിൽ മതേതരത്വവും ചന്ദ്രവെളിച്ചത്തിൽ വിഭാഗീയതയും അയാൾ പ്രസംഗിച്ചു. ആയുധധാരികൾ കാവൽ നിൽക്കുന്ന ലോക്സഭാമന്ദിരത്തിന്റെ ഗേറ്റിന്മുന്നിൽ അയാളും പടയാളികളും സമരമുയർത്തി.തമ്മിലടിക്കാൻ രക്തരൂഷിത കഥകൾ ജനങ്ങൾക്കായി അതിമനോഹരമായി ഉദ്ധരിച്ചു. ചരിത്രത്തിന്റെ വക്താവായി. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ വർണ്ണിച്ച് അയാൾ ആയുധങ്ങൾ വാങ്ങാനും വിൽക്കാനും മാത്രമായിരുന്നില്ല ഇരുട്ടിന്റെ മറവിൽ മറഞ്ഞിരുന്നത്. ആയുധങ്ങൾ പ്രയോഗിക്കാനും കലാപങ്ങൾ നടത്താനും അവരെ പഠിപ്പിച്ചു.
മരണങ്ങളും കലാപങ്ങളും നാടിനെ അശാന്തിയുടെ ആസ്ഥാനമാക്കി. മനുഷ്യരക്തത്തിൽ ചവിട്ടി അയാൾ അപ്പോഴും പ്രകോപനങ്ങൾ നടത്തിക്കൊണ്ടിരുന്നു.അവസരവാദത്തിന്റെ വക്താവായി അയാളെ കാണാൻആരും തയ്യാറായില്ല. കാരണം മതത്തിന്റെ മർമ്മത്തിൽ ചവിട്ടിയായിരുന്നു അയാളുടെ ചലനങ്ങൾ.കലാപഭൂമിയിൽ ചിരിച്ചുകൊണ്ട് നടന്ന അയാൾ ഒടുക്കം ആ കസേരയുടെ അരികിലെത്തി. അപ്പോഴും ധരണിയിൽ നിണമൊഴുകുകയായിരുന്നു. അയാൾ കസേരയിൽ ഉപവിഷ്ഠനായി.
സത്യപ്രതിജ്ഞയിൽ അയാൾ ഉരുവിട്ട വചനങ്ങളെല്ലാം സത്യത്തിന് നിരക്കാത്തതായിരുന്നു. പക്ഷെ ജനങ്ങൾ കൈയ്യടിച്ചു. കൈയ്യടിച്ചുകൊണ്ടേയിരിക്കുന്നു.അന്നും ഇന്നും എപ്പോഴും...