കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിൽ

അതിജീവനത്തിന്റെ പാതയിൽ


"ഈ പ്രപഞ്ചത്തിൽ ഒന്നും ശാശ്വതമല്ല - നമ്മുടെ കഷ്ടതകൾ പോലും......" _ ചാർലി ചാപ്ലിൻ _ ഭാരതം സമ്പൂർണ്ണ ലോക്ക്‌ ഡൗണിൽ ആണ്. കൊറോണ വൈറസ് എന്ന ആഗോള മഹാമാരിയെ തുരത്താൻ ആണിത്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട രോഗം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ലോകമാകെ വ്യാപിച്ചത്. വളരെ ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന നമ്മൾ ഉൾപ്പെടെയുള്ളവരുടെ എല്ലാം ദൈനംദിന ജീവിതം നിശ്ചലമായത് വളരെ പെട്ടെന്നായിരുന്നു. അനിയന്ത്രിതമായ വിധം വ്യാപിച്ച രോഗത്തെ തടയാൻ നമ്മുടെ ഭരണാധികാരികൾക്ക് മുൻപിൽ സമ്പൂർണ്ണ ലോക ഡൗൺ അല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. പുറം ലോക കാണാതെ വീടിന്റെ അതിർവരമ്പുകളിൽ കഴിഞ്ഞു കൂടേണ്ട 21 ദിവസം. അതുവരെ, ആവശ്യമില്ലെങ്കിൽ പോലും പലപ്രാവശ്യം പുറത്തിറങ്ങുന്ന നമ്മൾ മലയാളികൾക്ക് അത് ചിന്തിക്കാനേ കഴിയില്ല. കേരളത്തിലെ, ഭാരതത്തിലെ തന്നെ എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി. രാവിലെ എഴുന്നേൽക്കുമ്പോൾ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ ഭീകരമാണ് എന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാൽ നാഗരിക ജീവിതത്തിന്റെ തിരക്കിൽ നമ്മൾ ബോധപൂർവ്വം മറക്കുന്ന ചില കാര്യങ്ങളുണ്ട്. ചെടികൾ നടാനും, വീട് വൃത്തിയാക്കാനും, ദൈനംദിന ജോലികളിൽ മറ്റുള്ളവരെ സഹായിക്കാനും, കലാപരമായ സർഗ്ഗ ശേഷികൾ വർദ്ധിപ്പിക്കാനും നമുക്ക് ഈ സമയം ഉപകരിക്കും . ഇത് ഞാൻ മനസ്സിലാക്കിയത് എന്റെ അനുഭവത്തിലൂടെ ആണ്. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത ഒന്നായ കൊറോണ എന്ന വൈറസ് മൂലം ഉണ്ടാകുന്ന രോഗമായ covid 19 നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ ഉണ്ട്. "ശാരീരിക അകലം, സാമൂഹിക ഒരുമ" എന്ന മുദ്രാവാക്യം പോലെ വീടുകളിൽ കഴിഞ്ഞ നമുക്ക് അതിന്റെ സാമൂഹവ്യാപനം തടയാൻ സാധിക്കും. നിപ്പയെ നേരിട്ടത് പോലെ നമുക്ക് ഇതിനെയും നേരിടാൻ കഴിയും.. ഈ സമയവും കടന്നു പോകും എന്ന ബീർബലിന്റെ മഹത് വാക്യം ഈ സമയത്ത് വളരെ പ്രസക്തിയുള്ളതാണ്. കൊറോണ കാലത്തെ അനുഭവങ്ങൾ ജീവിതത്തിൽ എന്നെന്നും ഓർക്കാൻ ഉള്ള വക നൽകുന്നു. ചിരിക്കൊപ്പം ചിന്തയും പ്രദാനം ചെയ്ത ചാർളി ചാപ്ലിന്റെ വചനവും നമുക്ക് പ്രചോദനം നൽകുന്നു. " ഈ പ്രപഞ്ചത്തിൽ ഒന്നും ശാശ്വതമല്ല - നമ്മുടെ കഷ്ടതകൾ പോലും......" ലോക്ക് ഡൗൺ കാലത്തെ അനുഭവങ്ങൾ നമുക്ക് നൽകുന്നത് പുതിയൊരു ജീവിത വീക്ഷണമാണ്. കഷ്ടതകൾ മാറി പുതിയൊരു പുലരി വിടരും എന്ന പ്രതീക്ഷയാണ് ഇന്ന് ഓരോ മലയാളികൾക്കും. കൊറോണ എന്നെ മഹാവിപത്തിനെ ഒറ്റകെട്ടായി നമുക്ക് നേരിടാം...

ആമിന സാദത്ത്
9 A കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം