ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/എന്റെ ഗ്രാമം

കുമ്പളങ്ങി എന്റെ ഗ്രാമം

ദൈവത്തിൻറെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ ദൈവത്തിൻറെ കൈയ്യൊപ്പ് പതിഞ്ഞ ഒരു ദേശമാണ് എൻറെ ഗ്രാമമായ കുമ്പളങ്ങി ഗ്രാമം ദൈവത്തിൻറെ സുന്ദരമായ കരവേല എന്നും എന്റെ നാടിനെ വിശേഷിപ്പിക്കാം.അത്രയ്ക്ക്  പ്രകൃതി രമണീയമാണ് ഇവിടം. പ്രകൃതിയുടെ വരദാനമായ വേമ്പനാട്ടുകായലിനാൽ ചുറ്റപ്പെട്ട ഒരു ഭൂപ്രദേശം. നിറയെ ജലാശയങ്ങളാലും വെട്ടി ഒരുക്കിയ കുളങ്ങളാലും നോക്കെത്താദൂരത്തോളം വെട്ടിയൊതുക്കിയ പൊക്കാളി പാടങ്ങളാലും കുറ്റിക്കാടുകളാലും അവിടവിടങ്ങളിൽ ഓരോ കാലഘട്ടത്തിനനുസരിച്ച് വിരുന്നിനെത്തുന്ന ദേശാടനപക്ഷികളാലും മറ്റും , മറ്റു വിവിധതരംവർണ്ണക്കിളികളാലും അവയുടെ ഇമ്പമാർന്ന കൊഞ്ചലുകളാലും ദൈവത്തിൻറെ കയ്യിലെ തമ്പുരു പോലെ ഒരു ഗ്രാമം .  ജലാശയങ്ങളിലൂടെ ചെറു വള്ളങ്ങളിൽ ഒന്ന് കറങ്ങിയാൽ കാണുന്ന ഗ്രാമക്കാഴ്ചകൾ ഹൃദയത്തിൽ ഒരിക്കലും മായാത്ത നിറച്ചാർ ത്തൊരുക്കും. ജലാശയങ്ങൾ മത്സ്യസമ്പത്തിനാൽ  സമ്പുഷ്ടമാണ്. വിവിധ തരം മത്സ്യങ്ങളിൽ കരിമീനും കൊഞ്ചു മൊക്കെ  എന്റെ ഗ്രാമത്തിൽ സുലഭമാണ് .ഒപ്പം ചെമ്മീൻ, ഞണ്ട്, സിലോപ്പി തുടങ്ങിയ വിവിധയിനം മത്സ്യങ്ങളുടെ വളർത്തു കേന്ദ്രങ്ങളും എൻ്റെ ഗ്രാമമായ കുമ്പളങ്ങിയിൽ ഉണ്ട് .എൻെറ ഗ്രാമത്തിൻറെ ഏറ്റവും പ്രധാനപ്പെട്ടത് രുചിക്കൂട്ട് തന്നെയാണ്. വിവിധതരം നാടൻ പരമ്പരാഗത ഭക്ഷണം ഒരുക്കുന്നതിൽ മിടുക്കരാണ് എൻറെ ഗ്രാമത്തിലെ കുമ്പളങ്ങിക്കാർ . വിവിധതരം പലഹാരങ്ങളും കറികളും കുമ്പളങ്ങിയുടെ രുചി ഇതിനകം വിദേശരാജ്യങ്ങളിൽ വരെ എത്തിയിട്ടുണ്ട്. കുമ്പളങ്ങി വിഭവങ്ങളും രുചിയും  ഒരിക്കൽ അറിഞ്ഞിട്ടുള്ളവർ  വർഷം എത്ര കഴിഞ്ഞാലും നാവിൻ തുമ്പിൽ ആ രുചി ഒളിപ്പിച്ച്  വീണ്ടും വീണ്ടും കുമ്പളങ്ങിയെ തേടിയെത്തുന്നു. ശാന്തമാണ് എൻറെ ഗ്രാമം . നഗരത്തിലെ ചൂടിൽ നിന്ന് പ്രകൃതിയുടെ കുളിരിലേക്ക് കാലെടുത്തു വയ്ക്കുന്നത് പോലെ എന്റെ ഗ്രാമത്തിലേക്ക് വരുന്നവർക്ക് അനുഭവപ്പെടും .അത്രയ്ക്ക് പ്രകൃതി തണൽ വിരിച്ച ഗ്രാമം . ലോകത്തിലെ ആദ്യ ടൂറിസം ഗ്രാമം കുമ്പളങ്ങി.