സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെന്റ്‌ ഫ്രാൻസീസ് അസ്സീസിയുടെ  ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ  രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതി മറക്കാത്തതും  വിനയാന്വിതമായ അനുസരണയുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദ പാഷന്റെ വിശ്വദർശനം.

ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ടുപോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി സന്യാസസമൂഹം വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കു ന്നവരുടെയും അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ച ലക്ഷ്യമാക്കി അദ്ധ്യാത്മികവും സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് പരിശീലനം നൽകികൊണ്ട് മറ്റുള്ളവരുമായി സത്യത്തിനും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്നു.

സമൂഹത്തിൽ സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തേണ്ടതിന്റെ  ആവശ്യകത  മനസ്സിലാക്കിയ  അന്നത്തെ എഫ്.എം.എം. സിസ്റ്റേഴ്സ് തോപ്പുംപടിയിൽ ഒരു വിദ്യാലയം ആരംഭിക്കുവാൻ തീരുമാനിച്ചു. പ്രീപാരിറ്ററി, ഒന്നാം ക്ലാസ് എന്നിങ്ങനെ രണ്ട് ക്ലാസ്സുകളിലായി 15 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമായി 1935  - ൽ ഔവർ ലേഡീസ് കോൺവെൻറ് സ്കൂൾ ആരംഭിച്ചു. ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. 1941  -  എല്ലാ വിധസംവിധാനങ്ങളും ഉള്ള ഒരു ഹൈസ്കൂൾ ആയി അത് മാറി. വിദ്യാലയം സ്ഥാപിതമായ കാലത്ത് ഈ വിദ്യാലയത്തിൽ എത്തിച്ചേർന്ന കുട്ടികൾ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്ന വിഭാഗങ്ങളിൽ ഉൾപെടുന്നവർ ആയിരുന്നു. സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയപ്പോൾ പെൺകുട്ടികളുടെ മാത്രം വിദ്യാലയമായി പരിണമിച്ചു .

  കാലക്രമേണ ഓല ഷെഡിൽ നിന്നും ചെറിയ ഒറ്റ നില കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. മട്ടാഞ്ചേരി മുതൽ തോപ്പുംപടി, പള്ളൂരുത്തി, ഇടക്കൊച്ചി , തീരപ്രദേശമായ   ചെല്ലാനം, കണ്ണമാലി, എന്നിവങ്ങളിൽ നിന്നും പെൺ കുട്ടികൾ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തിൽ വന്നിരുന്നു.     തോപ്പുംപടി പഴയ പാലത്തിൽ നിന്ന് മുന്നോട്ടു വരുമ്പോൾ കാണുന്ന പഴയ വാട്ടർ ടാങ്കിനു സമീപമുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അത്ഭുതമാതാവിന്റെ പള്ളിയോടു ചേർന്നാണ് ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് സ്കൂൾസ് സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് തൊട്ടടുത്തായി പെട്രോൾ പമ്പും ഹാർബറും പ്രവർത്തിക്കുന്നു.   

സ്ഥല പേര് - പള്ളൂരുത്തി

നിലവിലുള്ള ചരിത്ര  രേഖകളിൽ ഒന്നും തോപ്പുംപടിയെ കുറിച്ച് യാതൊരു പരാമർശവും കാണുന്നില്ല. പഴയ പാലത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് തോപ്പുംപടിയുടെ ചരിത്രം വില്ലിങ്ടൺ ഐലന്റിനെ തോപ്പുംപടിയുമായി ബന്ധിപ്പിക്കുന്ന, കപ്പൽ വരുമ്പോൾ ഉയർത്താൻ പറ്റുന്ന പാലം, ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ സ്മാരകമാണ് .

വേമ്പനാട്ടു കായലിനെ അഭിമുഖീകരിച്ചു കിടക്കുന്ന കൊച്ചിയിലെ പള്ളൂരുത്തി ചരിത്ര പ്രസിദ്ധമാണ്. പള്ളൂരുത്തിയോട് ചേർന്ന് കിടക്കുന്ന ഭാഗങ്ങളിലെ സ്ഥാപനങ്ങളുടെ കൂടെ പള്ളൂരുത്തി എന്ന് ചേർക്കുന്ന രീതിയാണുണ്ടായിരുന്നത് അതുകൊണ്ടു സ്കൂളിന്റെ പേരിനോടൊപ്പം പള്ളൂരുത്തി എന്ന് ചേർത്തു.

തോപ്പുംപടി പ്രേദേശത്തെ ജന്മിമാരുടെ ആശ്രിതർ, ടിൻ കമ്പനി , ബ്രണ്ണൻ  കമ്പനി, പണ്ടികശ്ശാല, മൽസ്യബന്ധനം എന്നീ  മേഖലകളിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന സാധരണക്കാരായിരുന്നു . ഭൂരിഭാഗം സ്ത്രീകൾക്ക്  വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സാഹചര്യം  ലഭിച്ചിരുന്നില്ല.  ഇത്തരം സാമൂഹിക ചുറ്റുപാടിലാണ് എഫ് .എം .എം.  സന്യാസിനി സമൂഹം പെൺകുട്ടികൾക്കുള്ള വിദ്യാലയം സ്ഥാപിക്കുന്നത് .  

ലക്ഷ്യങ്ങൾ

ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹം മദർമേരി ഓഫ് ദി ഫാഷന്റെ വിദ്യാഭ്യാസ ദർശനത്തിന് അനുസൃതമായി വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതികൂലസാഹചര്യങ്ങളിൽ പെട്ട്  അവസരങ്ങൾ നഷ്ടപ്പെട്ടവരുടെയും സമഗ്രവളർച്ചയെ ലക്ഷ്യമാക്കി ആധ്യാത്മികവും ധാർമികവും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവും വൈകാരികവുമായ വികസനത്തിന് പരിശീലനം നൽകി, മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ച്, നീതിയിലധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാൻ വിദ്യാർഥിനികളെ പ്രാപ്തരാക്കുന്ന സ്ഥാപനം.

 
1974-75