എന്റെ ഗ്രാമം
അതൊരു മഴക്കാലമായിരുന്നു. കാർമേഘപടലങ്ങൾ നീക്കി പ്രഭാതസൂര്യകിരണങ്ങൾ അതിരാവിലെ തന്നെ മുറ്റത്തു വന്നു പതിച്ചു അടുക്കളയിൽ നിന്ന് ഉള്ള ശബ്‌ദം കേട്ട് ഉണ്ണിക്കുട്ടൻ ഉറക്കം ഉണർന്നു അവന് അന്ന് ഒരുപാട് സന്തോഷമുള്ള ദിവസമായിരുന്നു. വാർഷികപരിഷ എല്ലാം അവസാനിച്ച് അവധികാലം ആഘോഷിക്കാനുള്ള തിരക്കിലായിരുന്നു ഉണ്ണിക്കുട്ടൻ അവൻ ഉറക്കം ഉണർന്നപ്പോൾ തന്നെ അടുക്കളയിലേക്കോടി അമ്മയോട് പറഞ്ഞു നമ്മൾ ഇന്നല്ലേ മുത്തശ്ശന്റെ അടുത്ത് പോകുന്നത്. അതെ, മോൻ പോയി ഒരുങ്ങി വരൂ. ഉണ്ണിക്കുട്ടന് വളരെ സന്താഷമായി കാരണം അവൻ ആദ്യമായിട്ടാണ് ഗ്രാമത്തിൽ പോകുന്നത്. ഉണ്ണിക്കുട്ടൻ ജനിച്ചത് പട്ടണത്തിലാണ് അവന് പരിചയം ഉള്ളത് ഫ്ലാറ്റിലെയും പട്ടണത്തിലെയും പരിസരവും ചുറ്റുപാടുമാണ്. അതുകൊണ്ട് തന്നെ ആദ്യമായി ഗ്രാമത്തിൽ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ഉണ്ണിക്കുട്ടൻ. ഗ്രാമത്തിൽ നിറയെ മലകളും പൂത്തുലഞ്ഞുനിൽക്കുന്ന മരങ്ങളും കളകളം ഒഴുകുന്ന പുഴകളും പുഞ്ചിരിച്ചു നിൽക്കുന്ന തൊടിയിലെ പുഷ്പങ്ങളും എല്ലാം തന്നെ അവൻ അമ്മ പറഞ്ഞു തന്നിട്ടുള്ള കഥയിൽ കേട്ടിട്ടുണ്ട്. ഗ്രാമത്തിലേക്കുള്ള യാത്രയിൽ ഇതായിരുന്നു ഉണ്ണിക്കുട്ടൻ മനസ്സിൽ.
നേരം ഇരുട്ടായപ്പോഴാണ് ഉണ്ണിക്കുട്ടനും കുടുംബവും തറവാട്ടിൽ എത്തിയത്. അപ്പോഴേക്കും ഉണ്ണിക്കുട്ടൻ ഉറക്കം പിടിച്ചിരുന്നു. പിറ്റേന്ന് രാവിലെ യാത്രയുടെ ക്ഷീണം കാരണം ഉണ്ണിക്കുട്ടൻ വൈകിയാണ് ഉറക്കമുണർന്നത്. കിളികളുടെ കലപില ശബ്ദവും പൂച്ചയുടെയും പശുവിന്റയും ശബ്ദം ഒക്കെ കേട്ടാണ് ഉണ്ണിക്കുട്ടൻ ഉണർന്നത്. അവൻ നേരെ മുറ്റത്തെത്തി അവിടെ ഉണ്ണിക്കുട്ടന്റെ ജീവിതത്തിൽ അവൻ ഇതുവരെയും കാണാത്ത കാഴ്ചകൾ കണ്ടു. നിലം ഉഴുന്ന കാള, അങ്ങ് ദൂരെ കോടമഞ്ഞിനെ പുതപ്പ് ആക്കി അണിഞ്ഞിരിക്കുന്ന മലകൾ, തൊടി നിറയെ പൂക്കൾ, അതിൽ ഏറ്റവും ഉയർന്ന പൂത്തുലഞ്ഞുനിൽക്കുന്ന വാകമരങ്ങൾ, പലനിറത്തിൽ പാറിപ്പറക്കുന്ന കിളികൾ, ഇതെല്ലാം തന്നെ ഉണ്ണിക്കുട്ടൻ ആദ്യമായി കാണുകയാണ്. ഉണ്ണിക്കുട്ടൻ മനസ്സിലോർത്തു, ഞാൻ ജീവിക്കുന്ന പ്രകൃതിയിൽ ഇത്രയും മനോഹരമായ കാഴ്ചകൾ ഉണ്ടായിരുന്നുവോ എന്ന്. ഉണ്ണിക്കുട്ടന് വളരെ സന്തോഷമായി. മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം അവൻ ഗ്രാമം ആകെ കളിച്ചു നടന്നു ഉണ്ണിക്കുട്ടന് തോന്നി പട്ടണത്തെകാളും നല്ലത് ഗ്രാമ പരിസ്ഥിതി ആണെന്ന്. ഗ്രാമത്തിലെ ജീവിതം ഉണ്ണിക്കുട്ടൻ ഏറെ ഇഷ്ടമായി. ഞാൻ വലുതായി ഗ്രാമത്തിൽ തന്നെ ജീവിക്കും എന്ന് അവൻ ഉറപ്പിച്ചിരുന്നു. പുഴയിൽ കളിച്ചും, വാഴ ചുണ്ടിലെ തേൻ നുകർന്നും, പൂക്കൾ പറിച്ചും, പ്രകൃതിയുടെ രമണീയത അവൻ ഏറെ ആസ്വദിച്ചു.
പച്ച പുതച്ച് നിൽക്കുന്ന മലനിരകൾ, കളകളം ഒഴുകുന്ന നദികൾ. നടുമുറ്റത്തെ തുളസിത്തറ, അമ്പല കാവിലെ താമരക്കുളം. ഇതെല്ലാം ഉണ്ണിക്കുട്ടൻ മനസ്സിൽ മായാതെ കിടന്നു. പരിസ്ഥിതിയുടെ മനോഹരമായ ദൃശ്യം അവൻ എന്നും മനസ്സിൽ സൂക്ഷിച്ചു. വർഷങ്ങൾ കടന്നുപോയി. ഉണ്ണിക്കുട്ടൻ വളർന്ന പരിസ്ഥിതിക്ക് വേണ്ടി പോരാടുന്ന ഒരാളായി മാറി എന്നിട്ടും അവന്റെ മനസ്സിലെ ഗ്രാാമം പോയില്ല.
ഇനിയുള്ള കാലം ഗ്രാമത്തിൽ താമസിക്കും എന്ന ദൃഢനിശ്ചയത്തോടെ ഉണ്ണിക്കുട്ടൻ ഗ്രാമത്തിൽ ചെന്നു. പക്ഷേ അവിടെ കണ്ട കാഴ്ച അവനെ അമ്പരപ്പിച്ചു കളഞ്ഞു. നാലുകെട്ട് തറവാടിന്റെ സ്ഥാനത്ത് ഒരു രണ്ടുനില കെട്ടിടം. തൊടിയിലെ മനോഹരമായ പൂക്കൾക്ക് പകരം പ്ലാസ്റ്റിക് ചട്ടിയിൽ നിൽക്കുന്ന കള്ളിച്ചെടികൾ. അവൻ അവിടെ എല്ലാം തിരഞ്ഞു. അവിടെ മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നില്ല. എങ്ങും ഒരു പച്ചപ്പ് പോലും കാണാനില്ല. പണ്ട് നിലം ഉഴുതുന്ന വയലിനു പകരം അവിടം ഇപ്പോൾ കാറ്റാടിപ്പാടങ്ങൾ ആയി മാറിയിരിക്കുന്നു. അവൻ ജീവിക്കുന്ന പട്ടണത്തെക്കാളും ആ കൊച്ചു ഗ്രാമം ആകെ മാറിയിരിക്കുന്നു. ഗ്രാമ പരിസ്ഥിതിയുടെ മാറ്റം കണ്ട് തളർന്ന മനസ്സുമായി അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു.. നല്ലൊരു നാളേക്ക് വേണ്ടി.... നല്ലൊരു പ്രകൃതിക്കുവേണ്ടി....... നല്ലൊരു പരിസ്ഥിതിക്ക് വേണ്ടി.......
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ
|