ഭൂരിപക്ഷം പാസാക്കിയ
പൊതുജന നിഘണ്ടുവിലെ
വാക്കുകളിലൊന്നിന് അർഥ വ്യത്യാസം
അടുത്തിടെയാണ് ശ്രദ്ധയിൽപ്പെട്ടത്.
പ്രതിരോധം.
ഇന്നലെ ചേർത്തിരുന്ന യർഥം
അറയ്ക്കാനറിയാത്ത തോക്കിൻ കുഴലായിരുന്നു,
കാണാനറിയാത്ത വിമാനങ്ങളായിരുന്നു,
കൂന കൂട്ടിവയ്ക്കുന്ന ആയുധങ്ങളായിരുന്നു,
നിരത്തി നിർത്തുന്ന മനുഷ്യക്കരുക്കളായിരുന്നു
ഇന്നലത്തെ നിറം ചുവപ്പായിരുന്നു.
പ്രതിരോധം.
ഇന്ന് ചേർക്കുന്നയർഥം
ഒഴിഞ്ഞു കൊടുത്ത നിരത്തുകളാണ്,
വീട്ടിലൊതുക്കിയ കളിയിടങ്ങളാണ്,
പകുത്തുനൽകുന്ന മരുന്നുകളാണ്,
കരുതലിൻ്റെ അകലങ്ങളാണ്.
കണ്ണിമുറിഞ്ഞ വൻകരകളാണ്,
ശല്യമൊഴിഞ്ഞ മേഘങ്ങളാണ്,
ഉറക്കംതീണ്ടാത്ത കണ്ണുകളാണ്,
മടിച്ചുനിൽക്കാത്ത കൈവിരലാണ്.
ഇന്നിൻ്റെ സ്വരം പ്രാർത്ഥനയാണ്.
ഭൂരിപക്ഷം പാസാക്കിയ
പൊതുജന നിഘണ്ടുവിലെ
വാക്കുകളിൽ പലതിനും അർത്ഥവ്യത്യാസം
അടുത്തദിവസങ്ങളിലാണ്
ശ്രദ്ധയിൽപ്പെട്ടത്.