എത്ര മൊഴിഞ്ഞാലും തീരുകില്ല മാതേ
നിൻ ചാരുതയൊട്ടു മായുകില്ല
ചന്തമേറും നിന്റെ സ്മേരം കാണ്മേ
അർഭകനായി ഞാനാമോദിച്ചു.
പുലർകാലെ പൂർവ്വ ദിങ്മുഖത്തിങ്കൽ
പ്രാദുർഭവിക്കുമിനൻ പോലെ
നിന്നുടെ അക്ഷികളെത്ര ശോഭം
കാണ്മതിലോ പുണ്യ ഭാഗ്യവും താൻ.
ചേണുറ്റ രാജ്‌ഞിയുടേതു പോലെ താൻ
ഹരിത നിറമേറും നിൻ വസനം
നിന്നുടെ ആഗമനമറിയിപ്പാൻ
വർഷം പൊഴിക്കുന്നു അംബുദങ്ങൾ
മക്കളാം ഞങ്ങൾക്കായ് ഭംഗിയേറും
സൂനപാദപങ്ങൾ ദൃശ്യമാക്കി
സർവ്വസഹജമാം മഹി തന്നിൽ
പ്രകൃതിയേറ്റം മനോഹരി !
പ്രകൃതി നിൻ വപുസ്സിൽ നിന്നു നൽകും
ജലവും ഫലങ്ങളും ഞങ്ങൽക്കന്നം
സ്വമേനി മക്കൾക്കു ഛേദിച്ചു നൽകും
പെലിക്കൻ പക്ഷിക്കു സാദൃശ്യം താൻ.
``````````````````````