കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/സൂക്ഷ്മാണു വിസ്ഫോടനം

സൂക്ഷ്മാണു വിസ്ഫോടനം



സൂക്ഷ്മാണു വിസ്ഫോടനം

ശിശുപാലന്റെയും ആശാ തങ്കച്ചന്റെയും പ്രേമം വെട്ടിനിരത്തി നിലത്തരിഞ്ഞിട്ടത് ഇടതിങ്ങി വളർന്ന പത്തിരുപതു ചെമ്പരത്തിച്ചെടികളെയാണ്. നിലംതൊട്ട ചെടികളുടെ മൂട് പിഴുത് ജയേഷ് ഭവന്റെ മെറ്റൽ നിരത്തിയ മുറ്റത്തേക്കെറിഞ്ഞ് ബേത്ലഹേം തങ്കച്ചൻ നീട്ടിത്തുപ്പി...തൂഫ്...


ശിശുപാലൻ അവധി കഴിഞ്ഞ് ഒരാഴ്ച്ച മുമ്പാണ് ഗൾഫിലേക്ക് മടങ്ങിയത്. പോകും മുമ്പ് അയാൾ കിടപ്പുമുറിയുടെ വാതിലിനു പിന്നിലെ ഇരുമ്പുകൊളുത്തിൽ ഊരി ഞാത്തിയിട്ടിരുന്ന പോളിസ്റ്റർ പാന്റിൽ നിന്ന് മിനുസമുള്ള ലെതർ ബെൽറ്റ് അയാളുടെ ഭാര്യ സുമംഗല ഊരിയെടുത്തു. അതു വീശി അവർ ജയേഷിന്റെ ചന്തിക്ക് പെടച്ചു. നിന്നെപ്പോലൊരുത്തനെപെറ്റ തള്ളയായിപ്പോയല്ലോടാ ഞാൻ! കൈത്തണ്ടകളെ ഇറുകിപ്പുണർന്ന് കിടന്ന ആറ് ഒളക്കപ്പൂണുകൾക്ക് അല്പം പോലും ഇളക്കം തട്ടാതെ സുമംഗല നെഞ്ചത്തടിച്ചു. ആ രാത്രിയും പകലും അവരവനെ തുണികൾ വലിച്ചുവാരിയിട്ട ഉപയോഗമില്ലാത്ത മുറിയിൽ കഞ്ഞിവെള്ളം മാത്രം കൊടുത്ത് പൂട്ടിയിട്ടു. അപകടകരമായ ഒരു വൈറസിന്റെയും സാന്നിദ്ധ്യത്താലല്ലാതെ അടിച്ചേൽപിക്കപ്പെട്ട ആദ്യത്തെ ക്വാറന്റൈൻ. അവന് വൈറൽ ഫീവർ മാറിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ചെറുക്കൻ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിക്കാൻ സുമംഗല മുറിയുടെ വാതിൽക്കൽ ഉറങ്ങി. ജയേഷിന്റെ ആറുവയസ്സിനിളയ അനിയത്തി ജിയയ്ക്ക് അത് തനിക്കുകൂടിയുള്ള താക്കീതാണെന്ന് തോന്നി.

പെസഹാ വ്യാഴത്തിന്റ തലേദിസമായിരുന്നു ആ ദുരന്തം സംഭവിച്ചത്. അതിന് തൊട്ടു തലേ ഞായറാഴ്ച ആശിഷ് തങ്കച്ചനും ജയേഷ് ശിശുപാലനും ചെമ്പരത്തി മറയ്ക്കപ്പുറമുള്ള റബ്ബർ തോട്ടത്തിലിരുന്ന് ഗോട്ടി കളിക്കുകയായിരുന്നു. എന്നാ ചേട്ടായീ... ഗോട്ടിയാന്നോ? ആശ ഒരു ചക്കച്ചുള ചവച്ചു കൊണ്ട് അങ്ങോട്ടു വന്നു.

തലകുത്തിക്കിടന്ന പ്ലാസ്റ്റിക് ചിരട്ടയിൽ കാലു തെറ്റി ആശ വീണു. ഹെന്റെ പുണ്യാളാ... ഉണ്ടക്കുഴിയിലേക്ക് ഉന്നം പിടിച്ചിരുന്ന ജയേഷിന്റെ വിരൽത്തുമ്പിൽ നിന്ന് ഗോട്ടി തെറിച്ചു. വരിക്കച്ചുള മണക്കുന്ന അവളുടെ നനഞ്ഞ ചുണ്ട് അവന്റെ കവിളിലമർന്നു. ഇളംനാരങ്ങയോളം ഉരുണ്ട മുഴുമുഴുപ്പ് അവന്റെ നെഞ്ചിലും. ജയേഷ് മലർന്നു വീണു. അവനെ ഉടലാകെ പൊതിഞ്ഞ് ആശ അവനിൽ നിന്ന് ആകാശത്തെ മറച്ചു. 'എന്തോന്നെടീ കണ്ണുപൊട്ടീ. ചെറുക്കന്റെ എല്ലൊടിച്ചോടീ നീ?'ആശിഷ് ചാടിയെണീറ്റ് ആശയെ അടർത്തിയെടുത്തു. ജയേഷിന് ചെറിയൊരു ജലദോഷത്തിന്റെ തുടക്കമായിരുന്നു അപ്പോൾ.


പിറ്റേന്ന് ചുട്ടുപൊള്ളുന്ന പനി. ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോകാൻ സുമംഗല ഓട്ടോ വിളിച്ചു. പാരസറ്റാമോളും ആന്റിബയോട്ടിക്കും കൊണ്ട് തടുത്തു നിർത്താനാവുന്ന അത്യധികം സാധാരണമായ വൈറസ് ബാധയെ വെല്ലുവിളിച്ചുകൊണ്ട് മറ്റൊരു സൂക്ഷ്മാണു വിസ്ഫോടനം ജയേഷിന്റെ മനസ്സിൽ അരങ്ങേറുകയായിരുന്നു. അതൊരു പകർച്ചവ്യാധിപോലെ ചെമ്പരത്തി വേലിക്കപ്പുറം വേനലവധിക്കാലത്തെ ബോറടികളിലാണ്ട ആശാ തങ്കച്ചനിലേക്ക് പകർന്നു. രണ്ടു ദിവസം അവൻ മൂടിപ്പുതച്ചു കിടന്നു. പകർച്ച...ആശയ്ക്കും പൊള്ളിത്തുടങ്ങി.

പെസഹാത്തലേന്ന് ആശ നേരത്തെ കിടന്നു. ആ നേരത്താണ് പള്ളിപ്പരിപാടിക്ക് നക്ഷത്രം വെട്ടാൻ സ്കെയിൽ തപ്പി ആശിഷ് വീട് കീഴ്മേൽ മറിച്ചത്. ചാരിയിട്ട കതക് തള്ളിത്തുറന്ന് ആശയുടെ മുറിയിൽകയറി ആശിഷ് ലൈറ്റിട്ടു. ആശയപ്പോൾ പുതപ്പിനടിയിൽ ജയേഷിനെ ഓർക്കുകയായിരുന്നു. മേശപ്പുറത്ത് മലർത്തി വച്ച വെള്ളക്കടലാസിനു മുകളിൽ സ്റ്റീൽ സ്കെയിൽ. കടലാസിലാണ് ആശിഷിന്റെ കണ്ണുടക്കിയത്. പ്രിയപ്പെട്ട ജയേഷേട്ടന് എന്നു തുടങ്ങുന്ന പ്രേമലേഖനം. ജയേഷിനൊപ്പമൊരു സുരഭില ഭാവി സ്വപ്നം കണ്ട് ആശയെഴുതിയ ആദ്യത്തെ പ്രേമലേഖനം. മുമ്പെപ്പോഴോ ജയേഷ് കൊടുത്ത കത്തിനുള്ള മറുപടിയായിരുന്നു അത്. ആശിഷ് സ്കെയിൽ വാൾ പോലെ ഓങ്ങി. ഇരുമ്പു സ്കെയിലിന്റെ ആയം മൂക്കിൻ തുമ്പിൽ പതിച്ച ആശ ചാടി എഴുന്നേറ്റു. ചെമ്പരത്തി വേലിക്കപ്പുറം ഗുളികച്ചൂരുള്ള മൂത്രത്തിന്റെ അവസാനത്തെ തുള്ളി കുടയുകയായിരുന്നു ജയേഷപ്പോൾ.

ചൈനയിൽ നിന്ന് മനുഷ്യവാസമുള്ള എല്ലാ വൻകരകളിലേക്കും പകർന്നു കൊടുക്കപ്പെട്ട വൈറസ് പോലെ ആ കൗമാരക്കാരുടെ പ്രേമം അവരുടെ കുടുംബങ്ങളെ ഉലച്ചു. സാമൂഹികാനുമതി ഇല്ലാത്ത ഓരോ പ്രേമവും ഓരോ തരം ലൈംഗികരോഗമായി കണക്കാക്കപ്പെടുന്ന രണ്ടു കുടുംബങ്ങളിൽ അവരുടെ പ്രേമം കഴപ്പ്, കള്ളവെടി, അഴിഞ്ഞാട്ടം തുടങ്ങിയ തീവ്ര-മൃദുതീവ്രപദാവലികളാൽ വിശേഷിപ്പിക്കപ്പെട്ടു. കൊറോണാവാഹകരെപ്പോലെ അവർ പ്രേമാണുവാഹകരായി. ഓരോ വൈറസും ഓരോ മനുഷ്യനിലും ഓരോ തരത്തിൽ പ്രവർത്തിക്കപ്പെടുമെന്ന വാദം പോലെ അവരുടെ പ്രേമം മറ്റുള്ളവരിൽ വ്യത്യസ്തമായ പ്രതിപ്രവർത്തനങ്ങൾക്ക് ഇടയാക്കി. ആശയുടെയും ജയേഷിന്റെയും ശരീരത്തിൽ വളരെ ചുരുങ്ങിയ സമയത്തേക്ക് ആനന്ദ ഹോർമോണുകൾ പുറപ്പെടുവിച്ച അതേ വൈറസ് ജയേഷ് ഭവനിലും ബെത്ലഹേമിലും ദേഷ്യം, പക, നിരാശ, മാനഹാനി തുടങ്ങിയ അധികരിച്ച അതിജീവനശേഷിയുള്ള മനുഷ്യവികാരങ്ങളെ ഉണർത്തിയെടുത്തു. ദാതാക്കളി…



ഭവ്യ അജിത്ത്
10B കാതോലിക്കേറ്റ് എച്ച് എസ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ