കടക്കൂ പുറത്ത്
ക്വാറന്റീൻ ആയി റൂമിലിരിക്കുന്ന സുഹൃത്തിനെ ഒന്ന് ആശ്വസിപ്പിക്കണം എന്ന് കരുതിയാണ് വിളിച്ചത്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നൊന്നും നിശ്ചയമില്ലായിരുന്നു.
അഞ്ചു വർഷമായി അവൻ നാട്ടിൽ പോയിട്ട്. എൽ. കെ. ജി യിൽ പഠിക്കുന്ന അവന്റെ മകനെ അവൻ ഇതു വരെ കണ്ടിട്ടില്ല. വളരെ ആശയോട് കൂടിയാണ് അവൻ നാട്ടിലേക്കു പോയത്. പക്ഷെ അവന്റെ മകനെ ഒരു നോക്ക് കാണാൻ കൂടി അവനു സാധിച്ചില്ല.
മൊബൈൽ ഒറ്റവട്ടം റിങ് ചെയ്തപ്പോഴേക്കും അവൻ ഫോൺ എടുത്തു.
"ഹലോ "
"അസ്സലാമു അലൈകും "
"വഅലൈകും മുസ്സലാം...എന്തൊക്കെയുണ്ട് മാഷേ വിശേഷങ്ങൾ? "
"സുഖമാണ്, അൽഹംദുലില്ലാഹ് "
"എന്താ നിന്റെ വിവരങ്ങൾ? "
'അങ്ങനേ പോണു. രണ്ടു ദിവസമായി നാട്ടിലെത്തിയിട്ട്.എന്റെ മമ്മദിനെ ഒരു നോക്ക് കാണാൻ കൂടി കയിഞ്ഞിറ്റില്ല. ഇനിയെന്താ ചെയ്യുക? ഒരെത്തും പിടിയും കിട്ടുന്നില്ല. ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റണില്ല'
ഇങ്ങനെയുള്ള പരാതിയും വേവലാതികളും കേൾക്കാനുള്ള മാനസികമായ തയ്യാറെടുപ്പോടു കൂടിയാണ് ഞാനാ ചോദ്യം ചോദിച്ചത്.
പക്ഷെ... !
"പരമ സുഖമാണ്.ഇത്താത്താന്റെ ഈ കുഞ്ഞു വീട്ടിൽ സുഖമായി കഴിയുന്നു. "
"ഒരു വി. ഐ. പി യുടെ മട്ടിൽ ആണ് ഞാനിവിടെ കഴിയുന്നത്. മുഖത്തു മാസ്ക്കിട്ട ഇത്താത്ത ഭക്ഷണം റൂമിൽ എത്തിച്ചു തരും. ബാത്‌റൂം അറ്റാച്ച്ഡ് റൂം ആയത് കൊണ്ട് റൂമിൽ നിന്ന് പുറത്തിറങ്ങുകയും വേണ്ട. എല്ലാം പൊളിമാസ്സ്. "
"പിന്നെ നിങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് വായന, എഴുത്ത്, കൃത്യസമയത്ത് നിസ്കാരം, ഖുർആൻ പാരായണം,പത്രവായന...അങ്ങനെ എല്ലാം നടക്കും. ആകെ മൊത്തം ഹാപ്പി... "
ഞാനാകെ പകച്ചു പോയി...
"അഞ്ചു വർഷം ഇവിടെ കിടന്ന് നരകിച്ചിട്ട് ഭാര്യയെയും മോനെയും കാണാൻ അതിയായ ആഗ്രഹത്തോടെ നാട്ടിലേക്കു പോയി റൂമിൽ തന്നെ ഇരിക്കേണ്ടി വന്നിട്ട് ഇങ്ങനെ പറയുന്ന ഒരാൾ നീയേ കാണൂ "
"ഹ ഹ ഹ "അവൻ ഒരു വലിയ ചിരി ചിരിച്ചു.
"എടാ കള്ള ഹിമാറെ... ഞാൻ എന്റെ ഓളെയും കുട്ടിയെയും സ്കൈപ്പിൽ കണ്ന്ന്ണ്ട്. ഇതാണെന്റെ പ്രധാന ഹോബി.ഒരു പയിനാല് ദെവസല്ലെ. അല്ലെങ്കി ഒരു ഇരുപത്തി എട്ടു ദെവസം.അത് കയിഞ്ഞ് ഓരെ കണ്ടൂടെ.ഗൾഫിൽ ആണേലും ഇതെന്നെയല്ലേ ഇണ്ടാവുക. "
അവന്റെ വാക്കുകൾ എന്നിൽ വല്ലാത്ത ഒരു പോസിറ്റീവ് എനർജി പകർന്നു. കൂടുതൽ അവനെ കേൾക്കാൻ ഞാൻ നല്ല ഒരു കേൾവിക്കാരനായി.
"ഇതും ഒരു പ്രതിസന്ധി ആണ്. ഞാൻ ഇപ്പോൾ ഈ പ്രതിസന്ധി ആസ്വദിക്കുകയാണ്. എനിക്കിപ്പോ കൊറോണ ഇണ്ടെങ്കിൽ അത് എന്നിൽ തന്നെ ഒതുങ്ങിയിരിന്നോട്ടെ. എന്തിനാ വെറുതെ...."
"നിനക്ക് യാതൊരു സങ്കടവുമില്ലെന്നാണോ നീയിപ്പറഞ്ഞു വരുന്നത് ".ഞാൻ ചോദിച്ചു.
"അങ്ങനെ അല്ലെടാ. ഈ ഘട്ടത്തിൽ ഞാൻ സങ്കടപ്പെട്ടിട്ടും ആധി പിടിച്ചിട്ടും വല്ല കാര്യവും ഉണ്ടോ. നമ്മളെ സർക്കാര് പറേന്നെ പോലെ കേട്ടാല് എനിച്ച് എന്റെ ഓളെയും കുട്ടിയെയും പിന്നെ എന്റെ വൃദ്ധരായ ഉമ്മയെയും ഉപ്പയെയും കൺകുളിർക്കെ എന്നും കാണാം. ധിക്കരിച്ചാലോ, ചിലപ്പോ ഞാൻ രക്ഷപെട്ടേക്കും, പക്ഷെ എനിക്ക് പലരും നഷ്ട്ടപ്പെട്ടേക്കും.എന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ. കിട്ടിയ ഈ സമയം അടിച്ചു പൊളിക്കുക.ആർക്കും ഒരു ദോഷവും വരുത്താതെ. "
"പിന്നല്ലാതെ ".ഞാനും സന്തോഷവനായി.
"ആ, എന്റെ ഫുഡ് എത്തി. ഗൾഫിൽ നിന്ന് ആകെ ഒരു വെള്ളിയാഴ്ചയാ ചൂടോടെ ഭക്ഷണം കഴിക്കണത്. ഇപ്പൊ എല്ലാ ദിവസവും രുചിയുള്ള നല്ല നാടൻ ഭക്ഷണം. നല്ല ചൂടോടെ. "
"അല്ലേലും ഭക്ഷണത്തിന്റെ കാര്യത്തിനാണല്ലോ നീ പണ്ടേ പ്രാധാന്യം നൽകാറ് "
"ഓകെ ഡാ പിന്നെ വിളിക്കാം "
"ഓക്കേ "
അസ്സലാമു അലൈകും "
"വഅലൈകും മുസ്സലാം.."
ഫോൺ കട്ട് ചെയ്തപ്പോഴേക്കും ഞാൻ ഒരു പുതിയ ജീവിതത്തിലേക്ക് കടന്നു വരുന്നതായ് എനിക്ക് തോന്നി.
നിരാശയോടും സങ്കടത്തോടും 'കടക്കുപുറത്ത്' എന്ന് പറഞ്ഞ് ഏത് പ്രതിസന്ധിയിലും മുന്നോട്ട് പോവാൻ ഞാൻ ദൃഢനിശ്ചയം എടുത്തു.
അതെ പരീക്ഷണങ്ങൾ പതറാനുള്ളതല്ല, ശക്തിയാർജിക്കാനുള്ളതാണ്.
സങ്കടപ്പെടാനുള്ളതല്ല, മുൻകാലത്തെയോർത്ത് സംതൃപ്തി യടയാനുള്ളതാണ്.
വഴി മുടക്കാൻ ഉള്ളതല്ല, വഴിത്തിരിവിനുള്ളതാണ്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|