കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഐസൊലേഷൻ വാർഡ്

ഐസൊലേഷൻ വാർഡ്


      ജീവിതം ക്ഷണികമാണെന്ന് അറിയാം.. ആ ജീവിതം അവസാനിക്കാറായോ ഈശ്വാരാ.. കൊറോണ വാർഡിലെ കിടക്കയിൽ കിടന്ന് അയാൾ ചിന്തിക്കയാണ്.. ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു നൂൽ പാലത്തിലാണ് താനെന്ന് അയാൾക്കറിയാം..
     അപ്പോൾ റൂമിലേക്ക് കയറി വന്ന നഴ്‌സിന്റെ മുഖത്തേക്ക് നോക്കി അയാൾ ചിരിക്കാൻ ശ്രമിച്ചു..
      രാമചന്ദ്രൻ ഒരു കർഷക കുടുംബത്തിലെ അംഗമാണ്. എന്നാൽ തന്റെ മകൻ അനന്തനെ ഒരു ഡോക്ടർ ആക്കണമെന്ന് അയാൾ ആഗ്രഹിച്ചു. ജീവിതത്തിന്റെ കഷ്ടപ്പാടുകൾ ഒന്നും അറിയിക്കാതെ, കടം വാങ്ങിയും, സ്വർണം വിറ്റും , രാമചന്ദ്രൻ അനന്തനെ പഠിപ്പിച്ചു.
      തന്റെ ഇരുപത്തിനാലാം വയസ്സിൽ അനന്തൻ ഉപരിപഠനത്തിനായി വിദേശത്തേക്ക് യാത്രയായി. ഫ്‌ളൈറ്റിൽ കയറും മുമ്പ് രാമചന്ദ്രൻ മകനോട് പറഞ്ഞു
     "നീ പഠിക്കണം. ആരോഗ്യപരിപാലകനാവണം. എന്നാൽ അത് ഒരു വ്യവസായമാക്കരുത് ഒരിക്കലും . "
      മാസങ്ങൾ കടന്നു പോയി. കടം വാങ്ങിയവർക്ക്‌ കൊടുത്ത അവധികളൊക്കെ കഴിഞ്ഞു. അവരുടെ ഭീഷണി വാക്കുകൾ കേൾക്കുക എന്നത് ഒരു ദിനചര്യയായി.
      അന്ന് രാത്രി വരാന്തയിലെ ചാരു കസേരയിലിരുന്ന് രാമചന്ദ്രൻ തന്റെ ഭാര്യയോട് ചോദിച്ചു
     "എടീ.. നമുക്കീ വീടും പറമ്പും അങ്ങ് വിറ്റാലോ..? "
      "ങേ.. ! വിൽക്കാനോ? നിങ്ങളെന്നാ മനുഷ്യ ഈ പറയുന്നേ !കഴിഞ്ഞ രണ്ടു വർഷവും ഉണ്ടായ പ്രളയത്തിൽ വീണടിഞ്ഞ് മണ്ണോടു ചേർന്ന ഈ വീട് ഒന്നിൽ നിന്ന് വീണ്ടും തുടങ്ങി പടുത്തുയർത്തിയില്ലേ.. അത് വിൽക്കുക എന്ന് പറയുമ്പോ.."
      "എന്റെ മുന്നീ വേറെ വഴിയില്ലയെടീ.. "
      "വിറ്റാൽ തന്നെ നമ്മളെങ്ങോട്ട് പോവും? കയറിക്കിടക്കാൻ മറ്റൊരു കൂര വേണ്ടേ..? "
      " എന്തിനാടീ കൂര? നീണ്ടു നിവർന്നു കിടക്കാൻ ഒരാറടി മണ്ണ് പോരെ..?
     ഇതും പറഞ്ഞ് അയാൾ അകത്തേക്ക് കയറിപ്പോയി.രാമചന്ദ്രൻ പറഞ്ഞതിന്റെ പൊരുൾ അവർക്ക് അന്ന് മനസ്സിലായില്ല.
      പിറ്റേന്ന് പ്രാതലിനു ശേഷം അയാൾ പത്രം വായിക്കുകയായിരുന്നു.
     " എടിയേ.. ഒന്നിങ്ങു വന്നേ.. "
     " എന്നതാ മനുഷ്യ "
     "ദേ.. നോക്ക്.. നിനക്ക് നിപ വൈറസ് വന്ന് കുറേ പേർ മരിച്ചതോർമ്മയില്ലേ..! അതുപോലെ ദാ ചൈനയിൽ 'കൊറോണ ' എന്നൊരു വൈറസ് വന്നിരിക്കുന്നു!എത്ര പേരാ മരിച്ചു വീഴുന്നത് !"
     എന്നാൽ അവരത് കാര്യമായെടുത്തില്ല. ദിവസം കഴിയുന്തോറും മരണ സംഖ്യ കൂടിക്കൊണ്ടിരുന്നു. കൊറോണ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതും ചൈനയിൽ നിന്ന് നാട്ടിലെത്തിയ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതും പിന്നെ സംസ്ഥാന ദുരന്തമായി മാറിയതും ഒക്കെ എല്ലാവരെയും പോലെ അവരെയും ഭയപ്പെടുത്തി . റേഡിയോയിലൂടെയും ടി. വി. യിലൂടെയുമുള്ള സുരക്ഷ നിർദേശങ്ങൾ അവർ അക്ഷരം പ്രതി അനുസരിച്ചിരുന്നു. അപ്പോഴും കേരളത്തിൽ കോവിഡ് 19 രോഗികൾ പെരുകുന്നുണ്ടായിരുന്നു. അനന്തനെ ആഴ്ചകൾക്കകം അവർ നാട്ടിലെത്തിച്ചു.
     റേഡിയോയിലൂടെയുള്ള സർക്കാരിന്റെ നിർദേശ പ്രകാരം ഡോക്ടറെ കാണാൻ രാമചന്ദ്രൻ അനന്തനോട് പറഞ്ഞു. എന്നാൽ അവനത് ചെവി കൊണ്ടില്ല.
     കുറച്ച് ദിവസങ്ങൾക്കു ശേഷം രാമചന്ദ്രനും ഭാര്യയ്ക്കും അനന്തനും വല്ലാത്ത പനിയും ചുമയും തലവേദനയും ഒക്കെ വന്നു. അവർ മൂന്ന് പേരും മാസ്ക്ക് ധരിച്ച് വീടിനടുത്തുള്ള ഡിസ്പൻസറിയിൽ കാണിച്ചു. ഡോക്ടർ അനന്തനെ ഒരുപാടു വഴക്കു പറഞ്ഞു
     "നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് കാണിച്ചത് ! ദിവസവും പത്രത്തിലും ടി. വി. റേഡിയോയിലുമൊക്കെ പറയുന്നില്ലേ.. വിദേശത്ത് നിന്ന് വന്നവർ ഉടൻ തന്നെ റിപ്പോർട്ട്‌ ചെയ്യണമെന്ന് !എന്ത് കൊണ്ട് നിങ്ങൾ ചെയ്തില്ല? "
     അവർ മൂന്നു പേരെയും ഉടൻ തന്നെ ഏറ്റവും അടുത്ത ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രാമചന്ദ്രന്റെ മറ്റു രണ്ടു മക്കളെയും, അവിടെയുള്ള പ്രദേശവാസികളെയും നിരീക്ഷണത്തിലാക്കി.
     ഏകദേശം പതിനാല് ദിവസത്തോളം രാമചന്ദ്രനും ഭാര്യയും അനന്തനും ഒരോ ഐസൊലേഷൻ വാർഡിലായിരുന്നു.
     ആ ഏകാന്തത അയാളെ ആദ്യമൊക്കെ അസ്വസ്ഥനാക്കിയെങ്കിലും പിന്നീട് അയാൾ ആ ഏകാന്തതയോട് ഇണങ്ങി.അതിഷ്ടപ്പെട്ടു തുടങ്ങി! എന്നായാലും ഒരു ദിവസം പോവേണ്ടതല്ലേ.. !പിന്നെന്താ.. !ഇതായിരുന്നു ചിന്ത!
      തന്റെ ഭാര്യയും മകനുമൊക്കെ സുഖം പ്രാപിച്ച് ആശുപത്രി വിട്ടുവെന്ന് രാമചന്ദ്രൻ അറിയുന്നുണ്ടായിരുന്നു. എന്നാൽ താൻ മാത്രം ബാക്കിയായി.. !
     വീണ്ടും കുറച്ചു ദിവസം അയാളെ ഐസൊലേഷൻ വാർഡിലാക്കി.
     താൻ ഭാര്യയോട് പറഞ്ഞ പോലെ ഒരാറടി മണ്ണിലേക്ക് പോവാറായെന്ന് തോന്നുന്നു..
      ഒരു ദിവസം രാത്രി ഡോക്ടർ രാമചന്ദ്രന്റെ ഐസൊലേഷൻ വാർഡിൽ പരിശോധനയ്ക്കായെത്തി
     "ഞാൻ തീരാറായി അല്ലെ ഡോക്ടറെ.. "
     " ഹേയ്.. അങ്ങനെയൊന്നും പറയല്ലേ.. ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. ഒരിത്തിരിക്കുഞ്ഞൻ വൈറസ് കാരണം മനുഷ്യ രാശിക്കുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കൂ..
     പൊരിച്ചതും കരിച്ചതും ചിക്കനും മട്ടനും നിർബന്ധമായിരുന്ന മനുഷ്യർക്ക്‌ ഇപ്പോൾ കഞ്ഞീം ചമ്മന്തീം ചക്കക്കുരൂം ഒക്കെയാ പ്രിയം.. പ്രകൃതീടെ കാര്യം പറയുകയാണെങ്കിലോ.. അന്തരീക്ഷം അപ്പാടെ ശുദ്ധമായി..
     എല്ലാത്തിനുമുണ്ടായ ഈ മാറ്റം.. അതൊക്കെ ചിന്തിച്ചാ തന്നെ അസുഖം പാതി മാറീന്ന് പറയാം..
     നിങ്ങളുടെ ഒരു ടെസ്റ്റ്‌ റിപ്പോർട്ട്‌ കൂടി വരാനുള്ളത് കൊണ്ടാണ് നിങ്ങളെ കുറച്ചു ദിവസം കൂടി ഇവിടെ കിടത്തിയത്. നാളെ നിങ്ങക്ക് പോവാം... അത് പറയാനാ ഞാൻ വന്നത്.."ഡോക്ടറുടെ ആ വാക്കുകൾ അയാളുടെ മനസ്സിൽ ആശ്വാസത്തിന്റെ പൂത്തിരി കത്തിച്ചു...
     മരണഭയം മാറിയ മനസ്സോടെ അയാൾ പിറ്റേന്ന് വീട്ടിലേക്ക് മടങ്ങി...
     എന്നാൽ വീട്ടിലെത്തിയപ്പോൾ വരാന്തയിലും മുറ്റത്തുമായി ചിലർ സാമൂഹിക അകലം പാലിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
     "ഈശ്വരാ.. എന്തു പറ്റി.. !"
     അടുത്തെത്തിയപ്പോഴാണ് അയാൾ അവരെ തിരിച്ചറിഞ്ഞത്.. തനിക്ക് കടം തന്നവരാണവർ...
     പക്ഷേ അവർ ഇന്ന് വഴക്കിനു വന്നതല്ല...
     അവരിലൊരാൾ പറഞ്ഞു..
     "അതിജീവനത്തിന്റെ പാതയിലൂടെ കടന്നു വന്ന നിങ്ങളുടെ മനസ്സിന്റെ നിശ്ചയദാർഢ്യം പ്രശംസനീയം തന്നെ...താങ്കളേപ്പൊലുള്ളവർക്കു മുന്നിൽ കൊറോണ ഉറപ്പായും തോൽക്കും.. "അപ്പോൾ അവിടേക്ക് കയറി വന്ന പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു.
     "നമ്മൾ ജയിക്കും .. നമ്മളേ ജയിക്കൂ.. "
     

നിരഞ്ജന
9 D കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ